Published On: Tue, Nov 22nd, 2016

GROWN UP!!

Share This
Tags

22-25 Test Drive Fortuner-page-001

അടിമുടി മാറ്റങ്ങളുമായെത്തിയ ഫോർച്യൂണറിന്റെ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട് കഴിഞ്ഞ ലക്കത്തിൽ വായിച്ചിരുന്നല്ലോ, പഴയ ഫോർച്യൂണറിൽ നിന്നും എന്തൊക്കെയാണ് മാറ്റങ്ങളെന്ന് നമുക്കൊന്നു നോക്കാം.

എഴുത്തും ചിത്രങ്ങളും – ജുബിൻ ജേക്കബ്‌

ഇന്ത്യയിൽ എസ് യു വി തരംഗം ശക്തിപ്രാപിക്കുന്നതിനും മുമ്പേ കടന്നു വന്ന കരുത്തനായിരുന്നു ടൊയോട്ട ഫോർച്യൂണർ. കാരിരുമ്പിന്റെ കരുത്തും ടൊയോട്ടയുടെ പിൻബലവുമായെത്തിയ ഫോർച്യൂണറിനെ ഇന്ത്യക്കാർ ഇരുകൈകളും നീട്ടി സ്വീകരിച്ചെന്നു മാത്രമല്ല പിന്നീടു വന്ന മോഡലുകളെ ഫോർച്യൂണറെന്ന അളവുകോൽ കൊണ്ട് അളക്കുകയും ചെയ്തു. ഇതൊക്കെയാണെങ്കിലും ഫോർച്യൂണറിനെതിരെ പരോക്ഷമായ ചില ആക്ഷേപങ്ങളുമുണ്ടായിരുന്നു. ഹൈലക്‌സ് പിക്കപ്പിന്റെ പ്ലാറ്റ് ഫോം ഉപയോഗിക്കുന്നതു മുതൽ പഴകിത്തുടങ്ങിയ ഡിസൈൻ വരെയുണ്ടായിരുന്നു വിമർശനങ്ങളിൽ. അത്തരം ദോഷൈകദൃക്കുകളുടെ വായടപ്പിക്കാൻ തന്നെയാണ് ടൊയോട്ടയുടെ തീരുമാനമെന്ന് ഇപ്പോൾ മനസ്സിലായി. കാരണം ഞാനിപ്പോൾ നിൽക്കുന്നത് ഏറ്റവും പുതിയ ടൊയോട്ട ഫോർച്യൂണറിനൊപ്പമാണ്. കൂടെ പഴയ മോഡൽ ഫോർച്യൂണറുമുണ്ട്.

IMG_9600

1998ൽ ഹൈലക്‌സ് സ്‌പോർട്ട് റൈഡർ എന്ന മോഡലിലൂടെയാണ് ഫോർച്യൂണർ എന്നൊരു താരോദയമുണ്ടായത് തായ്‌ലൻഡ് അടക്കം വളരെക്കുറച്ച് വിപണികളിൽ മാത്രമിറങ്ങിയ ഒരു അപൂർവ്വ മോഡലായിരുന്നു അത്. 2004 വരെ വിപണിയിലുണ്ടായിരുന്ന സ്‌പോർട്ട് റൈഡറിനു ശേഷമാണ് 2005ൽ ഫോർച്യൂണർ എന്ന പേരിൽ ഹൈലക്‌സിനെ അടിസ്ഥാനമാക്കി ടൊയോട്ട ഒരു എസ് യു വി വിപണിയിലിറക്കുന്നത്. അമ്പരപ്പിക്കുന്ന വളർച്ചയായിരുന്നു അടുത്ത വർഷങ്ങളിൽ ഫോർച്യൂണറിനെ കാത്തിരുന്നത്. 2009ൽ ഇന്ത്യയിലിറങ്ങിയ ഫോർച്യൂണറിന്റെ വിജയക്കുതിപ്പിനു കൂടുതൽ ഊർജ്ജം പകരാനാണ് ഇപ്പോൾ പുതിയ അവതാരം എത്തിയിരിക്കുന്നത്. പഴയതും പുതിയതുമായ മോഡലുകളിലെ മാറ്റം എന്തൊക്കെയാണെന്നു പരിശോധിക്കാം.

കാഴ്ച

പഴയ വാഹനത്തിൽ നിന്നും പലകോടി കാതങ്ങളകലെയാണ് പുതിയ ഫോർച്യൂണറിന്റെ രൂപഭാവങ്ങൾ. പിക്കപ്പിന്റെ രൂപമായിരുന്നു പഴയ മോഡലിന്റെ ശാപമെങ്കിൽ പ്രീമിയം കാറുകളെ തോല്പ്പിക്കുന്ന ഭംഗിയുമായാണ് പുത്തൻ ഫോർച്യൂണറിന്റെ വരവ്. വലിയ വീൽ ആർച്ചുകളും ബോണറ്റിലെ സ്‌കൂപ്പുമൊക്കെയാണ് പഴയ മോഡലിലെ പൗരുഷപ്രതീകങ്ങളെങ്കിൽ പുതിയ മോഡലിൽ ഇവയൊന്നുമില്ല. പകരം പരന്ന ബോണറ്റും തെല്ലു വീർത്ത സൈഡ് ഫെൻഡറുകളിലെ ഒതുങ്ങിയ വീൽ ആർച്ചുകളും കാണാം. എസ് യു വികളുടെ മുഖമുദ്രയായ സ്‌കിഡ് പ്‌ളേറ്റ് ഇവിടെ കാണാനില്ല. പകരം ഏതു കുന്നും മലയും താണ്ടാൻ പോന്ന ഗ്രൗണ്ട് ക്‌ളിയറൻസും അതു വെളിവാക്കുന്ന രൂപകല്പനയും മാത്രം. ബൈബീം എൽഇഡി ലാമ്പുകളും ഡേടൈം റണ്ണിങ്ങ് ലാമ്പുകളുമടങ്ങിയ ഹെഡ്‌ലൈറ്റുകൾക്ക് പഴയമോഡലിനെക്കാൾ തെല്ലു വലുപ്പം കുറവാണെന്നു തോന്നുമെങ്കിലും അരികിലൂടെ ഒഴുകിയിറങ്ങുന്ന കനത്ത ക്രോമിയം ലൈൻ അതിന്റെ കുറവുതീർക്കുന്നു.

IMG_9633

രണ്ടേരണ്ടു സ്‌പോക്കുള്ള ഗ്രില്ലിൽ ലാളിത്യത്തോടൊപ്പം ഗൗരവവും തുളുമ്പി നിൽക്കുന്നു. ഫോഗ് ലാമ്പ് കട്ടിങ്ങുകൾക്കു ചുറ്റുമുണ്ട് കനത്ത ഗാർണിഷിങ്ങ്. പക്ഷേ ബമ്പറിനു താഴെ എസ് യു വികളിൽ പതിവുള്ള സ്‌കിഡ് പ്‌ളേറ്റ് കാണാനില്ല..! സൈഡ് പ്രൊഫൈലിലും ആകെ മാറ്റങ്ങളാണ്. നേരത്തേ പറഞ്ഞതു പോലെ വലിയ വീൽ ആർച്ചുകൾ അപ്രത്യക്ഷമായിരിക്കുന്നു. ആഴം കുറഞ്ഞ ബോഡിലൈനുകൾ. പഴയമോഡലിൽ ഏച്ചുകെട്ടിയതു പോലെ തോന്നിച്ചിരുന്ന വലിയ സി പില്ലറിനു പകരം വന്ന പുതിയ ഡിസൈൻ ആരെയും ആകർഷിക്കും. വിൻഡോകൾക്ക് താഴെയായി പിന്നിലേക്കൊഴുകുന്ന ക്രോം ലൈനിങ്ങ് സി പില്ലറിനു മുമ്പ് അല്പം മുകളിലേക്കുയർന്ന് കനം വെച്ച് ചെരിഞ്ഞിറങ്ങുന്നു. ഈ ഡിസൈനാണ് ടൊയോട്ട പുതിയ ഫോർച്യൂണറിനെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നത്. പിൻകാഴ്ചയിലും ആകെ മാറ്റങ്ങളുണ്ട്. സ്‌റ്റൈലിഷായ എൽഇഡി ടെയ്ൽലാമ്പുകളും വലിയ റാപ് എറൗണ്ട് ബമ്പറുമൊക്കെച്ചേർന്ന് ആകെ ആധുനികമായിട്ടുണ്ട്. റൂഫ് മൗണ്ടഡ് സ്‌പോയ്‌ലറിനു മാത്രം വലിയ മാറ്റമില്ല.

ഉള്ളിൽ

ഡാർക്ക് ബ്രൗൺ നിറമുള്ള ലെതർ സീറ്റുകളാണ് ആദ്യം ശ്രദ്ധയിൽപ്പെടുക. ഡാഷ്‌ബോർഡിന്റെയും കൺസോളിന്റെയുമൊക്കെ ഫിനിഷും വളരെ മാറിപ്പോയിരിക്കുന്നു. ആർട്ട് ലെതറും ഫേക് വുഡും ചേർന്നു പൊതിഞ്ഞ ക്യാബിൻ ഡിസൈൻ ആരെയും ആകർഷിക്കും. സെന്റർ കൺസോളിനു നടുവിലെ വലിയ ടച്ച് സ്‌ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം ഉപയോഗിക്കാൻ എളുപ്പവും മികച്ച നിലവാരം പുലർത്തുന്നതുമാണ്.

IMG_9676

രണ്ടായി തിരിച്ച ഗ്‌ളോബോക്‌സിൽ മുകളിലേതിന് കൂളിങ്ങ് സൗകര്യമൂണ്ട്. പഴയ ഫോർച്യൂണറിലേതു പോലെ ഹൈലക്‌സ് പിക്കപ്പിന്റെ ഘടകങ്ങൾ അതേപടി ഇവിടെ ഉപയോഗിക്കപ്പെട്ടില്ല എന്നത് വളരെ ആശ്വാസം പകരുന്നു. ലളിതവും പ്രായോഗികമായ ഇൻസ്ട്രമെന്റ് കൺസോളിൽ സ്പീഡോ, ടാക്കോ, ഫ്യുവൽ, ടെമ്പറേച്ചർ എന്നീ അനലോഗ ഡയലുകൾക്കൊപ്പം വെഹിക്കിൾ ഇൻഫർമേഷൻ ഡിസ്‌പ്ലേയുമുണ്ട്. ലെതറും ഫേക് വുഡും ചേർന്ന് മെനഞ്ഞെടുത്ത ത്രീ സ്‌പോക് സ്റ്റിയറിങ്ങ് വീലിൽ ഓഡിയോ, ക്രൂസ് കൺട്രോൾ ബട്ടണുകളും കാണാം. ടെയ്ൽഗേറ്റ് അഥവാ പിൻഡോറിന് റിമോട്ട് ഓപ്പറേഷനുണ്ട്. ആവശ്യത്തിനുള്ള സ്റ്റോറേജും അവിടവിടായി കാണാം. ഇതൊക്കെയാണെങ്കിലും ഒരു സൺറൂഫിന്റെ കുറവുണ്ടെന്ന് പറയാതെ വയ്യ.

ഡ്രൈവ്

2.7 ലിറ്റർ പെട്രോൾ/ഡീസൽ എൻജിനുകളോടെ മാനുവൽ ഓട്ടൊമാറ്റിക് വേരിയന്റുകളുമായാണ് പുതിയ ഫോർച്യൂണറിന്റെ വരവ്. അന്താരാഷ്ട്ര വിപണിയിൽ അഞ്ചോളം എൻജിൻ ഓപ്ഷനുകളുണ്ടെങ്കിലും ഇന്ത്യയ്ക്ക് രണ്ട് മാത്രം. മൂന്ന് ട്രാൻസ്മിഷനുകളാണ് ടൊയോട്ട ഫോർച്യൂണറിനു വേണ്ടി അവതരിപ്പിച്ചിരിക്കുന്നത്. 6 സ്പീഡ് ഇന്റലിജന്റ് മാന്വൽ, 5 സ്പീഡ് മാന്വൽ, 6 സ്പീഡ് ഓട്ടൊമാറ്റിക് വിത് സീക്വൻഷ്യൽ/ പാഡ്ൽ ഷിഫ്റ്റ് എന്നിങ്ങനെ പോകുന്നു ട്രാൻസ്മിഷന്റെ കഥ. 2 വീൽ/ ഫോർ വീൽ ഡ്രൈവ് വകഭേദങ്ങളുമുണ്ട്. പെട്രോൾ വേർഷന് 5 സ്പീഡ് മാന്വൽ, 6 സ്പീഡ് ഓട്ടൊമാറ്റിക് ട്രാൻസ്മിഷനുകളുമുണ്ടെങ്കിലും 4 വീൽ ഓപ്ഷനില്ല. ഡീസലിൽ ഇവയെല്ലാം ലഭ്യമാണ്. ആദ്യം ഓടിച്ചത് പെട്രോൾ ഓട്ടൊമാറ്റിക് വേരിയന്റാണ്. 2694സിസി ഡ്യുവൽ വിവിടി 4 സിലിൻഡർ എൻജിനാണിത്. 5500 ആർപിഎമ്മിൽ 160 ബിഎച്പിയാണ് കരുത്ത്. ടോർക്ക് 4000 ആർപിഎമ്മിൽ 245 ന്യൂട്ടൺ മീറ്ററും. തുടക്കത്തിൽ ഒരല്പം മന്ദത തോന്നുമെങ്കിലും അധികം വൈകാതെ വേഗത കൈവരിക്കുന്ന സ്വഭാവക്കാരനാണ് ഈ എൻജിൻ. പെട്രോൾ ഓട്ടൊമാറ്റിക്കിന് ടൂ വീൽ ഡ്രൈവ് മാത്രമേയുള്ളൂ എന്നതുകൊണ്ട് പൊതുവേ പ്രശ്‌നങ്ങളൊന്നും തോന്നിയില്ല. ഒരുവിധം ഓഫ് റോഡ് മേഖലകളിലെല്ലാം വലിയ പ്രശ്‌നമില്ലാതെ കടന്നു പോരാനായി. ഹിൽ അസിസ്റ്റ് കൺട്രോൾ സംവിധാനവുമുണ്ട്. വാഗമണിലെ എം.എം.ജെ എസ്റ്റേറ്റിനുള്ളിലുള്ള ഓഫ് റോഡ് ട്രാക്കിലാണ് ഫോർച്യൂണർ തന്റെ സ്വഭാവം വെളിപ്പെടുത്തിയത്. വലിയ പാറക്കല്ലുകളെപ്പോലും കടന്ന് പുൽമേട്ടിലേക്കെത്തിയപ്പോൾ ഫോർച്യൂണറിന് ഇതൊന്നും ഒരു സംഭവമേയല്ല എന്ന ഭാവം.

IMG_9655

മടക്കയാത്രയ്ക്ക് ലഭിച്ചത് ഡീസൽ മാന്വൽ മോഡലായിരുന്നു. 2755സിസി 4 സിലിൻഡർ 16 വാൽവ് ടർബോചാർജ്ഡ് എൻജിനാണിത്. 177 ബിഎച്പിയാണിവന്റെ കരുത്ത്. 1400 മുതൽ 2600 വരെയുള്ള ആർപിഎമ്മിൽ 420 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. ഹൈവേയിൽ കുതിച്ചുപായാനും നഗരം വിട്ട് നാടുകാണാനുമൊക്കെ തയ്യാറായ ഫോർച്യൂണറിന് പറ്റിയ എൻജിൻ ഡീസൽ തന്നെയാണെന്നു തോന്നിപ്പിക്കും വിധമുള്ള പ്രകടനം. യാത്രാസുഖത്തെപ്പറ്റി പറയുമ്പോൾ പഴയ മോഡലിൽ നിന്നും ഏറെ മുന്നിലാണ് പുതിയ ഫോർച്യൂണർ. സസ്‌പെൻഷം ആകെയൊരു കടുപ്പമുള്ളതു കൊണ്ട് റോഡിലെ ചെറിയ വ്യത്യാസങ്ങൾ പോലും ഉള്ളിലറിയാമെന്നു മാത്രം.

IMG_9566
നൂറിലേറെ കിലോമീറ്റർ ഡ്രൈവ് ചെയ്തതു കൂടാതെ അല്പനേരം മധ്യനിരയിലിരുന്നും യാത്ര ചെയ്തതിൽ നിന്നും ഒരു കാര്യം കൂടി മനസ്സിലായി – പഴയ മോഡലിനെക്കാൾ തീർത്തും ബോഡിറോൾ കുറവാണ്. വളവുകൾ വീശിയെടുത്തിട്ടും പിൻസീറ്റ് യാത്രികർ പരാതിപ്പെട്ടില്ല. സുരക്ഷാ സൗകര്യങ്ങൾ ഒട്ടും കുറവല്ല ഫോർച്യൂണറിൽ. ഏഴ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങി മുൻനിര സീറ്റുകളിൽ വിപ്ലാഷ് ഇൻജുറി ലെസനിങ്ങ് സംവിധാനം വരെ ടൊയോട്ട ഒരുക്കിയിട്ടുണ്ട് $

IMG_9596

 

 

 

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)