Published On: Mon, Feb 13th, 2017

MARUTI IGNIS: “IGNATED!”

127

ഒടുവിൽ ഇഗ്നിസെത്തി. ഏറെ പ്രത്യേകതകളും പുതുമകളും മാരുതിയുടെ ഈ ചെറു ഹാച്ചിനുണ്ട്. ഡീസൽ മോഡലിൽ എ എം ടി (ഓട്ടോമാറ്റിക്) ട്രാൻസ്മിഷനുണ്ട് എന്നതാണ് മറ്റൊരു വലിയ കൗതുകം. ചെന്നൈയിൽ നിന്നുള്ള എക്‌സ്‌ക്ലൂസിവ് ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്…

 ബൈജു എൻ നായർ

അടുത്തകാലത്ത് ഇന്ത്യ ഏറ്റവുമധികം കാത്തിരുന്നത് ഈ മോഡലിനു വേണ്ടിയാണ്. ഏതു സെഗ്‌മെന്റിൽ പെടുന്ന മോഡലാണെന്നു പോലും തുടക്കത്തിൽ മനസ്സിലായില്ലെങ്കിലും, ഇഗ്‌നിസ് എന്ന ഈ കാറിന്റെ ചിത്രങ്ങൾ വാഹന പ്രേമികളെ ഹഠാദാകർഷിച്ചു. അങ്ങനെ കാത്തിരിപ്പു തുടങ്ങി, ഒടുവിൽ, ജനുവരി 13ന് ഇഗ്‌നിസ് ആദ്യമായി മാധ്യമപ്രവർത്തകർക്കു മുന്നിൽ പ്രദർശിപ്പിക്കപ്പെട്ടു. അഞ്ചുദിവസത്തിനു ശേഷം ഇതാ, ചെന്നൈയിൽ വെച്ച് എന്റെ നെഞ്ചോടു ചേർന്നു നിൽക്കുന്നു, ആ സുന്ദരി. തുടർന്നു വായിക്കുക, ഇഗ്‌നിസിന്റെ എക്‌സ്‌ക്ലുസീവ് ടെസ്റ്റ്
ഡ്രൈവ് റിപ്പോർട്ട്

ഇഗ്‌നിസ്

കോംപാക്ട് കാറുകളുടെ തമ്പുരാനാണ് മാരുതി സുസുക്കി. മാരുതി ഏതു മോഡൽ വിപണിയിലെത്തിച്ചാലും സൂപ്പർ ഹിറ്റാകും എന്നതാണ് ഇന്ത്യയിലെ സ്ഥിതിവിശേഷം. എന്നാൽ അടുത്ത കാലത്തു വരെ മോഡലുകളുടെ എക്സ്റ്റീരിയർ-ഇന്റീരിയർ ഭംഗിയൊന്നും മാരുതി കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ ബെലേനോ വന്നതോടെ ആ സ്ഥിതി മാറി. തുടർന്ന് ബ്രെസ എന്ന കോംപാക്ട് എസ് യു വിയും ഭംഗിയുള്ള പുറം-അകം മോടികളോടെ വിപണിയിലെത്തി.

118
ഭംഗിയുള്ള മാരുതികളുടെ ലിസ്റ്റിലേക്ക് ചേർത്തു വെക്കാവുന്ന പുതിയ മോഡലാണ് ഇഗ്‌നിസ്. പലതരം വാഹനങ്ങളുടെ സങ്കരരൂപമാണ് ഇഗ്‌നിസ് എന്നു പറയാം. കോംപാക്ട് എസ്‌യുവിയുടെ ഉയർന്ന രൂപവും കോംപാക്ട് ഹാച്ച്ബായ്ക്കിന്റെ ഒതുക്കവും വിന്റേജ് കാറുകളുടെ ചില ലക്ഷണങ്ങളുമെല്ലാം ഇഗ്‌നിസിൽ സമഞ്ജസം സമ്മേളിച്ചിരിക്കുന്നു. എന്നു തന്നെയുമല്ല, ഇത്രയും മനോഹരമായ ഇന്റീരിയറും മാരുതിയുടെ മറ്റൊരു വാഹനത്തിനുമില്ല എന്നു പറയാം. 3.7 മീറ്ററാണ് നീളം. 1.69 മീറ്റർ വീതി. ഉയരം 1.6 മീറ്റർ. വളരെ കുറഞ്ഞ ഭാരം: 855 കിലോഗ്രാം മാത്രം.
മഹീന്ദ്ര കെയുവി 100, ഫിയറ്റ് അവഞ്ചുറ, ഹ്യുണ്ടായ് ഐ 20 ആക്ടീവ് എന്നിവയൊക്കെ ഇഗ്‌നിസിന്റെ എതിരാളികളായി പറയാമെങ്കിലും സൂക്ഷ്മമായി പരിശോധിച്ചാൽ, ഒരുപക്ഷേ, സ്വന്തം കുടുംബത്തിലെ തന്നെ വാഗൺ ആർ മാത്രമാണ് ഇഗ്‌നിസിന്റെ യഥാർത്ഥ പ്രതിയോഗി എന്നു കാണാം. വാഗൺ ആർ ആവട്ടെ, വാർദ്ധക്യസഹജമായ പ്രശ്‌നങ്ങളിലുമാണ്. ഇഗ്‌നിസ് എതിരാളികളില്ലാതെ മുന്നേറാനാണ് സാദ്ധ്യത.

കാഴ്ച

ഏതാണ്ടൊരു ബോക്‌സി രൂപം തന്നെയാണ് ഇഗ്‌നിസിന്. ഹെഡ്‌ലൈറ്റ് ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന, നെടുനീളത്തിലുള്ള ഗ്രില്ലാണ് മുൻഭാഗത്തെ പ്രധാനഘടകം. ക്ലിയർലെൻസ് ഹെഡ ്‌ലാമ്പിനു ചുറ്റും സുന്ദരമായ ഡേടൈം റണ്ണിങ്ങ് ലാമ്പ്, ഗ്രില്ലിന്മേൽ ഒരു നീളൻ ക്രോമിയം സ്ട്രിപ്പ്. അതിനു നടുവിലാണ് സുസുക്കി എംബ്ലം. ഗ്രില്ലിനെ ചുറ്റി വീതി കുറഞ്ഞ ഒരു ക്രോമിയം സ്ട്രിപ്പുമുണ്ട്. തടിയൻ ബമ്പറിന് മൂന്നു സ്ലോട്ടുകളുണ്ട്. ഇടത്തും വലത്തും ഗ്രില്ലിന്റെ തുടർച്ച പോലെ നെറ്റഡ് ഭാഗങ്ങൾ. അതിന്മേൽ ക്രോമിയം വൃത്തത്തിൽ, ഫോഗ്‌ലാമ്പുകൾ. ബോണറ്റിന്റെ ഇരുവശവും എയർവെന്റുകൾ കൊടുത്തിട്ടുണ്ട്.

123

അതിനുതാഴെ, എസ്‌യുവി കളെ ഓർമ്മിപ്പിക്കുന്ന തടിച്ച വീൽ ആർച്ചുകൾ. എ, ബി പില്ലറുകൾ കറുപ്പിച്ചിട്ടുണ്ട്. മേലെ റൂഫ്‌റെയ്ൽ. ‘സി’ പില്ലറിൽ പൂച്ച മാന്തിയതുപോലെ മൂന്നുവരകൾ. ഇത് ’70കളിലെ സുസുക്കി ‘കീ’ കാർ മോഡലിൽഉള്ളതായിരുന്നത്രേ. പിൻഭാഗം ശരിക്കും ‘റെട്രോലുക്കിങ്’ ആണ്. ചെരിഞ്ഞു തള്ളിനിൽക്കുന്ന പിൻ വിൻഡോ ഗ്ലാസ് റൂഫിൽ നിന്നേ ആരംഭിക്കുന്നു. വലിയ ടെയ്ൽലാമ്പ് വശങ്ങളിലും ബൂട്ട്‌ലിഡിലുമായി കൊടുത്തിരിക്കുന്നു. ബമ്പറിൽ തടിച്ച ക്ലാഡിങ്. ഇരുവശവും സ്‌റ്റോപ്പ്‌ലാമ്പുകൾ. 5 സ്‌പോക്ക് അലോയ്‌വീലിന്റെ ഭംഗിയും ശ്രദ്ധേയം തന്നെ.
ഇതുവരെ നമ്മൾ കണ്ടിട്ടില്ലാത്ത രൂപമാണ് ഇഗ്‌നിസിന്. ഒരേ സമയം ആധുനികവും പഴയതുമാണ് ഡിസൈൻ. പക്ഷെ ‘റെട്രോ എഫക്ട്’ ആധുനികതയിലേക്ക്, മുഴച്ചു നിൽക്കാതെ ഇഴുകിച്ചേർത്തു എന്നതാണ് ഡിസൈനിന്റെ വിജയം.

ഉള്ളിൽ

ബ്ലാക്കും പ്രസന്നമായ ബീജുമാണ് ഉൾഭാഗത്തെ നിറങ്ങൾ. സ്റ്റിയറിങ് വീൽ പുതുപുത്തനാണ്. അതിൽ സ്റ്റീൽ ഫിനിഷും കൺട്രോൾ സ്വിച്ചുകളുമുണ്ട്. ‘ഫ്‌ളോട്ട്’ ചെയ്തു നിൽക്കുന്ന സെന്റർ കൺസോളിൽ ബെൻസിന്റെ മോഡലുകളെ ഓർമ്മിപ്പിക്കുന്ന, ടാബ്‌ലെറ്റ് പോലൊരു സ്‌ക്രീൻ കാണാം. അതിനു താഴെ ക്ലൈമറ്റ് കൺട്രോളിന്റെ ചെറിയ സ്‌ക്രീൻ. എസിയുടെ സ്വിച്ചുകളും മറ്റും പഴയ കാറുകളെ ഓർമ്മിപ്പിക്കുന്നു.

151

കൃത്യമായി പറഞ്ഞാൽ മിനി കൂപ്പറിന്റെ സ്വിച്ചുകൾ പോലെ തന്നെ. ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീനിൽ ബ്ലൂടൂത്ത്  യുഎസ്ബി/ഓക്‌സിലറി, സിഡി പ്ലെയർ എന്നിവ ഇണക്കിച്ചേർത്തിട്ടുണ്ട്. ആപ്പിൾ കാർ പ്ലേ/ആൻഡ്രോയിഡ് ഓട്ടോ എന്നിവ കണക്ട് ചെയ്യാം. മീറ്റർ ക്ലസ്റ്ററിൽ വലിയ സ്പീഡോ മീറ്റും ചെറിയ ടാക്കോമീറ്ററും ഡിജിറ്റൽ സ്‌ക്രീനുമുണ്ട്.ഡാഷ്‌ബോർഡിനു നടുവിലെ എസിവെന്റുകളും ഷെയ്പ്പും ‘റെട്രോ’ തന്നെ. ധാരാളം ലെഗ്‌സ്‌പേസും ഹെഡ്‌സ്‌പേസും ഇഗ്‌നിസിനുണ്ട്. അഞ്ചുപേർക്ക് സുഖമായി യാത്ര ചെയ്യാം. ഉയർന്ന സീറ്റിങ് പൊസിഷന്റെ എല്ലാ ഗുണങ്ങളും യാത്രക്കാർക്ക് ലഭിക്കുകയും ചെയ്യും. തുട സപോർട്ട് ധാരാളമുണ്ട് സീറ്റുകൾക്ക്. 260 ലിറ്റര് എന്ന ‘ഡീസന്റ്’ ബൂട്ട് സ്‌പേസും ഇഗ്‌നിസിനുണ്ട്.

105

എഞ്ചിൻ
രണ്ട് എഞ്ചിനുകൾ, രണ്ടിനും എഎംടി (ഓട്ടോമാറ്റിക്) ഉൾപ്പെടുന്ന ട്രാൻസ്മിഷനുകൾ. പെട്രോൾ 1.2 ലിറ്ററാണ്; ഡീസൽ 1.3 ലിറ്ററും. രണ്ടും വർഷങ്ങളായി മാരുതിയുടെ വാഹനങ്ങളിൽ ഉള്ളവ തന്നെ.
പെട്രോൾ എഞ്ചിൻ 83 ബിഎച്ച്പിയാണ്. 113 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. ഡീസൽ എഞ്ചിൻ 75 ബിഎച്ച്പിയാണ്; 190 ന്യൂട്ടൺ ലിറ്റർ ടോർക്കും. പെട്രോളിന് 20.89 കി.മീ/ലിറ്ററും ഡീസലിന് 26.80 കി.മീ/ലിറ്ററുമാണ് മാരുതി അവകാശപ്പെടുന്ന മൈലേജ്.

എഎംടി ഗിയർബോക്‌സുള്ള മോഡലുകൾ പെട്രോൾ/ഡീസൽ എഞ്ചിൻ മോഡലുകളുടെ നടുവിലെ വേരിയന്റുകളായ ഡെൽറ്റയിലും സീറ്റയിലുമാണ് ലഭ്യം. അതായത്, ടോപ് എൻഡ് മോഡലുകളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനില്ല. അതുപോലെ, എൻട്രി ലെവൽ മോഡലായ സിഗ്മ പെട്രോൾ എഞ്ചിനിൽ മാത്രമേയുള്ളൂ.

മാരുതിയുടെ എഞ്ചിനുകളുടെ റിഫൈൻമെന്റും മാന്യമായ പെർഫോമൻസും വിശദീകരിക്കേണ്ട കാര്യമില്ല. ഡീസൽ എഞ്ചിൻ മോഡലിലും എഎംടി ഗിയർബോക്‌സ് ലാഗ് ഏറെ തരാതെ, പ്രവർത്തിക്കുന്നുണ്ട്. ചെറിയ കുടുംബങ്ങൾക്ക് ക്ലച്ചിന്റെ അല്ലലില്ലാത, കനത്ത മൈലേജ് ലഭിക്കുന്ന ഡീസൽ വാഹനം ഓടിച്ചു കൊണ്ടുനടക്കാൻ കഴിയുക എന്നത് ചെറിയ കാര്യമല്ല.
ചില കാറുകൾ കാണുമ്പോൾ ഒറ്റനോട്ടത്തിലറിയാം, അതിന്റെ വിധി.  ബെലേനോ, ക്വിഡ് എന്നിവ കണ്ട മാത്രയിൽ തന്നെ ഒരു ‘സൂപ്പർഹിറ്റ്’ മണമടിച്ചു. ആ മണം ഇഗ്‌നിസിനുമുണ്ട്. വാഹന രംഗത്തെ
‘പുലിമുരുക’നായിരിക്കും ഇഗ്‌നിസ്.  മാരുതി കുറെ പണം വാരും, ഉറപ്പ്.$

വേരിയന്റുകൾ, എക്യുപ്‌മെന്റുകൾ
സിഗ്മ (പെട്രോൾ മാനുവൽ)
* എയർ കണ്ടീഷണർ
* ടിൽറ്റ് സ്റ്റിയറിങ്
* ഫ്രണ്ട് പവർവിൻഡോകൾ
* രണ്ട് എയർബാഗുകൾ
* 15 ഇഞ്ച് ടയറുകൾ
ഡെൽറ്റ (മാനുവൽ, എ എം ടി)
* സൈഡ് വ്യൂ മിററുകളിൽ ഇൻഡിക്കേറ്ററുകൾ
* ഡ്യൂവൽ ടോൺ ഡാഷ്‌ബോർഡ്
* ടാക്കോമീറ്റർ
* 2 ഡിൻ ഓഡിയോ സിസ്റ്റം
* സ്റ്റിയറിംഗ് വീലിൽ കൺട്രോളുകൾ
* കീലെസ് എൻട്രി
* ഇലക്ട്രിക് അഡ്ജസ്റ്റ് സൈഡ് വ്യൂ മിററുകൾ
* സ്പ്ലിറ്റ് റിയർ സീറ്റുകൾ
* റിയർ പവർ വിൻഡോകൾ
സീറ്റ (മാനുവൽ, എ എം ടി)
* ഫോഗ്‌ലാമ്പുകൾ
* 15 ഇഞ്ച് അലോയ്‌വീലുകൾ
* 4 സ്പീക്കറുകൾ, 2 ട്വീറ്ററുകൾ
* കീലെസ് ഗോ
* റിയർ പാർക്കിങ് സെൻസറുകൾ
* റിയർ ഡീഫോഗർ/വൈപ്പർ
ആൽഫ (മാനുവൽ)
* എൽ ഇ ഡി പ്രൊജക്ടർ ലാമ്പ്
* ഡേ ടൈം റണ്ണിങ് ലാമ്പുകൾ.
* സ്മാർട്ട് പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം
* ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ
* ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്‌മെന്റ്
* റിവേഴ്‌സ് ക്യാമറ.

C: Smartdrive Jan 2017

 

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)