Published On: Sat, Jun 3rd, 2017

JOYS OF LIFE

IMG_4017

വേറിട്ട വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച ജോയ് മാത്യുവിനോട് സിനിമയിൽ നിന്ന് എന്തു നേടിയെന്നു ചോദിച്ചാൻ ചൂണ്ടിക്കാണിക്കുന്നത് ഒരു വാഹനമാണ് – ലാൻഡ് റോവർ ഫ്രീ ലാൻഡർ 2 !

 എഴുത്ത്- ബൈജു എൻ നായർ, ചിത്രങ്ങൾ- ജമേഷ് കോട്ടയ്ക്കൽ

വർഷങ്ങൾക്കു മുമ്പ് സന്ധ്യമയങ്ങിക്കഴിയുമ്പോൾ കോഴിക്കോട് നഗരത്തിൽ ഒരു ഓട്ടോറിക്ഷ പ്രത്യക്ഷപ്പെടും. സാഹിത്യ കുതുകികളായ എല്ലാവർക്കും കൗതുകമായിരുന്ന ആ ഓട്ടോയുടെ പേര് ’100 ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡ്’. അതേ, മാർക്കേസിന്റെ ‘ഏകാന്തതയുടെ നൂറു വർഷങ്ങ’ളാണ് ഓട്ടോറിക്ഷയുടെ പേരായി സ്ഥാനം പിടിച്ചത്. അന്ന് ആ ഓട്ടോറിക്ഷ ഓടിച്ചിരുന്ന പയ്യൻ ഇന്നിപ്പോൾ മലയാള സിനിമയുടെ നെടുംതൂണുകളിലൊന്നാണ്. നടനായും തിരക്കഥാകൃത്തായും സംവിധായകനായും തിളങ്ങി നിൽക്കുന്ന, ക്ഷോഭിക്കുന്ന മദ്ധ്യവയസ്‌കൻ – ജോയ്മാത്യു.
”സച്ചിദാനന്ദൻ, ടി എൻ ജോയ്, ബി രാജീവൻ തുടങ്ങിയ പ്രമുഖ എഴുത്തുകാരൊക്കെ ഞാനോടിക്കുന്ന ഓട്ടോറിക്ഷയിൽ യാത്രചെയ്തിട്ടുണ്ട്. പകൽ ഓടിയാൽ പരിചയക്കാർ വന്ന് ഓസിനു യാത്ര ചെയ്യും. അതുകൊണ്ട് രാത്രി മാത്രമേ ഓടാറുണ്ടായിരുന്നുള്ളു. ഒരു രാത്രി 60 രൂപ വരെയൊക്കെ ഓട്ടോ ഓടിച്ച് സമ്പാദിച്ചിട്ടുണ്ട്” -കോഴിക്കോട് മലാപ്പറമ്പിലെ ‘ടോംസ് കോട്ടേജ്’ എന്ന വീടിന്റെ രണ്ടാംനിലയിൽ പുസ്തകഷെൽഫുകൾക്കു നടുവിലിരുന്ന് ജോയ്മാത്യു ഓർമ്മകൾ റിവേഴ്‌സ് ഗിയറിലിട്ടു.

IMG_4038
പണ്ട് ഓട്ടോറിക്ഷ തിരിച്ച കൈകൾ ഇന്ന് തിരിയ്ക്കുന്നത് ലാൻഡ്‌റോവർ ഫ്രീലാൻഡറാണ്. അതിനെപ്പറ്റിയും നർമ്മത്തിൽ ചാലിച്ച് പറയാനാണ് ജോയ്മാത്യുവിനിഷ്ടം. ”ഗൾഫിൽ നിന്ന് നാട്ടിൽ തിരിച്ചുവന്ന് സിനിമയിലൊക്കെ അഭിനയിച്ചു തുടങ്ങിയപ്പോൾ ആദ്യം വാങ്ങിയത് മാരുതി വാഗൺ ആറാണ്. തുടർന്ന് ടൊയോട്ട ഇന്നോവ. 5 വർഷം ഇന്നോവ ഉപയോഗിച്ചപ്പോൾ ഇനി കൂടുതൽ സേഫ്റ്റിയൊക്കെയുള്ള ഒരു ഒട്ടോമാറ്റിക് വാഹനം വേണമെന്നു തോന്നി. അഭിപ്രായം ചോദിച്ചത് ദുൽഖറിനോടാണ്. ‘ഫ്രീലാൻഡർ നോക്ക്. അസ്സല് വണ്ടിയാണ്. ജോയ് എട്ടന്റെ ക്യാരക്ടറിനു പറ്റുന്ന വണ്ടിയുമാണ്’ ദുൽഖർ ഉപദേശിച്ചു. അങ്ങനെ ഞാൻ ഫ്രീലാൻഡർ ഓടിച്ചുനോക്കി. എനിക്ക് ഇഷ്ടമായി. വളരെ കംഫർട്ടബ്ൾ ആണ് ഫ്രീലാൻഡർ. ഡ്രൈവർ സീറ്റിലിരിക്കുമ്പോൾ ലോറിയുടെ ഉയരം തോന്നും. അങ്ങനെ തന്നെ വേണം വണ്ടിയായാൽ. മറ്റൊരു വാഹനത്തിൽ ഇരിക്കുന്നവനെ താഴോട്ടേ നോക്കാവൂ. മേലോട്ടു നോക്കിയാൽ നമ്മൾ ചെറുതായിപ്പോകും”- ജോയ്മാത്യു ഉറക്കെചിരിച്ചുകൊണ്ട് പ്രഖ്യാപിക്കുന്നു.

IMG_4007
ഉയർന്ന സീറ്റിങ് പൊസിഷനുള്ള വാഹനം വാങ്ങിക്കുമ്പോൾ നമുക്ക് നമ്മളെക്കുറിച്ച് ഒരു അഭിമാനം തോന്നുമെന്ന പക്ഷക്കാരനാണ് ജോയ്മാത്യു. എന്നാൽ ഇപ്പോഴും ഇത് തന്റെ സ്വന്തം വാഹനമാണെന്ന് ജോയ്മാത്യു വിശ്വസിക്കുന്നില്ല. ”ആറുമാസം കൂടി ബാങ്ക് ലോൺ അടച്ചാലേ ഫ്രീലാൻഡർ എന്റെ സ്വന്തമാകൂ. അതിനുശേഷം, സിനിമയിൽ നിന്ന് എന്തു നേടി എന്ന് ആരെങ്കിലും ചോദിച്ചാൽ ചൂണ്ടിക്കാണിക്കാൻ എനിക്കീ വണ്ടിയുണ്ട്” – ഇതാണ് ജോയ്മാത്യുവിന്റെ ന്യായം.
സുധീഷ് എന്ന വിശ്വസ്തനായ സാരഥിയാണ് ജോയ്മാത്യുവിന്റെ യാത്രകളിൽ കൂട്ട്. വാഹനത്തെ സ്‌നേഹിക്കുന്നവനായിരിക്കണം ഡ്രൈവർ എന്ന തന്റെ സങ്കല്പത്തിന് ഇണങ്ങുന്നയാളാണ് സുധീഷ് എന്ന് ജോയ്മാത്യു പറയുന്നു. ‘ഹീ ലവ്‌സ് ഡ്രൈവിങ്. എത്ര ഓടിച്ചാലും അവന് മതിവരില്ല. ഞാൻ നടന്നുവരുന്നതു കാണുമ്പോൾ, ഇനി ഞാനെങ്ങാനും ഓടിച്ചാലോ എന്ന് പേടിച്ച് അവൻ ഡ്രൈവർ സീറ്റിൽ ചാടിക്കയറി ഇരിക്കും” -വീണ്ടും പൊട്ടിച്ചിരിയുടെ ആരവത്തോടെ ജോയ്മാത്യു പറയുന്നു.

IMG_4022
”എനിക്ക് ഭയങ്കര വണ്ടി ക്രേസാണ്” എന്നു പറഞ്ഞുകൊണ്ടാണ് ജോയ്മാത്യൂ സംസാരിച്ചു തുടങ്ങിയതു തന്നെ. അതിനു കാരണവുമുണ്ട്. അച്ഛൻ മാത്യുവിന് ടയർ ഷോപ്പായിരുന്നു. കോഴിക്കോട് മാതൃഭൂമിക്കടുത്തായിരുന്നു ഷോപ്പ്. പുതിയ ടയറുകൾ, പഞ്ചറൊട്ടിക്കാനും റീട്രേഡിങിനുമുള്ള സാമഗ്രികൾ- ഇതൊക്കെ ലഭ്യമായിരുന്നു ഷോപ്പിൽ. (അച്ഛൻ പഞ്ചറൊട്ടിക്കുമായിരുന്നോ എന്ന ചോദ്യത്തിന് ജോയ്മാത്യുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: ഏയ്.. ഒരിക്കലുമില്ല… മേലനങ്ങി പണമുണ്ടാക്കരുത് എന്ന ന്യായക്കാരനായിരുന്നു അച്ഛൻ. ഓടി നടന്ന് ആനയെ പിടിക്കണ്ട; ഒരിടത്തിരുന്ന് ഈച്ചയെ പിടിച്ചാൽ മതി എന്ന പക്ഷക്കാരൻ!)
സ്‌കൂൾ വിട്ടുവന്നു കഴിഞ്ഞാൽ ഷോപ്പിൽ പോയി അച്ഛനെ സഹായിക്കുമായിരുന്നു. അച്ഛന്റെ പണപ്പെട്ടിയിൽ നിന്ന് കാശ് അടിച്ചുമാറ്റുക എന്നതും ലക്ഷ്യമായിരുന്നു മോഷ്ടിക്കുന്ന പണം ഉപയോഗിക്കുന്നത് രണ്ട് കാര്യങ്ങൾക്കാണ്. ഒന്ന്, ക്രൗൺ തീയേറ്ററിൽ സുഹൃത്ത് പ്രേംചന്ദിനെയും കൂട്ടിപ്പോയി സിനിമ കാണാനും അമ്പിളി അമ്മാവൻ എന്ന കുട്ടികളുടെ മാസിക വാങ്ങിക്കാനും.
സ്‌കൂളിൽ പഠിക്കുന്ന കാലത്ത് അച്ഛനൊരു സ്‌പോർട്‌സ് സൈക്കിൾ വാങ്ങിത്തന്നു. അന്ന് കോഴിക്കോട് സ്‌പോർട്‌സ് സൈക്കിളൊക്കെ അപൂർവ കാഴ്ചയായിരുന്നു. കുറച്ചുകാലം കഴിഞ്ഞ് വലിയ റാലി സൈക്കിൾ വാങ്ങി, അക്കാലത്ത് റാലി സൈക്കിളിന് ഇന്നത്തെ ബുള്ളറ്റിന്റെ ഗമയാണ്. അത് ചവിട്ടി ദൂരെ സ്ഥലങ്ങളിലൊക്കെ പോകുമായിരുന്നു.
വീട്ടിൽ ആദ്യം വാങ്ങിയ കാർ സ്റ്റാൻഡേർഡ് 10 ആയിരുന്നു. തുടർന്ന് 62 മോഡൽ അംബാസഡർ (ലാൻഡ്മാസ്റ്റർ) വാങ്ങി. അതിന്റെ ഗ്രില്ലൊക്കെ മാറ്റി മാർക്ക് 2 ആക്കി ‘മോഡിഫൈ’ ചെയ്തു. എന്നും വർക്ക്‌ഷോപ്പിലായിരുന്നു ആ കാർ. എനിക്കാണെങ്കിൽ വർക്ക്‌ഷോപ്പുകളിലെ ഗ്രീസിന്റെ മണം വലിയ ഇഷ്ടമാണ്. അതുകൊണ്ട് കാർ നന്നാക്കുമ്പോൾ ഞാനും അവിടെപ്പോയി നിൽക്കും. വർക്ക്‌ഷോപ്പിലെ ജീവനക്കാർ ലൈംഗികച്ചുവയുള്ള കഥയൊക്കെ പറയുന്നത് കേൾക്കുക എന്ന ഉദ്ദേശം കൂടി ആ നിൽപ്പിനുണ്ടായിരുന്നു.

IMG_4025
അക്കാലത്തു തന്നെ വീട്ടിലൊരു ടാറ്റ ലോറി വാങ്ങി. അച്ഛനും മൊയ്തീൻ കോയയും പാർട്ണർമാരായാണ് വാങ്ങിയത്. ഒരു ദിവസം മൊയ്തീനിക്ക പറഞ്ഞു. ‘എടോ, വണ്ടി ഓടിച്ച് പഠിക്ക്’ കേട്ടപാതി കേൾക്കാത്ത പാതി ഞാൻ ലോറിയിൽ കയറിയിരുന്ന് പഠനം തുടങ്ങി. ഡബ്ൾ ക്ലച്ചൊക്കെ ചവിട്ടി വേണം ഗിയർമാറ്റാൻ. അങ്ങനെ ഗുരുനാഥന്മാരില്ലാതെ തന്നെ ഡ്രൈവിങ് പഠിച്ചു.
സ്വന്തമായി വാങ്ങിയ ആദ്യവാഹനം ഒരു ഹീറോഹോണ്ട ബൈക്കാണ്. കെഇഇസഡ് 479. ആ ബൈക്ക് ഇപ്പോൾ ആരുടെയെങ്കിലും കൈയിലുണ്ടെങ്കിൽ തിരികെ വാങ്ങാൻ ഞാൻ തയ്യാറാണ്. കാരണം, വർഷങ്ങളോളം സുഖത്തിലും ദുഃഖത്തിലും എന്റെ കൂട്ടുകാരനായിരുന്നു അവൻ. ഞാൻ അവനോട് സംസാരിക്കുമായിരുന്നു. ഒരിക്കലും അവനെന്നെ ചതിച്ചിട്ടില്ല.
ബോധി ബുക്‌സ് നടത്തിയിരുന്ന കാലത്ത് പുസ്തക വിതരണത്തിനായി 18,000 രൂപ കൊടുത്തുവാങ്ങിയ അംബാസിഡറാണ് ആദ്യമായി സ്വന്തമാക്കിയ നാൽചക്രവാഹനം. പിന്നെ ചുവന്ന മാരുതി ഓംമ്‌നി വാങ്ങി. അക്കാലത്ത് സൂര്യടിവിയിലായിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോട്ടുകാർക്ക് സൂര്യടിവി എന്നു പറഞ്ഞാൽ ആ ചുവന്ന ഓംമ്‌നി യായിരുന്നു! കാലചക്രം ഉരുണ്ടപ്പോൾ ഞാൻ ദുബായ്‌ലെത്തി. രണ്ടാം ടെസ്റ്റിൽ ഡ്രൈവിങ് ലൈസൻസ് കിട്ടി. ലൈസൻസ് കിട്ടുക എന്നു പറഞ്ഞാൾ ഒരാൾക്ക് ചലനസ്വാതന്ത്ര്യം കിട്ടുക എന്നതാണ്. ടാക്‌സിക്ക് കൈകാണിച്ചും എന്നെയൊന്ന് കൊണ്ടുവിടാമോ എന്ന് കൂട്ടുകാരോട് ചോദിച്ചും മടുത്തിരിക്കുമ്പോഴാണ് ലൈസൻസ് കരഗതമാകുന്നത്.

IMG_4024
ആദ്യം നിസാൻ ടിഡ എന്ന കൊച്ചുകാർ റെന്റിനെടുത്തു. അതിനുശേഷം കാർ വാങ്ങാൻ തീരുമാനിച്ചപ്പോൾ ഭാര്യയുടെ ഓഫീസർ ജോർജ്ജാണ് ഉപദേശിച്ചത്, ടൊയോട്ട കാർ വാങ്ങാൻ. (ഞാൻ സിനിമാക്കാരനാകുന്നതിനു മുമ്പു തന്നെ എന്റെ ആരാധകനായിരുന്നു, മേല്പറഞ്ഞ ജോർജ്ജ്! അതിന്റെ കാരണം ഇന്നും എനിക്ക് മനസ്സിലായിട്ടില്ല) ഗൾഫിൽ നിന്നു പോരുന്നതുവരെ ആ കാറാണ് ഞാൻ ഉപയോഗിച്ചത്. ദുബായിൽ നിന്ന് വഴിതെറ്റി ഒമാൻ അതിർത്തി വരെയൊക്കെ ഞാൻ പോയിട്ടുണ്ട്. പക്ഷേ, ഞങ്ങൾ തമ്മിൽ നല്ല സ്‌നേഹത്തിലായിരുന്നു. രണ്ടെണ്ണം അടിച്ചിട്ടൊക്കെ വണ്ടി ഓടിച്ച് വീട്ടിലെത്തിക്കഴിഞ്ഞ്, കാംറി എന്നെയൊരു നോട്ടമുണ്ട്. ‘ഇനി ഇത് വേണ്ടാട്ടോ…. ‘ എന്നാണ് നോട്ടത്തിന്റെ അർത്ഥമെന്ന് എനിക്കറിയാം.
ലോകത്തിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ ഫ്രീലാൻഡറിന്റെ ഉടമയായ ജോയ്മാത്യുവിന്റെ അടുത്ത വാഹനം ഏതായിരിക്കും? -ഞാൻ ചോദിച്ചു. മറുപടി വിചിത്രമായിരുന്നു.
”ഒരു വാഹനവീട്. അതാണെന്റെ സ്വപ്‌നം. ഏതാണ്ടൊരു കാരവാൻ തന്നെ. എന്റെ കുടുംബാംഗങ്ങൾക്ക് താമസിക്കാനും കൂട്ടുകാർക്ക് സൊറപറഞ്ഞിരിക്കാനും പറ്റിയ വലിയ മുറികളുള്ള വണ്ടി, അടുക്കള, ടോയ്‌ലറ്റ് ഒക്കെ വേണം (ശത്രുക്കളുടെ വീടിനു മുന്നിൽ നിർത്തി ടോയ്‌ലെറ്റിൽ പോവുക എന്നതും ലക്ഷ്യങ്ങളിൽപ്പെടുന്നു) ഇതേ വണ്ടി ഗ്രാമപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് രാത്രികളിൽ സ്‌ക്രീൻ വലിച്ചുകെട്ടി സൗജന്യ സിനിമാ പ്രദർശനം നടത്തും. പുസ്തകങ്ങൾ വിതരണം ചെയ്യും”- ജോയ് മാത്യൂ പറയുന്നു.

IMG_4032
ഭാര്യയോടും ജോയ്മാത്യു പറഞ്ഞിട്ടുണ്ട്, നമ്മൾ വീടുപണിയില്ല, താമസിക്കാൻ കാരവനാണ് വാങ്ങാൻ പോകുന്നതെന്ന്. ഒരു രഹസ്യം കൂടി പറയാം, താൻ
നിർമ്മിക്കാൻ പോകുന്ന കാരവന്റെ രേഖാചിത്രം സ്വയം വരച്ചു സൂക്ഷിച്ചിട്ടുമുണ്ട്, ഈ വിപ്ലവകാരി!
യാത്ര പറഞ്ഞ് പടിയിറങ്ങുമ്പോൾ ഒരു കാര്യം കൂടി പറഞ്ഞു, ജോയ്മാത്യു. ”സിനിമ ഒരു ഷോബിസി നസാണ്. നമ്മൾ ഏതു വണ്ടിയിൽ വരുന്നു എന്നതൊക്കെ വളരെ പ്രധാനമാണ്. അതൊക്കെ പോട്ടെ, ഞാനൊരു ചെറിയ കാറാണ് വാങ്ങിച്ചതെങ്കിൽ നീ എന്നെ തെരഞ്ഞ് വരുമായിരുന്നോ?”
ഉത്തരം മുട്ടിയ ഞാൻ കോഴിക്കോടിന്റെ ഇരുട്ടത്തേക്ക് ചാടി, ഓടി രക്ഷപ്പെട്ടു!$

 

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)