Published On: Tue, Jun 13th, 2017

Test Ride * Harley Davidson Street Rod 750

IMG_3774

ഹാർലി ഡേവിഡ്‌സന്റെ എൻട്രി ലെവൽ ബൈക്കുകളിൽ ഏറ്റവും പുതിയ മോഡലാണ് സ്ട്രീറ്റ് റോഡ് 750. സ്ട്രീറ്റ് റോഡിനെ പരിചയപ്പെടാം.

എഴുത്ത്- ജുബിൻ ജേക്കബ്, ചിത്രങ്ങൾ- ജോസിൻ ജോർജ്

ഇരുചക്രവാഹനങ്ങളിൽ അമേരിക്കൻ മുഖമുദ്രയുമായെത്തി വിപ്ലവം സൃഷ്ടിച്ച ഹാർലി ഡേവിഡ്‌സൻ ഇന്ത്യയിലെത്തിയപ്പോൾ അവ റോഡുകളിൽ അപൂർവകാഴ്ചയായിരുന്നു. പക്ഷേ സ്ട്രീറ്റ് 750യുടെ വരവോടെ കഥ മാറി. ഹാർലി ഡേവിഡ്‌സൻ എന്നത് ഒരു വിദൂരസ്വപ്‌നമല്ല എന്ന നിലയിലെത്തി കാര്യങ്ങൾ. സെയിൽസ് ഗ്രാഫിലെ തരംഗമായി സ്ട്രീറ്റ് 750 മാറി. ആദ്യമായി ഇന്ത്യയിൽ നിർമ്മിച്ച ഹാർലി ഡേവിഡ്‌സനായ സ്ട്രീറ്റിന് അല്ലറചില്ലറ ബാലാരിഷ്ടതകളുമുണ്ടായിരുന്നു. ഫിറ്റ് ആൻഡ് ഫിനിഷിലെ പോരായ്മകളും, പുറത്തുകാണുന്ന വയറിംഗ് ഹാർനെസും, നിലവാരം കുറഞ്ഞ റബർ പാർട്ട്‌സുമൊക്കെ പരാതികളായും പരിഭവങ്ങളായും ഹാർലിയെ തേടിയെത്തി.

IMG_3548

പക്ഷേ ഹാർലിക്ക് അവ കണ്ടില്ലെന്നു നടിക്കാനായില്ല. സ്ട്രീറ്റിനെ മെച്ചപ്പെടുത്തിയെന്നു മാത്രമല്ല അതേ പ്ലാറ്റ്‌ഫോമിൽ പുതിയൊരു മോഡലിനെ വികസിപ്പിച്ചെടുക്കുകയും ചെയ്തു. അതാണിപ്പോൾ നമുക്കു മുന്നിലുള്ളത്. ഈ വർഷം രണ്ടു മോഡലുകളാണ് ഇന്ത്യയിൽ ഹാർലി ഇറക്കിയത്. റോഡ്സ്റ്ററും സ്ട്രീറ്റ് റോഡുമാണവ. സ്ഥിരം ക്രൂസർ ഇമേജിൽ നിന്നും മാറി ചിന്തിക്കാനുള്ള പ്രവണത ഈ രണ്ടു ബൈക്കുകളിലും കാണാം. പ്രത്യേകിച്ചും സ്ട്രീറ്റ് റോഡിൽ. ക്രോമിയത്തിന്റെ പൊലിമയിൽ തിളങ്ങിയിരുന്ന ഘടകങ്ങളത്രയും മാറ്റ് ബ്‌ളാക്കിൽ പൊതിഞ്ഞ് പുതിയൊരു ഭാവത്തിലാണ് ഹാർലി ഈ മോഡലുകളെ അവതരിപ്പിക്കുന്നത്. വി റോഡ് പോലെയുള്ള ഡ്രാഗ്സ്റ്റർ ബൈക്കുകളുടെ ശൈലിയാണ് ഹാർലി ഈ ബൈക്കുകളുടെ ഫിനിഷിലും അവലംബിച്ചിരിക്കുന്നതെന്ന് വ്യക്തം.

IMG_3522
അടിമുടി പരിഷ്‌കാരങ്ങളുമായി സ്ട്രീറ്റ് 750 എത്തിയതിനു പിന്നാലെ അതേ പ്‌ളാറ്റ്‌ഫോമിൽ മറ്റൊരു ബൈക്ക് കൂടി വരുമ്പോൾ സ്വാഭാവികമായുണ്ടാകാവുന്ന ആകാംക്ഷയ്ക്കുമപ്പുറമായിരുന്നു സ്ട്രീറ്റ് റോഡ് എന്നൊരു മോഡൽ കൂടി വിപണിയിലെത്തുമ്പോൾ, അതുകൊണ്ടു തന്നെ ഞാൻ കൂടുതൽ ജിജ്ഞാസയോടെയാണ് ഈ ബൈക്കിനെ സമീപിക്കുന്നത്… വരൂ, സ്ട്രീറ്റ് റോഡ് 750യിൽ ഒരു സവാരിയാവാം.

കാഴ്ച

ഞാൻ നേരത്തേ പറഞ്ഞതുപോലെ തന്നെ, ക്രോമിയത്തിന്റെ ആർഭാടങ്ങളില്ലാത്ത ഒരു ഡിസൈനാണ് സ്ട്രീറ്റ് റോഡിന്റെ കാര്യത്തിൽ ഹാർലി സ്വീകരിച്ചിരിക്കുന്നത്. മുന്നിലെ ചെറിയ ഫെൻഡറാണെങ്കിൽ 120/70 സൈസുള്ള ടയറിൽ പറ്റിച്ചേർന്നാണു നില്പ്. 43 എംഎം ഇൻവേർട്ടഡ് ഫോർക്കുകൾ എടുത്തുപറയേണ്ടുന്ന മറ്റൊരു മാറ്റമാണ്. സ്ട്രീറ്റിൽ ഇവ സാധാരണ ടെലസ്‌കോപ്പിക് ഫോർക്കുകളായിരുന്നു. ഇരട്ട ഡിസ്‌ക് ബ്രേക്കുകളാണ് സ്ട്രീറ്റ് റോഡിന്റെ മുൻവീലിനെ പിടിച്ചുനിർത്തുന്നത്.

IMG_3576

ഹെഡ്‌ലാമ്പിനെ പൊതിഞ്ഞ് മേലേക്കുയരുന്ന ഫെയറിങ്ങ് സ്ട്രീറ്റ് 750യിൽ കണ്ടതിനു സമാനമാണ്. മുന്നിൽ നിന്നുള്ള കാഴ്ചയിൽ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു ഘടകം ഇവന്റെ റേഡിയേറ്ററാണ്. അതിനു പിന്നിലായി ഇരു സിലിൻഡറുകൾക്കു നടുവിൽ നിന്നും സ്ട്രീറ്റ് റോഡ് എന്ന മേലെഴുത്തോടെ പുറത്തേക്കു നിൽക്കുന്ന വലിയ എയർഫിൽട്ടർ ഹൗസിങ്ങ്. ഇരു സിലിൻഡറുകളിൽ നിന്നും വളഞ്ഞുപുളഞ്ഞ് മെയിൻ മഫ്‌ളറിലേക്കെത്തുന്ന എക്‌സ്‌ഹോസ്റ്റ് പൈപ്പുകളുടെ ഹീറ്റ്ഗാർഡുകൾ കൂടുതൽ പൊലിമ പകരുന്നുണ്ട്. സ്പ്‌ളിറ്റ് സീറ്റുകളും പിൻഫെൻഡറുമൊക്കെ സ്‌പോർട്ടി ഭാവം കൊണ്ടുവരുമ്പോൾ 2:1 എക്‌സ്‌ഹോസ്റ്റ് സിസ്റ്റം തികച്ചും ലളിതമായി തുടരുന്നു. ഇരട്ട ഷോക്ക് അബ്‌സോർബറുകളാണ് പിന്നിലെ സസ്‌പെൻഷനിലുള്ളത്. പിൻഫെൻഡറിൽ നിന്നും തെളിഞ്ഞുകാണാവുന്ന ടെയ്ൽലാമ്പും ആംബർ നിറമുള്ള ഇൻഡിക്കേറ്ററുകളും ക്‌ളാസ്സി ഫീൽ പകരുന്നു.

റൈഡ്

സ്ട്രീറ്റ് 750യിലുള്ള അതേ 749 സിസി വി ട്വിൻ എഞ്ചിനാണ് സ്ട്രീറ്റ് റോഡിലുമുള്ളത്. റെവല്യൂഷൻ എക്‌സ് പരമ്പരയിൽ പെട്ട ഈ എഞ്ചിൻ ലിക്വിഡ് കൂൾഡാണ്. സ്ട്രീറ്റിൽ നിന്നും വ്യത്യസ്തമായി വലിയ ത്രോട്ട്ൽ ബോഡികളും ഡ്യുവൽ പോർട്ട് ഇഞ്ചക്ഷനുമാണ് സ്ട്രീറ്റ് റോഡിനുള്ളത്.. സ്റ്റാർട്ട് ചെയ്തപ്പോൾ വലിയ ബഹളങ്ങളില്ലാതെ സ്ട്രീറ്റ് റോഡ് ഉണർന്നു. 2:1 എക്‌സ്‌ഹോസ്റ്റായതിനാൽ ഹാർലിയുടെ തനതായ ശബ്ദഗാംഭീര്യമൊന്നും പ്രതീക്ഷിക്കേണ്ട. പക്ഷേ മുമ്പ് ഞാൻ ടെസ്റ്റ് റൈഡ് ചെയ്തിട്ടുള്ള ഹാർലി ബൈക്കുകളെ അപേക്ഷിച്ച് വളരെ റിഫൈൻഡാണ് സ്ട്രീറ്റ് റോഡെന്ന് പെട്ടെന്നു തന്നെ മനസ്സിലായി. പോക്കറ്റ് റോഡുകളിലൂടെ ഞാൻ സ്ട്രീറ്റ് റോഡുമായി നീങ്ങി. അതിന്റെ ഉദ്ദേശം മറ്റൊന്നുമല്ല. കുറഞ്ഞ വേഗതയിൽ എഞ്ചിനിൽ നിന്നുള്ള ചൂടു കൊണ്ട് സഹികെട്ടുപോകുന്ന തരത്തിലുള്ള ഒരു ബൈക്കാണോ സ്ട്രീറ്റ് റോഡ് എന്നറിയണം. പക്ഷേ അങ്ങനെയൊന്നുണ്ടായില്ലെന്നത് ഏറെ ആശ്വാസകരം. പക്ഷേ സിറ്റി ട്രാഫിക്കിൽ അനങ്ങാതെ നിൽക്കുമ്പോൾ ചൂടുണ്ടാവും.

IMG_3719
ഹൈവേയിലേക്കു കയറിയുള്ള പരീക്ഷണമാണ് ഇനി. സ്ട്രീറ്റ് 750യല്ല സ്ട്രീറ്റ് റോഡ് 750 എന്ന് ആദ്യ ഷിഫ്റ്റിൽ തന്നെ മനസ്സിലായി. റെവ് ലിമിറ്റർ 8000 ആർപിഎമ്മിൽ നിന്നും 9000 ആർപിഎമ്മിലേക്ക് ഉയർത്തിയിട്ടുണ്ട്. കരുത്തുറ്റ പ്രകടനത്തോടെ സ്ട്രീറ്റ് റോഡ് ഹൈവേയിലൂടെ മൂളിപ്പറന്നു. ഹാൻഡ്‌ലിങ്ങിനെപ്പറ്റിയും എടുത്തു പറയേണ്ടതുണ്ട്. ഒരല്പം മുന്നോട്ടാഞ്ഞ് ഇരിക്കേണ്ടുന്ന റൈഡിങ്ങ് പൊസിഷനായതു കൊണ്ട് വളവുകളിലും മറ്റും ഒരു മടിയും കൂടാതെ ലീൻ ചെയ്യാം. സ്ട്രീറ്റ് റോഡ് അതിനനുസരിച്ച് പെരുമാറുന്നുമുണ്ട്.
ബ്രേക്കിങ്ങായിരുന്നു സ്ട്രീറ്റ് 750 ഇറങ്ങിയ സമയത്ത് ഹാർലിയുടെ തലവേദന, എന്നാൽ പുതിയ സ്ട്രീറ്റിനും സ്ട്രീറ്റ് റോഡിനും എബിഎസ് നൽകിയതോടെ ഭയമേതുമില്ലാതെ ഈ വാഹനത്തെ വരുതിക്കു നിർത്താം.
അവസാന വാക്ക്
ഇതു വരെ ഓടിച്ചിട്ടുള്ള ഹാർലികളിൽ മികച്ചതെന്ന് പറയാവുന്ന ബൈക്കുകളിലൊന്നാണ് സ്ട്രീറ്റ് റോഡ് 750. അനായാസമായി കൈകാര്യം ചെയ്യാനാവുന്ന, വളരെ റിഫൈൻഡ് ആയ ഒരു എൻട്രി ലെവൽ ബൈക്കാണ് ഹാർലി അവതരിപ്പിച്ചിട്ടുള്ളത്. സ്ട്രീറ്റ് 750യെക്കാൾ അല്പം വിലക്കൂടുതലുണ്ടെങ്കിലും വിപണിയിലെ വിജയം ആവർത്തിക്കാൻ അതൊരിക്കലും ഒരു തടസ്സമാകുമെന്ന് തോന്നുന്നില്ല. വില: 6.03 ലക്ഷം കൊച്ചി എക്‌സ് ഷോറൂം$

Vehicle Provided By:

spice coast
harley davidson
Kochi, Ph: 0484 3997777

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)