Published On: Tue, Jul 4th, 2017

Kochi Metro: The Queen Of Kochi!

 

IMG_0691

റെയിൽവേ കൊച്ചിയിലെത്തി 115 വർഷങ്ങൾക്കുശേഷം മറ്റൊരു ജൂൺ മാസത്തിൽ ആകാശത്തൂണുകളിലൂടെ മെട്രോപോളിസ് കാർ നഗരത്തിലൂടെ കൂകി വിളിച്ചു പായാൻ തുടങ്ങയിരിക്കുന്നു. മെട്രോയിൽ ഒരു യാത്ര…

Text by J. Binduraj, Photos: Jamesh Kottakkal

കൊച്ചി മെട്രോ ജൂൺ 19ന് പൊതുജനത്തിന് തുറന്നുകൊടുത്തപ്പോൾ ആദ്യദിവസം കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്ലഭിച്ച വരുമാനം 20 ലക്ഷം രൂപയിലേറെ. രാവിലെആറു മണിക്ക് തുടങ്ങിയ സർവീസിൽ വൈകിട്ട് ഏഴുമണിയായപ്പോഴേക്കും കയറിയത് 62,320 പേർ. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള ദൂരം ഓടിയെത്താൻ കൊച്ചി മെട്രോ എടുക്കുന്നത് കേവലം 25 മിനുട്ടുകൾ മാത്രം. മിനിമം യാത്രാനിരക്ക് 10 രൂപയും മാക്‌സിമം നിരക്ക് 40 രൂപയും. കൊച്ചിക്കാർ മെട്രോ റെയിലിനെ ഹർഷാരവത്തോടെ സ്വീകരിച്ചുവെന്നതിന്റെ തെളിവുകളാണവ. പ്രതിദിനം 219 ട്രിപ്പുകളാണ് കൊച്ചി മെട്രോയുടെ മെട്രോപോളിസ് ട്രെയിനുകൾ നടത്തുന്നത്.

Kochi Metro

ഹൈദരാബാദിലെ ശ്രീസിറ്റിയിലെ അൽസ്‌റ്റോമിന്റെ ഫാക്ടറിയിൽ കൊച്ചി മെട്രോ കോച്ച്- എക്‌സ്‌ക്ലൂസീവ് ദൃശ്യം

ആലുവയിൽ നിന്നും കൊച്ചിയിലേക്ക് നിരവധി സ്വകാര്യ ബസ്സ് സർവീസുകളുണ്ട്. ഒരു ബസ്സിൽ പരമാവധി കയറ്റാനാകുന്നത് എൺപതോളം പേരെയാണ്. അതിനേക്കാൾ കൂടുതൽ പേരെ കുത്തിനിറച്ച് ഈ റോഡിലൂടെ ബസ്സുകൾ ചീറിപ്പായുന്നത് ഒരു സാധാരണ കാഴ്ചയുമാണ്. മത്സരയോട്ടം മൂലം ഈ ബസ്സുകൾ അടിക്കടി പല അപകടങ്ങൾക്കിടയാക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ കൊച്ചി നഗരത്തിലേക്ക് സുരക്ഷിതമായ ഒരു യാത്രയെന്നത് നഗരവാസികളുടെ സ്വപ്‌നമായിരുന്നു. കൊച്ചി മെട്രോ ഇപ്പോഴത് യാഥാർത്ഥ്യമാക്കിയിരിക്കുന്നു. കൊച്ചി മെട്രോ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്ത ജൂൺ 19 മുതൽ സ്വകാര്യ ബസ്സ് യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്നത് എത്രത്തോളം ഈ സ്വകാര്യ ബസ്സ് മത്സരയോട്ടക്കാരെ ജനം വെറുത്തിരുന്നുവെന്നതിന്റെ തെളിവാണ്. ഉയർന്നു നിൽക്കുന്ന തൂണുകൾക്കു മേലെയുള്ള രണ്ട് റെയിൽ പാളങ്ങളിലൂടെ കൂകിപ്പായുന്ന കൊച്ചി മെട്രോയുടെ മൂന്നു കംപാർട്ട്‌മെന്റുകളിലായി 975 പേർക്ക് സുഖകരമായി ഒരേ സമയം മെട്രോയിൽ യാത്ര ചെയ്യാം. കെ എം ആർ എൽ മെട്രോ സ്റ്റേഷനുകളിലേക്ക് ഫീഡർ സർവീസുകൾ കൂടി ആരംഭിക്കുന്നതോടെയും കൊച്ചി മെട്രോ പേട്ട വരെ നീളുന്നതോടെയും നഗരത്തിലെ വാഹനക്കുരുക്കുകൾക്കും തിരക്കുകൾക്കും പരിഹാരമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.  കെ എസ് ആർ ടി സി ഇപ്പോൾ തന്നെ മെട്രോ സ്റ്റേഷനുകളിലേ ക്ക് ആലുവ -അങ്കമാലി, ആലുവ  -പെരുമ്പാവൂർ, ആലുവ -വടക്കൻ പറവൂർ, ഇടപ്പള്ളി -ഫോർട്ട് കൊച്ചി, ഇടപ്പള്ളി – മട്ടാഞ്ചേരി ഫീഡർ സർവീസുകൾ ആരംഭിച്ചു കഴിഞ്ഞു.

IMG_0684

കൊച്ചി മെട്രോയുടെ പൈലറ്റ് ക്യാബിൻ

2013 ജൂൺ ഏഴിന് ഇടപ്പള്ളിയിൽ നിന്നാണ് കൊച്ചി മെട്രോയുടെ നിർമ്മാണം ആരംഭിച്ചത്. ഡി എം ആർ സി മുഖ്യഉപദേഷ്ടാവായ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ 1095 ദിവസങ്ങളെന്ന കൗണ്ട് ഡൗണിലാണ് ആരംഭിച്ചത്.  സ്ഥലമേറ്റെടുക്കലും സമരങ്ങളുമൊക്കെ മൂലം ആലുവ മുതൽ പേട്ട വരെയുള്ള പാത പൂർത്തീകരിക്കാ നായില്ലെങ്കിലും ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13.2 കിലോമീറ്റർ പാത പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു. കൊച്ചി മെട്രോ പദ്ധതിക്ക് ആലുവ മുതൽ പേട്ട വരെയുള്ള 25.617 കിലോമീറ്ററിന് ആദ്യം നിർമ്മാണ ചെലവ് കണക്കാക്കിയിരുന്നത് 5182 കോടി രൂപയാണ്. ഇപ്പോൾ ഈ തുക 5688 കോടി രൂപയായി വർധിച്ചിരിക്കുന്നു. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള പാതയ്ക്ക് മാത്രം 3750 കോടി രൂപയാണ് ചെലവായത്. ഇതിൽ 35.85 ശതമാനം സംസ്ഥാന സർക്കാരിന്റെ വിഹിതവും 20.27 ശതമാനം കേന്ദ്രവിഹിതവും ഫ്രഞ്ച് ഏജൻസിയിൽ നിന്നും കനറാ ബാങ്കിൽ നിന്നുമുള്ള വായ്പ ശതമാനം 43.88 ശതമാനവുമാണ്. ഫ്രഞ്ച് ഏജൻസിയിൽ നിന്നും 1500 കോടി രൂപയും കനറാ ബാങ്കിൽ നിന്നും 1170 കോടി രൂപയുമാണ് ഇതുവരെ വായ്പയെടുത്തിരിക്കുന്നത്.

IMG_0605

ഉൽഘാടനത്തിന് മുന്നോടിയായി നടന്ന കൊച്ചി മെട്രോയുടെ ട്രയൽ റണ്ണിന് സ്മാർട്ട് ഡ്രൈവ് ക്ഷണിക്കപ്പെട്ടിരുന്നു. ആ യാത്രയിൽ കണ്ട കാഴ്ചകളെപ്പറ്റിയും അൽസ്റ്റോം കൊച്ചി മെട്രോയ്ക്കായി നിർമ്മിച്ച മെട്രോപോളിസ് ട്രെയിനെപ്പറ്റിയും വിശദമായി തന്നെ ഇവിടെ പറയാം. ആദ്യം കൊച്ചി മെട്രോ സ്റ്റേഷനിലെ അറേഞ്ചുമെന്റുകളെക്കുറിച്ചും യാത്ര ചെയ്യുന്നതിനെപ്പറ്റിയും പരാമർശിച്ചശേഷം നമുക്ക് മെട്രോയുടെ സാങ്കേതികവിദ്യയിലേക്കും വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും പറയാം. മെട്രോയിലെ യാത്രയെപ്പറ്റി പറഞ്ഞുകൊണ്ട് ആരംഭിക്കാം.

Baggage scaning and  security check entrance

Baggage scaning and
security check entrance

പാലാരിവട്ടം സ്റ്റേഷനിൽ നിന്നും ആലുവ സ്റ്റേഷനിലേക്കായിരുന്നു ഞങ്ങളുടെ സഞ്ചാരം. സ്റ്റേഷന്റെ പ്രവേശന കവാടം കടന്നാലുടനെ തന്നെ മുന്നിൽ ടിക്കറ്റ് കൗണ്ടറുകൾ കാണാം. ബാഗേജുകൾ ചെക്ക് ചെയ്യാനുള്ള എക്‌സ്‌റേ സ്‌കാനിങ് സംവിധാനവും അവിടെ സ്ഥാപിച്ചിട്ടുണ്ട്. ഹാൻഡ് ബാഗുകളടക്കം ഈ സ്‌കാനിങ് സംവിധാനത്തിലൂടെ കടത്തിവിട്ടശേഷം സുരക്ഷിതത്വം ഉറപ്പാക്കിയിട്ടേ  ഓട്ടോമേറ്റഡ് ഡോറുകളുള്ള പ്രവേശന കവാടത്തിലേക്ക് കടത്തുകയുള്ളു. ഞങ്ങൾ ടിക്കറ്റ് കൗണ്ടറിൽ നിന്നും ടിക്കറ്റ് കൈപ്പറ്റി. 40 രൂപയാണ് പാലാരിവട്ടത്തു നിന്നും ആലുവയ്ക്കുള്ള നിരക്ക്.

Entry gate where we need to swipe our tickets

Entry gate where we need to swipe our tickets

കൊച്ചി മെട്രോ സ്മാർട്ട് കാർഡുകൾ ഉപയോഗിച്ചുള്ള യാത്രാ സൗകര്യവും ഒരുക്കുന്നുണ്ട്. സ്മാർട്ട് കാർഡുകൾ റീചാർജ്ജ് ചെയ്യാനുള്ള സംവിധാനം എല്ലാ സ്റ്റേഷനുകളിലുമുണ്ട്. ആക്‌സിസ് ബാങ്കാണ് ഈ സൗകര്യം കൊച്ചി മെട്രോയ്ക്കായി ഒരുക്കിയിട്ടുള്ളത്. കൊച്ചി 1 സ്മാർട്ട് കാർഡ് എടുത്താൽപ്പിന്നെ ഓരോ ദിവസവും ക്യൂ നിന്ന് ടിക്കറ്റ് എടുക്കേണ്ട  ആവശ്യമില്ല. യാത്ര ചെയ്യുന്നതിനായി അത് സ്വയ്പ് ചെയ്താൽ അതിൽ നിന്നും ആവശ്യമായ തുക ഡെബിറ്റ് ആയിക്കോളും. ഇതേ കാർഡ് ഉപയോഗിച്ചു തന്നെ മെട്രോയിൽ നിന്നുള്ള അനുബന്ധ ബസ്സ്, ബോട്ട് സർവീസുകളിലും സഞ്ചരിക്കാം. (കാർഡിന് 150 രൂപയാണ് നൽകേണ്ടത്. പിന്നീട് ആവശ്യമായ തുകയ്ക്ക് അത് റീചാർജ് ചെയ്യാം.) ടിക്കറ്റെടുത്ത് പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് കൈയിലുള്ള ലഗേജുകൾ പരിശോധിക്കും. യാത്രക്കാരെയെല്ലാം ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറിലൂടെയാണ് കടത്തിവിടുക.

Swiping the ticket at the entry gate.  Only 1 person will be admitted per ticket

Swiping the ticket at the entry gate.
Only 1 person will be admitted per ticket

ഞങ്ങൾ ട്രയൽ ടിക്കറ്റാണ് എടുത്തത്. ടിക്കറ്റ് എടുത്തശേഷം അകത്തേക്ക് കടക്കുന്നതിന് എ എഫ് സി അഥവാ ഓട്ടോമാറ്റിക് ഫെയർ കളക്ടഷൻ ഗേറ്റിനു മുന്നിലേക്ക് എത്തണം. ഗേറ്റിലുള്ള മെഷീനിൽ ക്യു ആർ കോഡ് റീഡിങ് സ്ഥലത്ത് ടിക്കറ്റ് കാണിച്ചാലുടനെ മുന്നിലുള്ള  ഓട്ടോമാറ്റിക് ഡോർ തുറക്കപ്പെടും. ഒരാൾക്ക് മാത്രമേ ഒരു ടിക്കറ്റിൽ അകത്ത് പ്രവേശിക്കാനാകൂ. ഭിന്നശേഷിക്കാരായവർക്ക് വീൽ ചെയറിൽ കടന്നുപോകാനായി മറ്റൊരു തുറന്ന സ്ഥലവുമുണ്ട്.  രണ്ടാം നിലയിലാണ് പ്ലാറ്റ്‌ഫോമുകൾ. അവിടേയ്ക്ക് കയറുന്നതിനായി പടികൾക്കു പുറമേ  എസ്‌കലേറ്റർ, ലിഫ്റ്റ് സംവിധാനവുമുണ്ട്. ലിഫ്റ്റിൽ ശാരീരിക ബുദ്ധിമുട്ടുള്ളവർക്കാണ് മുൻഗണന.

Kochi metro rail tickets

Kochi metro rail tickets

രണ്ടാം നിലയ്ക്ക് കോൺകോഴ്‌സ് ലെവൽ എന്നാണ് പറയുന്നത്. റോഡിന് ഇരുവശത്തുമുള്ള സ്റ്റേഷൻ കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിക്കന്ന ഇടമാണിത്. ട്രെയിൻ എത്തുന്ന പ്ലാറ്റ്‌ഫോം, പ്ലാറ്റ്‌ഫോമിലേക്ക് എത്താനുള്ള വഴി എന്നിവയെല്ലാം വ്യക്തമാക്കുന്ന വിവരങ്ങൾ ഇവിടെയുണ്ട്. ഞങ്ങൾക്ക് പോകേണ്ടത് ആലുവയിലേക്കായതിനാൽ ഞങ്ങൾ മൂന്നാം നിലയിലെ പ്ലാറ്റ്‌ഫോമിലെത്തി. ഇവിടെയാണ് ട്രെയിനുകൾ വന്നുനിൽ ക്കുന്നത്. ഓരോ പത്തു മിനിറ്റു കൂടുമ്പോഴും മെട്രോ ട്രെയിൻ ഈ റെയിലൂടെ കടന്നുപോകുന്നുണ്ട്. പൂർണമായും വൈദ്യുതിയിലാണ് മെട്രോ റെയിൽ പ്രവർത്തിക്കുന്നത്.

Into the platform

Into the platform

ഫ്രഞ്ച് കമ്പനിയായ അൽസ്റ്റോം നിർമ്മിച്ച 66.55 മീറ്റർ നീളമുള്ള മെട്രോപോളിസ് ട്രെയിനുകളാണ് കൊച്ചി മെട്രോയിലുള്ളത്. പരസ്പരബന്ധിതമായ മൂന്നു കോച്ചുകളാണ് ആകെയുള്ളത്. ഒരു കോച്ചിന് 12.8 അടിയാണ് ഉയരം. 2.90 മീറ്ററാണ് വീതി. ഓരോ കോച്ചിനും ഓട്ടോമാറ്റിക് ആയ മൂന്ന് ഡോറുകളാണ് ഉള്ളത്. ഇതിൽ 136 സീറ്റുകളാണ് ആകെയുള്ളത്. ഓരോ കോച്ചിലും രണ്ട് വീൽ ചെയറുകൾ ഇടാവുന്ന സൗകര്യവും നൽകപ്പെട്ടിട്ടുണ്ട്. മൊത്തം 975 പേർക്ക് ഒരേ സമയം ഒരു മെട്രോപോളിസ് ട്രെയിനിൽ യാത്ര ചെയ്യാം.

IMG_0595

ആലുവയിൽ നിന്നുമുള്ള ട്രെയിൻ പാലാരിവട്ടം സ്റ്റേഷനിലേക്ക് എത്തി. സ്റ്റേഷനിൽ ട്രെയിനുകൾ പ്രവേശിക്കുമ്പോൾ അതിനടുത്തേക്ക് നീങ്ങി നിൽക്കാതിരിക്കുന്നതിനായി ഒരു മഞ്ഞ ലൈൻ വരച്ചിട്ടുണ്ട്. മഞ്ഞ വരയുടെ പുറത്തു മാത്രമേ ട്രെയിനിൽ പ്രവേശിക്കുന്നതിനായി നിൽക്കാൻ പാടുള്ളു. 70 മീറ്റർ അഥവാ 230 അടി നീളമുള്ളതാണ് ഓരോ പ്ലാറ്റ്‌ഫോമുകളും. ഡോറുകൾ ഓട്ടോമാറ്റിക്കായി തുറന്നു. ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു. പ്ലാറ്റ്‌ഫോമിന്റെ അതേ ഉയരത്തിൽ തന്നെയാണ് ട്രെയിനുകളുടെ കംപാർട്ട്‌മെന്റുകളുമുള്ളത് എന്നതിനാൽ തട്ടി വീഴുമെന്നോ ഇടയിലേക്ക് കാൽ കുരുങ്ങുമെന്നോ ഉള്ള ഭയം വേണ്ട. എങ്കിലും ചെറിയ വിടവ് ഉള്ളതിനാൽ ചെറിയ കുട്ടികളെ എടുത്തിറക്കുന്നതാണ് സുരക്ഷിതം. സ്റ്റേഷനിലേക്ക് എത്തിയതോടെ മെട്രോയുടെ ഓട്ടോമാറ്റിക് ഡോറുകൾ തനിയെ തുറന്നു.

IMG_0632

ചെണ്ടയും ഇലത്താളവും ഇഴ ചേർന്ന ഒരു ഈണത്തോടെയാണ് ഡോറുകൾ തുറക്കുന്നത്. ചലച്ചിത്ര സംഗീത സംവിധായകൻ ബിജിബാലാണ് മൂന്നു സെക്കൻഡ് നീളുന്ന ഈ സംഗീതം ഒരുക്കിയിട്ടുള്ളത്. മെട്രോപോളിസ് സ്റ്റേഷനിലേക്ക് എത്തുമ്പോഴും പുറപ്പെടുമ്പോഴും ഒരു കൊച്ചു ഹോൺ കേൾക്കാം. സ്റ്റേഷന്റെ തറയിൽ വീൽ ചെയറുകൾ കയറ്റുന്ന സ്ഥലവും അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് സ്‌ക്രീനുകളിലും തെളിയും. 30 സെക്കൻഡ് ആണ് ഒരു സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിടുക. കൂടുതൽ ആളുകൾ കയറാനുണ്ടെങ്കിൽ നിർത്തിയിടുന്ന സമയം വർധിപ്പിക്കും.ട്രെയിനിന്റെ ഓട്ടോമാറ്റിക് ഡോറുകൾ തുറന്നപ്പോൾ ഞങ്ങൾ അകത്തേക്ക് കയറി. എയർ കണ്ടീഷൻ ചെയ്തവയാണ് കംപാർട്ട്‌മെന്റുകൾ. വലിയ ഗ്ലാസ് വിൻഡോകളിലൂടെ കൊച്ചി നഗരത്തിന്റെ കാഴ്ചകൾ കാണാം. ട്രെയിൻ നീങ്ങിത്തുടങ്ങി. മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 80 കിലോമീറ്റർ വേഗമാണ് മെട്രോയ്ക്കുള്ളത്. പൂർണമായും ഡ്രൈവറില്ലാതെ പ്രവർത്തിക്കാനാകുന്നതാണ് കൊച്ചി മെട്രോ റെയിൽ എങ്കിലും നിലവിൽ ട്രെയിനിന്റെ രണ്ട് അറ്റങ്ങളിലുമുള്ള ഡ്രൈവർ കാബിനുകളിൽ ഡ്രൈവർ ഇരിക്കുന്നുണ്ട്.

IMG_0517

വൈദ്യുത ട്രെയിനുകളാണിവ. റെയിലുകളോട് ചേർന്ന് ഉയർന്നുനിൽക്കുന്ന മൂന്നാമത്തെ റെയിലിലാണ് വൈദ്യുതി പ്രവഹിക്കുന്നത്. എഞ്ചിനിൽ നിന്നുള്ള ഒരു ഭാഗം ഈ റെയിലുമായി മുട്ടുമ്പോളാണ് വൈദ്യുതി എഞ്ചിനിലെത്തുന്നത്. 750 വോൾട്ട് ഡി സി കറന്റാണ് ഇതിനായി ഉപയോഗിക്കുന്നത്. വൈദ്യുതി സോഴ്‌സ് ഏതു തരത്തിലായിരിക്കണമെന്ന കാര്യത്തിൽ ഡി എം ആർ സിയും കെ എം ആർ എല്ലുമായി ചില അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നു. വൈദ്യുതി 25 കിലോവോൾട്ടിന്റെ ഓവർഹെഡ് ലൈനുകളിലൂ ടെ നൽകണമെന്നായിരുന്നു ഡി എം ആർ സിയുടെ അഭിപ്രായം. കെ എം ആർ എൽ മുന്നോട്ടുവച്ച മൂന്നാമത്തെ റെയിലിലൂടെ വൈദ്യുതി എത്തിക്കുക എന്ന തീരുമാനമാണ് ഒടുവിൽ അംഗീകരിക്കപ്പെട്ടത്. അതുകൊണ്ടു തന്നെ ഒരു പ്ലാറ്റ്‌ഫോമിൽ നിന്നും മറ്റൊന്നിലേക്ക് ആർക്കും റെയിലൂടെ ചാടിക്കടക്കാനാവില്ല.

Wheel chair  space and emergency intercom facility

Wheel chair space and emergency intercom facility

??????????????????????????

 

ചാടിക്കടക്കാൻ നോക്കുന്നവൻ 750 വോൾട്ട് റെയിലിൽ തട്ടി ഒടുങ്ങുമെന്ന കാര്യത്തിൽ സംശയം വേണ്ട. ആരെങ്കിലും അബദ്ധത്തിൽ ട്രാക്കിലേക്ക് വീണാൽ അപകടം ഒഴിവാക്കുന്നതിനായി എല്ലാ സ്റ്റേഷനുകളിലും എമർജൻസി ട്രിപ്പ് സിസ്റ്റം എന്ന ഉപകരണം ഉണ്ട്. ഇതിലെ സ്വിച്ച് അമർത്തിയാൽ പാളത്തിലെ വൈദ്യുതി വിച്ഛേദിക്കപ്പെടും. അപകടമുണ്ടായ സ്റ്റേഷനു മുമ്പും പിമ്പുമുള്ള രണ്ട് സ്റ്റേഷനുകളിലെ വൈദ്യുതിയാണ് വിച്ഛേദിക്കപ്പെടുന്നത്. എമർജൻസി സ്വിച്ച് അപകടം കാണുന്ന ആർക്കും അമർത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കാം. ഇതിനടുത്തായുള്ള ടെലിഫോൺ കൈയിലെടുത്താൽ തന്നെ അത് ഓപ്പറേഷൻ കൺട്രോൾ റൂമിൽ ഉടനടി കേൾക്കും. ഹോട്ട് ലൈനാണ് അത്. ഇതിനു പുറമേ, എമർജൻസി സ്റ്റോപ്പ് പ്ലഞ്ചർ എന്ന സംവിധാനവും സ്റ്റേഷനുകളിലുണ്ട്.

IMG_0657

ഓരോ കംപാർട്ട്‌മെന്റിലും നിരവധി സുരക്ഷാക്യാമറകൾ ഫിറ്റ് ചെയ്തിട്ടുണ്ട്. ട്രെയിൻ അടിയന്തരമായി നിർത്തുന്നതിനുള്ള എമർജൻസി സ്വിച്ചും കംപാർട്ട്‌മെന്റുകളിൽ നൽകപ്പെട്ടിട്ടുണ്ട്. കംപാർട്ട്‌മെന്റിന്റെ മുകളിലെ വശത്ത് ഉറപ്പിച്ചിട്ടുള്ള സ്‌ക്രീനുകളിൽ വരാൻ പോകുന്ന സ്റ്റേഷനും ഇപ്പോൾ എത്തിയ സ്റ്റേഷന്റേയും വിവരങ്ങൾ ഡിസ്‌പ്ലേ ചെയ്യുന്നുണ്ട്. മൊത്തം 136 ബെഞ്ച് സീറ്റുകൾ മാത്രമേ വശങ്ങളിലായി ഉള്ളുവെന്നതിനാൽ യാത്രികരിൽ ഭൂരിഭാഗവും മുകളിൽ കൈപിടിക്കാൻ നൽകിയിട്ടുള്ള ഇടത്ത് കൈപിടിച്ചാണ് നിലകൊള്ളേണ്ടത്.

IMG_0627

വിവിധ സ്റ്റേഷനുകളെപ്പറ്റിയും ട്രെയിനിൽ പാലിക്കേണ്ട പെരുമാറ്റത്തെപ്പറ്റിയും അനൗൺസ്‌മെ ന്റുകളും നൽകുന്നുണ്ട്. കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ (സി ബി ടി സി) സംവിധാനം ഉപയോഗിച്ചാണ് സിഗ്‌നലിങ്ങും ടെലികമ്യൂണിക്കേഷനും സാധ്യമാക്കിയിട്ടുള്ളത്. ഇതിലൂടെ മുട്ടത്തെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ (ഒ സി സി) ട്രെയിനു കളുടെ സഞ്ചാരപഥം കൃത്യമായി നിശ്ചയിക്കപ്പെടുന്നു. കംപ്യൂട്ടറധിഷ്ഠിത ഒ സി സി ട്രെയിനെ നിരീക്ഷിക്കുകയും ചലിപ്പിക്കുകയും ചെയ്യുന്നു. ഡ്രൈവർമാരില്ലാതെയും മെട്രോ ട്രെയിൻ ഓടിക്കാമെങ്കിലും കൊച്ചി മെട്രോയിൽ ഓരോ ട്രെയിനിലും രണ്ട് പൈലറ്റുകൾ നിലവിലുണ്ട്. അടിയന്തിരഘട്ടത്തിൽ ഉപയോഗിക്കാൻ ട്രെയിനുള്ളിലും എമർജൻസി സ്വിച്ച് നൽകിയിട്ടുണ്ട്. സ്വിച്ച് അമർത്തിയാൽ യാത്രക്കാർക്ക് പൈലറ്റുമായി സംസാരിക്കാം. ഡ്രൈവറുടെ നിർദ്ദേശങ്ങൾ സ്പീക്കറിലൂടെ കേൾക്കുകയുമാകാം. അനാവശ്യമായി പക്ഷേ ഇതുപയോഗിച്ചാൽ ശിക്ഷിക്കപ്പെടും.

IMG_0583

കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം അൽസ്റ്റോം പൂർണമായും ഇന്ത്യയിൽ രൂപകൽപന ചെയ്ത് ഇന്ത്യയിൽ തന്നെ നിർമ്മിച്ചതാണ് ഈ മെട്രോപോളിസ്. അലുമിനിയവും കോംപോസിറ്റുകളുമാണ് നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ആന്റി ഗ്രാഫിറ്റി സംരക്ഷണകവചവും ഇതിനുണ്ട്. മൊബൈലുകൾ ചാർജ് ചെയ്യാൻ യു എസ് ബി ചാർജിങ് പോയിന്റുകളും മെട്രോയിലുണ്ട്. ഇന്ത്യയിൽ ഇതാദ്യമായാണ് മെട്രോയിൽ മൊബൈൽ ചാർജിങ് സംവിധാനം വരുന്നത്. വൈഫൈ സംവിധാനം രണ്ടു മാസത്തിനുള്ളിൽ തന്നെ മെട്രോയിൽ നിലവിൽ വരും. ആദ്യ കുറച്ചു സമയം സൗജന്യവും പിന്നീട് പണം നൽകിയുമാണ് വൈഫൈ ഉപയോഗിക്കേണ്ടത്.

??????????????????????????

പാലാരിവട്ടം, ചങ്ങമ്പുഴ പാർക്ക്, ഇടപ്പള്ളി, പത്തടിപ്പാലം, കൊച്ചിൻ യൂണിവേഴ്‌സിറ്റി, കളമശ്ശേരി, മുട്ടം, ആലുവ എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ. ഞങ്ങൾ ഓരോ സ്റ്റേഷനിലും ഇറങ്ങി സ്റ്റേഷനുകൾ കണ്ട് അടുത്ത ട്രെയിനിൽ കയറിയാണ് ആലുവ വരെയെത്തിയത്. സ്റ്റേഷനുകളെല്ലാം തന്നെ അതിമനോഹരമായാണ് രൂപപ്പെടുത്തിയിട്ടുള്ളത്. സുന്ദരമായ വലിയ ചിത്രങ്ങൾ സ്റ്റേഷനുകളുടെ മനോഹാരിത വർധിപ്പിക്കുന്നു. ആലുവ സ്റ്റേഷന്റെ നിലം പോലും പെരിയാർ നദിയെ പ്രമേയമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. ചെടികളും കിളികളും, മലകൾ, പാമ്പുകൾ, കിളിക്കൂട്, കാടും ആനയും വേഴാമ്പലും, കേരളത്തിന്റെ സമുദ്രചരിത്രം, മത്സ്യപ്പെരുമ, സുഗന്ധവ്യഞ്ജനങ്ങൾ, കലാസാംസ്‌കാരിക ചരിത്രം, പൂക്കൾ എന്നിങ്ങനെയാണ് മറ്റു സ്റ്റേഷനുകളുടെ തീമുകൾ.

Art works inside the terminals

Art works inside the terminals

കുടുംബശ്രീ ജീവനക്കാരും ഭിന്നലിംഗക്കാരുമാണ് ടിക്കറ്റിങ്ങിനും ഹൗസ് കീപ്പിങ് സർവീസിനുമായി നിയുക്തരായിട്ടുള്ളത്. മൊത്തം അഞ്ഞൂറിലധികം ജീവനക്കാരെ നിലവിൽ കെ എം ആർ എൽ മെട്രോയ്ക്കായി നിയമിച്ചു കഴിഞ്ഞിരിക്കുന്നു. ആലുവ മുതൽ പേട്ട വരെയുള്ള പൂർണമായ ആദ്യഘട്ട മെട്രോ സജ്ജമാകുമ്പോൾ 22 സ്റ്റേഷനുകൾ 25.6 കിലോമീറ്റർ സ്ഥലത്ത് ഉണ്ടാകും. 25 മെട്രോപോളിസ് ട്രെയിനുകളാണ് അൽസ്റ്റോം കൊച്ചി മെട്രോയ്ക്കായി നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തെ 20 നഗരങ്ങളിൽ ഓടുന്ന 5000ത്തോളം മെട്രോ കാറുകൾ നിർമ്മിച്ചു നൽകിയത് അൽസ്‌റ്റോം ആണ്.

IMG_0764

ഇന്ത്യയിൽ മെട്രോയിൽ ഇതാദ്യമായി പരീക്ഷിക്കപ്പെടുന്ന സി ബി ടി സി റേഡിയോ കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ അഥവാ അർബലിസ് 400 എന്ന സംവിധാനം 15 വർഷങ്ങളായി ലോകത്തെ 50 മെട്രോലൈനുകളിൽ ഉപയോഗിച്ചുപോരുന്നതാണ്.

IMG_0516

കൊച്ചി പോലൊരു ത്രീ ടയർ നഗരത്തിൽ മെട്രോ നടപ്പാക്കുന്നതോടെ ട്രാഫിക് അച്ചടക്കത്തിനും മെച്ചപ്പെട്ട ഗതാഗതത്തിനും അത് വഴിയൊരുക്കുമെന്ന കാര്യത്തിൽ സംശയമില്ല. നഗരത്തിലെ വരാനിരിക്കുന്ന പുതിയ പദ്ധതികളുടെ നട്ടെല്ലായി മെട്രോ മാറുമെന്ന് ആർക്കാണ് അറിയാത്തത്?$

ഹൈദരാബാദിലെ ശ്രീസിറ്റിയിലെ അൽസ്‌റ്റോമിന്റെ ഫാക്ടറിയിലെ ദൃശ്യങ്ങൾ

127119-LowRes-ManufacturingoffirstChennaimetrocarbodyshellsintheAlstomSriCityIndia-IMG1086 alstom factory Bogies

 

 

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)