Published On: Tue, Jul 2nd, 2013

Modification Bullet 500

Share This
Tags

THE BULLET “BUDHA” 

IMG_1531

സാധാരണക്കാര്‍ ബുള്ളറ്റിനെ കാണുന്നത് വെറും ഒരു വാഹനമായിട്ടാണ്. എന്നാല്‍ യഥാര്‍ത്ഥ ബുള്ളറ്റ് പ്രേമികള്‍ക്ക് ഇതൊരു വികാരമാണ്. അതുകൊണ്ടാവാം ബുള്ളറ്റ് മോഡിഫിക്കേഷന് അത്ര പ്രാധാന്യം ലഭിച്ചിരുന്നില്ല. ബുള്ളറ്റ് ക്ലാസിക് ബൈക്കുകള്‍ വിപണിയിലെത്തിയതോടെ തരംഗം തിരിഞ്ഞു. ബുള്ളറ്റിന് വിലവര്‍ദ്ധിച്ചു, ഒപ്പം ആവശ്യക്കാരുമേറി. ഇന്ത്യന്‍ വിപണിയില്‍ ഒരു കാലം വരെ എതിരാളികളില്ലാതെ നിന്ന ക്രൂയിസര്‍ ഗ്രൂപ്പിലേക്ക് വിവിധ കമ്പനികള്‍ രംഗപ്രവേശനം ചെയ്‌തെങ്കിലും, ബുള്ളറ്റിന്റെ ആധിപത്യം തകര്‍ക്കാ ന്‍ ഇതുവരെ ആയിട്ടില്ല.

IMG_1501

ബുള്ളറ്റുകള്‍ സാധാരണഗതിയില്‍ ചോപ്പര്‍, ക്രൂയിസര്‍ മോഡലുകളിലേക്കാണ് മോഡിഫൈഡ് ആയി ചേക്കേറുന്നത്. എന്നാല്‍ ഇത്തവണ പതിവില്‍ നിന്നും വ്യത്യസ്ഥമായി ഒരു ബുള്ളറ്റ് ഞങ്ങള്‍ കണ്ടെത്തി. കൊച്ചിയിലുള്ള അബിത്ത് നാസര്‍ എന്ന ചെറുപ്പക്കാരന്റേതാണ് ഈ ബുള്ളറ്റ്. റോയല്‍ എന്‍ഫീല്‍ഡിന് യുവ ആരാധകരേറിയതാണ് ഇപ്പോള്‍ മോഡിഫിക്കേഷന്‍ തരംഗം ബുള്ളറ്റിലേക്കും എത്തിപ്പെടാന്‍ കാരണമെന്ന് തോന്നുന്നു. കണ്ടാല്‍ ബുള്ളറ്റാണെന്ന് പറയുകയേ ഇല്ല!. മൊത്തത്തിലുള്ള ഒരു ഉടച്ചുവാര്‍ക്കല്‍ പോലെ, യൗവ്വനം തിരിച്ചുപിടിച്ച സന്യാസിയെപ്പോലെ, ബുള്ളറ്റ് ചുറുചുറുക്കോടെ നില്‍ക്കുന്നു. കണ്ടുകഴിഞ്ഞാല്‍ ഒരു ഓഫ്‌റോഡര്‍… അല്ല, ട്രാക്കര്‍…അല്ല, റോഡ്‌സ്റ്റര്‍… ഏയ് അതുമല്ല..! എന്നാല്‍ ഇവയെല്ലാം കൂടിക്കലര്‍ന്ന ഒരു വിശ്വരൂപമായി തോന്നും പ്രഥമദൃഷ്ടിയില്‍ ഈ വാഹനം.
കൊച്ചിയിലെ ടൂ വീലര്‍ കസ്റ്റമൈസേഷന്‍ ഗ്രൂപ്പായ ‘റയറ്റ് പിസ്റ്റന്‍’ (RIOT PISTON) എന്ന വര്‍ക്ക്‌ഷോപ്പിലാണ് ഈ കസ്റ്റമൈസ്ഡ് ബുള്ളറ്റിന്റെ പിറവി. ഫുള്ളി റീ ഡിസൈന്‍ഡ് എന്ന് വിളിക്കാനാകില്ലെങ്കിലും, കസ്റ്റമൈസ്ഡ് ഇനത്തില്‍ തന്നെ ഈ വാഹനത്തെയും ഉള്‍ക്കൊള്ളിക്കാം. റഹാല്‍ എന്നാണ് ഈ വാഹനത്തിന് ഇവര്‍ ഇട്ടിരിക്കുന്ന വിളിപ്പേര്. അറബി ഭാഷയില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ഈ വാക്കിന് അര്‍ത്ഥം വാന്‍ഡറര്‍ അഥവ സഞ്ചാരി എന്നാണ്.

IMG_1512
2011 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസ്സിക് 500 സിസി ബുള്ളറ്റാണ് റഹാലായി രൂപാന്തരം പ്രാപിച്ചത്. ട്രാക്കര്‍,റോഡ്സ്റ്റര്‍, ഓഫ്‌റോഡര്‍, ടൂറര്‍ കോമ്പിനേഷനാണ് ഈ വാഹനത്തിന്റെ പ്രത്യേകത. ബൈക്കുകളിലെ ഒരു മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ എന്ന് അവകാശപ്പെടാനാകില്ലെങ്കിലും അത്തരത്തിലുള്ള ഒരു കേമത്തരം ഇവന്റെ രൂപത്തിന് തോന്നുന്നുണ്ട്. സ്റ്റോക്ക് വെഹിക്കിളിന് കാര്യമായിത്തന്നെ മാറ്റം വരുത്തിയാണ് നിലവിലുള്ള രൂപത്തിലേക്ക് വാഹനം മാറ്റപ്പെട്ടത്. ഏതാണ്ട് 30 കിലോയോളം ഭാരം കുറച്ചിട്ടുണ്ട്. ഇതോടെ പവറിലും, സഡന്‍ പിക്കപ്പിലും കാര്യമായ മാറ്റമുണ്ടായി. എന്‍ജിന്‍ ഹെഡ് പോര്‍ട്ട് ചെയ്തതോടെ വാഹനത്തിന്റെ പവറും വര്‍ദ്ധിച്ചു. ഒപ്പം എന്‍ഡികെ ഇറിഡിയം സ്പാര്‍ക്ക് പ്ലഗ്ഗുകളും, കെ&എന്‍ എക്‌സ്ട്രീം പവര്‍ ഫില്‍ട്ടറും ഘടിപ്പിച്ചതോടു കൂടി സകല കരുത്തും പുറത്തെത്തി. ക്ലാസിക് 500 മോഡലിന് 27 ബിഎച്ച്പിയാണ് സ്റ്റോക്ക് പവര്‍. എന്നാല്‍ റഹാലിന് ഇത് 30 ബിഎച്ച്പിയോളം വരുന്നു. മാത്രമല്ല, ഭാരം കുറച്ചതിനാല്‍ മൈലേജിലും കാര്യമായ വ്യതിയാനം വന്നിട്ടില്ല. റൈഡിങ്ങിലെ വൈബ്രേഷന്‍ ഒഴിവാക്കുന്നതിനായി സ്റ്റോക്ക് ടയറുകളും, റിമ്മുകളും നിലനിര്‍ത്തിയിരിക്കുന്നു. പക്ഷെ സാധാരണ ബുള്ളറ്റിന് തോന്നിക്കുന്ന ഉയരം ഈ വാഹനത്തിന് ഫീല്‍ ചെയ്യില്ല. മുന്‍ ഷോക്കിന് നല്‍കിയിരിക്കുന്ന ബൂട്ട് കവറിങ് കൊടുത്തിരിക്കുന്നതിനാലാവണം ഒരു പെര്‍ഫെക്ട് ഓഫ്‌റോഡര്‍ ലുക്ക് തോന്നിക്കും. ബുള്ളറ്റുകളുടെ ട്രേഡ് മാര്‍ക്കെന്ന് തോന്നിക്കുന്നതാണ് സ്‌കള്‍ ഹെഡ്‌ലൈറ്റുകള്‍. പാര്‍ക്ക് ലൈറ്റ് അടങ്ങിയ ഈ ക്ലസ്റ്റര്‍ പൂര്‍ണമായും ഒഴിവാക്കി, പകരം മാര്‍ക്കറ്റില്‍ ലഭ്യമായ ടിഫിന്‍ ബോക്‌സ് ഹെഡ്‌ലാമ്പ് അസംബ്ലി വാഹനത്തിന്റെ ലുക്ക് പൂര്‍ണമായി മാറ്റുകയും ചെയ്തു.

IMG_1506
ഹാന്‍ഡില്‍ ബാറിലും മാറ്റം പ്രകടമാണ്. ക്രൂയിസര്‍ സ്റ്റൈല്‍ ഹാന്‍ഡിലിനു പകരം ഒരു ഷോര്‍ട്ട് ടൈപ്പ് ഹാന്‍ഡില്‍ നല്‍കിയിരിക്കുന്നതിനാ ല്‍ ഒരു ‘യങ് സൂപ്പര്‍സ്റ്റാര്‍’ ഫീലാണ് വാഹനത്തിന് ലഭ്യമായിരിക്കുന്നത്. ഏകദേശം ഒന്നേമുക്കാല്‍ ലക്ഷം രൂപ വിലവരുന്ന ക്ലാസിക് 500 വാങ്ങി കുറച്ചുനാള്‍ ഉപയോഗിച്ചതിനു ശേഷമാണ് അബിത്തിന് ഇത്തരത്തില്‍ ഒരു രൂപമാറ്റം വേണമെന്ന് ആഗ്രഹം തോന്നിയത്. അതിനായി അദ്ദേഹം സമീപിച്ചത് കലൂരിലുള്ള റയറ്റ് പിസ്റ്റണ്‍ ഗ്രൂപ്പിലെ റിക്കി ബോയിയെയും, അഖിലിനെയും. റിക്കിയും അഖിലും ചേര്‍ന്നാണ് ഇത്തരത്തില്‍ ഒരു ഡിസൈ ന്‍ അബിത്തിനു മുന്നില്‍ വെച്ചത്. 98,000 രൂപയോളമായി ഈ ‘ട്രാക്ക്സ്‌റ്‌റര്‍-ടൂററിന്’.
പിന്നീട് വാഹനത്തിനെ പൂര്‍ണമായി മെയ്ക്ക് ഓവര്‍ ചെയ്തിരിക്കുന്നത് പെയ്ന്റിങിലാണ്. കസ്റ്റം മിക്‌സ് പെയിന്റിന്റെ അഞ്ച് ലെയര്‍ വാഹനത്തിന്റെ എടുപ്പ് വര്‍ദ്ധിപ്പിക്കുന്നു. സ്‌ട്രെങ്തന്‍ ചെയ്ത ചേസിസിന് കടുത്ത ചുവപ്പ് നിറം നല്‍കിയിരിക്കുന്നതും അത്തരത്തില്‍ വാഹനത്തെ കാഴ്ചക്കാരുടെ കണ്ണിലേക്ക് അടുപ്പിക്കുന്നു. സീറ്റ് ബുള്ളറ്റിന്റെ സീറ്റിനോട് സാമ്യം പുലര്‍ത്തുന്നുണ്ട്. അതില്‍ നല്‍കിയിരിക്കുന്ന സ്‌ട്രൈപ്പ് ഡിസൈന്‍ ഒരു ‘എലഗന്റ്’ ലുക്കാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. മീറ്റര്‍ ക്ലസ്റ്ററുകള്‍ കാണാനില്ല. എങ്കിലും എന്‍ജിന്‍ സിഗ്നല്‍, ഫ്യുവല്‍ ഗേജ് എന്നിവ കാഴ്ചയില്‍ പെടാത്തവണ്ണം ഒളിപ്പിച്ചിരിക്കുന്നു. സൈഡ് മിററുകളും ഇത്തരത്തില്‍ ഒളിഞ്ഞിരിക്കുന്നു എന്ന തോന്നലാണ് നമുക്കുണ്ടാവുക.

IMG_1529
വാഹനത്തിന്റെ പിന്നിലേക്കെത്തുമ്പോള്‍ നാം അറിയാതെ പറഞ്ഞുപോകും-സിമ്പിള്‍… അത്രയ്ക്ക് ലളിതമായ രീതിയിലാണ് വാഹനത്തിന്റെ പിന്‍വശം ക്രമീകരിച്ചിരിക്കുന്നത്. സാധാരണ ബുള്ളറ്റുകളില്‍ കാണുന്ന തരത്തിലുള്ള വലിയ ടെയില്‍ ലാമ്പ് ഒഴിവാക്കി, പകരം ഒരു ചെറിയ റൗണ്ട് ലൈറ്റ് നല്‍കിയിരിക്കുന്നു. ഇന്‍ഡിക്കേറ്ററുകളും കാണാനില്ല. അതേപോലെ തന്നെ ബുള്ളറ്റിന്റെ വശങ്ങളില്‍ സാധാരണ ശ്രദ്ധ പതിയുന്ന സ്ഥലങ്ങളാണ് ഫില്‍ട്ടര്‍ ബോക്‌സും, ത്രികോണ ആകൃതിയിലുള്ള ഒരു ബോക്‌സും. ഇവ രണ്ടും ഒഴിവാക്കി. പകരം ഒരിടത്ത് ലെതര്‍ ബാഗ് ഘടിപ്പിച്ചിരിക്കുന്നത് ഒരു യാത്രികന്റെ ലുക്ക് തോന്നിക്കാനാകണം. എന്തായാലും ബുള്ളറ്റ് യഥാര്‍ത്ഥത്തില്‍ ഒരു ‘മിന്നല്‍പ്പിണരായി’ മാറുകയാണ് ഇവിടെ. ‘ജബ് തക് ഹേ ജാന്‍’ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ‘ഛള്ളാ കീ’ എന്ന പാട്ടും പാടി ഇതില്‍ വന്നിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം സങ്കല്‍പ്പിച്ചു പോകുകയാണ് ഞാന്‍. കാരണം ആ വരികളില്‍ തെളിയുന്ന
തും ഒരു സഞ്ചാരിയുടെ ആത്മഗതമാണല്ലോ!

തയ്യാറാക്കിയത്: എല്‍ദോ മാത്യു തോമസ്
ഫോട്ടോ: ജിന്‍സണ്‍
Thanks To: Abith, Ricky, Akhil

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)