Published On: Tue, May 30th, 2017

Test drive- Porsche 718 Boxster

IMG_3716

ലോകത്തിൽ ഏറ്റവും അധികം വിൽക്കപ്പെടുന്ന സ്‌പോർട്‌സ്  കാറുകളിലൊന്നായ പോർഷെ 718 ബോക്സ്റ്റർ കൊച്ചിയിലെ ഷോറൂമിലുമെത്തി. 300 ബി എച്ച് പി കരുത്തുള്ള ഈ കൺവർട്ടബിളിന്റെ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്…

എഴുത്ത് – ബൈജു എൻ നായർ ചിത്രങ്ങൾ- ജമേഷ് കോട്ടയ്ക്കൽ

സ്‌പോർട്‌സ് കാറുകൾ ഓടിക്കുക എന്നത് ഹരമുള്ള കാര്യമാണ്; പ്രത്യേകിച്ച് അത് കൺവർട്ടബ്ൾ മോഡലാകുമ്പോൾ. മേൽഭാഗം തുറന്നുവെച്ച് വൈകുന്നേരങ്ങളിൽ ഹൈവേയിലൂടെ പായുമ്പോൾ, വീട്ടിലെ പോർച്ചിൽ കിടക്കുന്ന പാവപ്പെട്ട സ്വന്തം കാറിനോടൊക്കെ പുച്ഛം തോന്നും. എത്ര മസിൽ പിടിച്ചു നിൽക്കുന്നവനും ടോപ്‌ലെസ് സ്‌പോർട്‌സ് കാർ ഓടിപ്പോകുന്നതു കണ്ടാൽ അറിയാതെ നോക്കിപ്പോകും. ദുർമേദസ് ഒട്ടുമില്ലാതെ, തികച്ചും എയ്‌റോഡൈനാമിക്കായി ഈ സ്‌പോർട്‌സ് കാറുകൾ എങ്ങനെ ഡിസൈൻ ചെയ്യുന്നു എന്ന് അത്ഭുതപ്പെട്ടു പോകും. അങ്ങനെ അഴകളവുകളൊത്തിണങ്ങിയ ഒരു  സ്‌പോർട്‌സ് കാറിനെയാണ് ഇനി നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ആരു കണ്ടാലും തിരിഞ്ഞു നോക്കിപ്പോകുന്ന രൂപം. ആരുടെയും ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്ന എക്‌സ്‌ഹോസ്റ്റ് ശബ്ദം- പോർഷെ 718 ബോക്സ്റ്റർ…

ബോക്സ്റ്റർ

1993ലെ ഡെട്രോയ്റ്റ് ഓട്ടോഷോയിൽ അവതരിപ്പിക്കപ്പെട്ട മിഡ് എഞ്ചിൻ റോഡ്സ്റ്ററാണ് ബോക്സ്റ്റർ. 1996ൽ പ്രൊഡക്ഷൻ തുടങ്ങി. ഇപ്പോൾ ഈ ചിത്രങ്ങളിൽ കാണുന്നത് നാലാം തലമുറയിൽപ്പെട്ട മോഡലാണ്. 1996 ൽ ആകെ 82 ബോക്സ്റ്ററുകളാണ് വിറ്റതെങ്കിൽ ഇപ്പോൾ പ്രതിവർഷം 15,000 ലധികമാണ് ഇവയുടെ വില്പന. നാലാം തലമുറയിൽപ്പെട്ട പുതുപുത്തൻ 718 ബോക്സ്റ്റർ വിപണിയിലെത്തിയത് 2016 മദ്ധ്യത്തോടെയാണ്. ‘എസ്’ എന്നൊരു കൂടുതൽ പവർഫുള്ളായ മോഡലുണ്ടെങ്കിലും അത് ഇന്ത്യയിലേക്ക് ഉടനെ കൊണ്ടുവരുന്നില്ല. ഇപ്പോൾ വന്നിരിക്കുന്ന പുതിയ മോഡലിന് സൗന്ദര്യപരമായ നിരവധി മാറ്റങ്ങളുണ്ട്. കൂടാതെ എഞ്ചിൻ പാടെ മാറിയിട്ടുണ്ട്. മുമ്പൊക്കെ മറ്റു നഗരങ്ങളിൽ നിന്നുള്ള അന്യസംസ്ഥാന രജിസ്‌ട്രേഷൻ പോർഷെകളാണ് കേരളത്തിൽ കണ്ടുവന്നിരുന്നതെങ്കിൽ ഇപ്പോൾ കൊച്ചിയിലും ഇ വി എം ഗ്രൂപ്പ് പോർഷെ ഷോറൂം തുറന്നിട്ടുണ്ട്. എന്നത് മലയാളികൾക്ക് സന്തോഷം നൽകുന്ന കാര്യമാണ്. അങ്ങനെയുള്ള ‘പച്ച മലയാളിയായ’ 718 ബോക്‌സറ്ററാണ് ഇത്തവണ സ്മാർട്ട് ഡ്രൈവ് ടെസ്റ്റ്‌ഡ്രൈവ് ചെയ്തത്.

IMG_3740

കാഴ്ച

കൊച്ചിയിലെ റോഡിലൂടെ ഐശ്വറ്യറായ്‌യോ ഷാരൂഖ്ഖാനോ നടന്നു പോയാൽഎന്തായിരിക്കും അവസ്ഥ? അതേ അനുഭവമാണ് നഗരത്തിലൂടെ ബോക്സ്റ്റർ ഓടിക്കുന്നയാൾ നേരിടുക. തിടുക്കപ്പെട്ട് നടന്നുപോകുന്നവൻ പോലും സഡൻ ബ്രേക്കിട്ട് തിരിഞ്ഞുനോക്കും. കൗമാര-യൗവ്വന ഭേദമന്യേ സ്ത്രീ-പുരുഷന്മാരുടെ കണ്ഠത്തിൽ നിന്ന് ശരണം വിളിപോലെ ‘വാവ്’ വിളികൾ ഉയരും. ഇതിനൊക്കെ കാരണം ‘സെക്‌സി’ എന്ന് യുവാക്കൾ വിളിക്കുന്ന ഈ രൂപഭംഗിയാണ്. താഴ്ന്നിറങ്ങുന്ന വലിയ ബോണറ്റും ഗ്രില്ലിനു പകരക്കാരനായി നിൽക്കുന്ന നെടുനീളത്തിലുള്ള എയർഡാമും മുൻഭാഗത്തെ സ്‌പോർട്ടിയാക്കുന്നു. എൽഇഡി ഹെഡ്‌ലാമ്പ് തുറിച്ച കണ്ണുകൾ പോലെ നിൽക്കുന്നു. അതിനുള്ളിൽ ഫോർ-ഡോട്ട് എന്നു കമ്പനി വിളിക്കുന്ന 4 പോയിന്റ് ഡേ ടൈം റണ്ണിംഗ്  ലാമ്പുകൾ. പുതിയ മോഡലിൽ രൂപ മാറ്റം വരുത്തിയ വലിയ വിൻഡ്ഷീൽഡുണ്ട്. ബോണറ്റിന്റെ മുൻഭാഗത്ത് പോർഷെ ലോഗോ. മുൻഭാഗത്ത് ഇത്രയൊക്കെയേ വിശദീകരിക്കാനുള്ളു.സൈഡ് പ്രൊഫൈലിൽ ‘മാരക’ലുക്ക് ആണ് ബോക്‌സറ്ററിന്. 18 ഇഞ്ച് ഗുഡ്ഇയർ ടയറുകൾ പിണഞ്ഞു കിടക്കുന്ന ആ 5 സ്‌പോക്ക് സ്റ്റാർ അലോയ്‌വീലുകളുടെ ഭംഗി ഒന്നു വേറെ തന്നെ.

IMG_3766

വലിയ വീൽ ആർച്ചുകളുടെ മേലെ വര കോറിയതുപോലെ ടേൺ ഇൻഡിക്കേറ്റർ. വീൽ ആർച്ചു മുതൽ തടിച്ച ഷോൾഡർ ലൈൻ തുടങ്ങുന്നു. അത് അവസാനിക്കുന്നത് മസിൽപവർ വ്യക്തമാക്കുന്ന ബൂട്ട്‌ലിഡിലാണ്. വശങ്ങളെ സ്‌പോർട്ടിയാക്കാൻ വലിയ എയർ ഇൻടേക്കും പിൻ വീലിനു മുന്നിലായി കാണാം. പിൻഭാഗത്തെ ഏറ്റവും വലിയ മാറ്റം പുതുക്കിയ ടെയ്ൽലാമ്പാണ്. ഇപ്പോൾ ഫോർ പോയിന്റ് ബ്രേക്ക് ടെക്‌നോളജിയോടുകൂടിയ എൽഇഡി 3 ഡയമൺഷണൽ ടെയ്ൽ ലാമ്പാണ് കൊടുത്തിരിക്കുന്നത്. അതുപോലെ, പിന്നിൽ ടെയ്ൽലാമ്പുകൾക്കിടയിലെ സ്ട്രിപ്പിൽ പോർഷെ എന്ന ബാഡ്ജിങും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താഴെ നടുവിലായി കാണുന്ന വലിയ ഒറ്റ എക്‌സ്‌ഹോസ്റ്റും സ്‌പോർട്ടിയാണ്. അതിൽ നിന്നുയരുന്ന ഹുങ്കാരശബ്ദമാകട്ടെ വാഹനപ്രേമികളുടെ ചങ്ക് പിളർക്കുന്നതും. മിഡ് എഞ്ചിൻ കാറായതുകൊണ്ട് മുന്നിൽ ബോണറ്റ് തുറന്നാലും പിന്നിൽ ബൂട്ട് തുറന്നാലും എഞ്ചിൻ കാണാനില്ല. പകരം രണ്ടിടത്തും ലഗേജ് സ്‌പേസാണുള്ളത്. മുന്നിൽ 150 ലിറ്ററും പിന്നിൽ 125 ലിറ്ററുമാണ് ലഗേജ് സ്‌പേസ്. മുന്നിലെ ലഗേജ് സ്‌പേസിലാണ് സ്‌പെയർവീലും സൂക്ഷിച്ചിരിക്കുന്നത്. അളന്നുതൂക്കി ചെത്തി മുറിച്ച്, അഴകൊത്ത ഈ വാഹന ശില്പം രൂപകല്പന ചെയ്ത് നിർമ്മിച്ച പോർഷെ ടീമിന് ഏതു വാഹന പ്രേമിയും കൊടുക്കും, ഒരു ലാൽസലാം.

IMG_3788

ഉള്ളിൽ

രണ്ടുപേർക്ക് നീണ്ടുനിവർന്നിരിക്കാവുന്ന വാഹനമാണിത്. സീറ്റിനു പിന്നിൽ ഒരു വെറ്റില്ലച്ചെല്ലം വെയ്ക്കാനുള്ള സ്ഥലം പോലുമില്ല എന്നാൽ മുൻസീറ്റുകൾക്ക് ധാരാളം ലെഗ്‌സ്‌പേസുണ്ട്. ഉയരം കുറഞ്ഞ കാറാണെങ്കിലും ഹെഡ്‌സ്‌പേസും മോശമല്ല. കറുപ്പു നിറത്തിന്റെ ഭംഗി മുഴുവൻ ഇന്റീരിയർ പേറുന്നുണ്ട്. ഇടയ്ക്കിടെ അലൂമിനിയം വരകളും മറ്റും കാണാമെന്ന് മാത്രം. ഡ്രൈവർ സീറ്റിനു മാത്രമേ ഇലക്ട്രിക് സീറ്റ് അഡ്ജസ്റ്റ്‌മെന്റുകളുള്ളു. മൂൻ മോഡലുകളിൽ നിന്ന് വലിയ മാറ്റം ഇന്റീരിയറിന് സംഭവിച്ചതായി തോന്നില്ല. എന്നാൽ കാര്യമായ മെച്ചപ്പെടുത്തലുകൾ നടന്നിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ ലേ ഔട്ടിലുള്ള പോർഷെ കമ്യൂണിക്കേഷൻ മാനേജ്‌മെന്റ് യൂണിറ്റ് എന്നിവയും പുതിയ 110 വാട്ട് ഓഡിയോ സിസ്റ്റവുമൊക്കെ പുതുമകളിൽപ്പെടുന്നു. എയർകണ്ടീഷണറിന്റെ വെന്റുകൾക്ക് ഇപ്പോൾ പുതിയ ഷെയ്പ്പാണ്. സ്റ്റിയറിങ് വീൽ 918 സൂപ്പർ കാറിന്റേതു തന്നെ. ഡാഷ്‌ബോർഡിൽ ഉയർന്നുകാണുന്നത്
പോർഷെ കമ്യൂണിക്കേഷൻ മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ 7 ഇഞ്ച് ടച്ച് സ്‌ക്രീനാണ്. ഇതുകൂടാതെ മീറ്റർ കൺസോളിലും ഒരു 4.6 ഇഞ്ച് കളർ സ്‌ക്രീനുണ്ട്. കെയ്‌നിലേതു പോലെ സ്വിച്ചുകളുടെ പ്രളയമൊന്നും ബോക്‌സറ്ററിലില്ല. ഉള്ളതെല്ലാം വൃത്തിയായി കൺസോളിൽ അടുക്കിവെച്ചിരിക്കുന്നു. സസ്‌പെൻഷനുകൾ ഉയർത്താനുള്ള സ്വിച്ചും സ്‌പോർട്ട്‌മോഡിന്റെ സ്വിച്ചുമൊക്കെ ഇവയ്ക്കിടയിലുണ്ട്. ഗിയർലിവറിന്റെ പിന്നിലെ നീണ്ട സ്വിച്ച് ബോക്സ്റ്റർ കൺവർട്ട് ചെയ്ത് ടോപ്‌ലെസ് ആക്കാനുള്ളതാണ്. 9 സെക്കന്റുകൊണ്ട് ഈ സോഫ്റ്റ് ടോപ്പ് മടങ്ങി അപ്രത്യക്ഷമാകും.

എഞ്ചിൻ

മുൻമോഡലിൽ 2.5 ലിറ്റർ, 6 സിലിണ്ടർ, 265 ബിഎച്ച്പി എഞ്ചിനായിരുന്നെങ്കിൽ, പുതിയ മോഡലിൽ 2 ലിറ്റർ, 4 സിലിണ്ടർ, 300 ബിഎച്ച്പിയാണ് എഞ്ചിൻ. അതായത്, എഞ്ചിൻ കപ്പാസിറ്റി കുറഞ്ഞെങ്കിലും പവർ കൂടി എന്നർത്ഥം. ടോർക്കും വർദ്ധിച്ചിട്ടുണ്ട്. 280 ന്യൂട്ടൺ മീറ്ററിൽ നിന്ന് 380 ആയാണ് വർദ്ധിച്ചത്. നൂറു കിലോമീറ്റർ വേഗതയെടുക്കാൻ 4.9 സെക്കന്റ് മതി (പഴയ മോഡലിനെക്കാൾ 0.8 സെക്കന്റ് കുറവ്) 2000 ആർപിഎമ്മിൽ താഴെത്തന്നെ മാക്‌സിമം ടോർക്ക് ലഭിക്കുന്നതുകൊണ്ട് വിരൽത്തുമ്പിലാണ് പെർഫോമൻസ് ചുരമാന്തി നിൽക്കുന്നത്. 7500 ആർപിഎം വരെ പവറിന്റെ ഈ തിരതള്ളൽ തുടരുന്നു.IMG_3747 IMG_3749 IMG_3750

ഡ്യുവൽ ക്ലച്ച് 7 സ്പീഡ് ട്രാൻസ്മിഷൻ ഈ കരുത്തിന്റെ പ്രവാഹത്തെ നിയന്ത്രിച്ച് നിർത്താനും ക്രമീകരിക്കാനും പര്യാപ്തമാണ്. സ്‌പോർട്ട് എന്ന ഡ്രൈവ് മോഡിൽ കൂടുതൽ കരുത്താർജ്ജിക്കുന്ന പെർഫോമൻസിനെയും പരാതികളില്ലാതെ ഏറ്റുവാങ്ങുന്നുണ്ട് ഈ ഗിയർബോക്‌സ്. 718 ബോക്സ്റ്റർ ഓടിക്കുമ്പോൾ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം ഗ്രൗണ്ട് ക്ലിയറൻസാണ്. നഗരപാതയിലൂടെ ഒരു ദിവസം മുഴുവൻ കൊണ്ടുനടന്നിട്ടും ഒരിടത്തും അടിതട്ടിയില്ല എന്നത് സ്‌പോർട്‌സ് കാറെന്ന നിലയിൽ ബോക്‌സറ്ററിന്റെ പ്രത്യേകതകളിലൊന്നാണ്. മുന്നിലെ ഇൻഡിപെൻഡന്റ് മക്‌ഫേർസൺ സ്ട്രട്ടുകളും  പിന്നിലെ മൾട്ടി ലിങ്ക് കോയിൽസ്പ്രിങ്ങുകളുമാണ് ഈ താഴ്ന്ന പ്രൊഫൈലുള്ള കാറിന്റെ ഗ്രൗണ്ട് ക്ലിയറൻസ് കാക്കുന്നതെന്നു തോന്നുന്നു. സാധാരണ സ്‌പോർട്‌സ് കാറുകൾ ഞായറാഴ്ചകളിൽ എല്ലാവരും ഉറക്കം പിടിച്ചുകഴിഞ്ഞ് ഹൈവേയിൽ ഓടിച്ചു കളിക്കാനുള്ളതാണ്. എന്നാൽ ബോക്സ്റ്റർ അങ്ങനെയല്ല. ചെറിയ വേഗതയിൽ പോലും ഓടിക്കാനുള്ള കംഫർട്ടും ഗ്രൗണ്ട് ക്ലിയറൻസും ചേർന്ന് ബോക്‌സറ്ററിനെ ഒരു ഡെയിലി കാറാക്കി മാറ്റിയിരിക്കുന്നു.$

 

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)