Published On: Mon, Jun 5th, 2017

GLAM DIVA!

_ALU9897

ആഡംബര കാറുകളുടെ വലിയ ഒരു ശ്രേണി തന്നെയുള്ള ഡോക്ടർ നിലൂഫർ ഷെരീഫിന്റെ തൃശൂരിലെ വസതിയിലേക്ക് കഴിഞ്ഞയാഴ്ച രാജശ്രീ മോട്ടോഴ്‌സിൽ നിന്നും മെർസിഡസ് ബെൻസിന്റെ പുതിയൊരു താരമെത്തി -സി ക്ലാസ് കാബ്രിയോലെ. സി ക്ലാസ് ആരാധികയ്ക്കുള്ള അച്ഛന്റെ സുന്ദരൻ സർപ്രൈസ് ഗിഫ്റ്റ്.

എഴുത്ത്- ജെ. ബിന്ദുരാജ്, ചിത്രങ്ങൾ- ലാലു തിരുമിറ്റക്കോട്

എഞ്ചിനീയറായ അച്ഛന്റെ ഡോക്ടറായ മകൾക്ക് കാറുകളോടുള്ള പ്രണയം തുടങ്ങിയത് കുട്ടിക്കാലത്താണ്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ, കേവലം പത്തുവയസ്സുള്ളപ്പോൾ തന്നെ സ്റ്റീയറിങ് വീൽ പിടിച്ചുതുടങ്ങിയതാണ് കുഞ്ഞു നിലൂഫർ. കൺസ്ട്രക്ഷൻ സൈറ്റുകൾ നോക്കാൻ അച്ഛൻ മുഹമ്മദ് ഷെരീഫ് സ്‌കൂളവധി ദിനങ്ങളിൽ പോകുമ്പോഴൊക്കെ നിലൂഫറിനേയും കൂടെ കൂട്ടാറുണ്ടായിരുന്നു. അച്ഛൻ സൈറ്റ് നോക്കുന്ന നേരത്ത് ആളൊഴിഞ്ഞ ആ സൈറ്റിൽ അച്ഛന്റെ കാറോടിച്ചു നോക്കുകയായിരുന്നു നിലൂഫറിന്റെ ഹോബി. അച്ഛന്റെ ഡ്രൈവറായിരുന്ന സുനിലാണ് മണ്ണിൽ ഈർക്കിൽ കൊണ്ട് വരച്ച് ആദ്യമായി ഗിയർ ഷിഫ്‌റ്റൊക്കെ നിലൂഫറിന് പറഞ്ഞുകൊടുക്കുന്നത്. കാറുകളെ ലാളിക്കുന്നത് അന്നുമിന്നും നിലൂഫറിന് ഒരുപോലെ ഇഷ്ടമായിരുന്നതിനാൽ വീട്ടിൽ ജോലിക്കാരുണ്ടെങ്കിലും അച്ഛന്റെ കാറുകൾ കഴുകിക്കൊടുക്കുന്ന ജോലി ഏറ്റെടുത്തിരുന്നത് നിലൂഫറായിരുന്നു. അതിന് പോക്കറ്റ് മണിയും കിട്ടുമായിരുന്നു. ചില വാഹനങ്ങൾ ഓടിക്കുന്നത് അച്ഛൻ വിലക്കിയിരുന്നെങ്കിലും ഡ്രൈവർമാർക്ക് തന്റെ ഈ പോക്കറ്റ് മണിയിൽ നിന്നും ടിപ്‌സൊക്കെ കൊടുത്ത് നിലൂഫർ വലിയ വാഹനങ്ങളിലും തന്റെ ഡ്രൈവിങ് അഭ്യാസങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ജീപ്പ് ഗ്രാൻഡ് ചെരോക്കിയിലും ലാൻഡ് ക്രൂയ്‌സറിലുമൊക്കെ വരെ തുടർന്നു അത്. അതുകൊണ്ടു തന്നെ കുഞ്ഞു നിലൂഫർ എം ബി ബി എസ് പാസ്സായി ഡോക്ടറായിട്ടും ലണ്ടനിലെ പ്രശസ്തമായ കിങ്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡെർമറ്റോളജിയിൽ ബിരുദം നേടിയിട്ടും അമേരിക്കയിൽ നിന്നും കോസ്‌മെറ്റോളജിയിൽ ബിരുദം നേടിയശേഷം അമ്മ നിമ്മി ഷെരീഫിന്റെ പാത പിന്തുടർന്ന് തൃശൂരിൽ ലാ ഫെം എന്ന സ്പായും ക്ലിനിക്കുമൊക്കെ ഉൾപ്പെട്ട വെൽനെസ്സ് സെൻർ സ്ഥാപിച്ചപ്പോഴുമെല്ലാം കാറുകളോടുള്ള ഈ പ്രിയം സ്ഥായിയായി തന്നെ നിലകൊണ്ടു. പക്ഷേ കാറുകളിൽ എക്കാലത്തും ഏറ്റവും പ്രിയം ജർമ്മൻ സൃഷ്ടിയായ മെർസിഡസ് ബെൻസിനോടായിരുന്നുവെന്നു മാത്രം.

_ALU9929

തൃശൂരിലെ ഡോക്ടർ നിലൂഫർ ഷെരീഫിന്റെ കൊട്ടരസദൃശ്യമായ വസതിയുടെ മുന്നിൽ ഒമ്പതു കാറുകൾക്ക് പാർക്ക് ചെയ്യാനാകുന്ന സ്ഥലമൊരുക്കിയിട്ടുണ്ട് അവർ. ഇതിൽ ഏറ്റവും പ്രിയപ്പെട്ട വാഹനത്തിന് എപ്പോഴും വീടിനു തൊട്ടു മുന്നിലുള്ള പാർക്കിങ് സ്ഥലത്താകും ഇടം. പോർഷെ കെയ്‌നും ബി എം ഡബ്ല്യു 7 സീരീസും ഓഡി ആർ 8ഉം ടൊയോട്ട ഇന്നോവയും ഹ്യുണ്ടായ് ഐ 10നുമൊക്കെ അവിടെയുണ്ടെങ്കിലും മെർസിഡസ് ബെൻസ് മേബാക്കിനും രണ്ടാഴ്ച മുമ്പ് ഡോക്ടറുടെ വസതിയായ കാമലോട്ടിലേക്കെത്തിയ ബെൻസ് സി കാബ്രിയോലെയ്ക്കും സവിശേഷമായ സ്ഥാനമാണ് നൽകപ്പെട്ടിട്ടുള്ളത്. ഇതിൽ ഏറ്റവും സനേഹം പുതിയ കാറായ സി ക്രാബിയോലയോടാണെന്നത് അതിനോടുള്ള നിലൂഫറിന്റെ വാത്സല്യത്തിൽ നിന്നു തന്നെ വ്യക്തം. മെർസിഡസ് ബെൻസ് ഡീലറായ കൊച്ചിയിലെ രാജശ്രീ ബെൻസിൽ നിന്നുമെത്തിയിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളുവെങ്കിലും ഇതിനകം തന്നെ നിലൂഫർ സി കാബ്രിയോലയെ കുളിരണിയിക്കാൻ മൂന്നാറിലേക്ക് കൊണ്ടുപോയി വന്നതേയുള്ളു. ലണ്ടനിൽ നിന്നും സ്‌കോട്ട്‌ലണ്ടിലേക്ക് ബ്രിട്ടീഷ് ഗ്രാമപ്രദേശങ്ങളിലൂടെ മിനി കൂപ്പറിലും പോർട്ട് ലൂയിസിൽ നിന്നും മൗറീഷ്യസിലേക്ക് ബി ഡബ്ല്യുവിലുമൊക്കെ യാത്ര പോയിട്ടുള്ള നിലൂഫറിന് ഇപ്പോൾ ബെൻസ് സി കാബ്രിയോലെയോടാണ് കടുത്ത പ്രണയം. ബെൻസ് ഇക്ലാസ്സും മേബാക്കും സി ക്ലാസ്സും സി കാബ്രിയോലയുമൊക്കെയായി ബെൻസിന്റെ നാലാമത്തെ വാഹനമാണ് നിലൂഫറിന്റേത്.

_ALU9983

”അച്ഛൻ വരുമ്പോഴേ മേബാക്ക് ഉപയോഗിക്കാറുള്ളു. മേബാക്കിന്റെ പിൻസീറ്റ് വളരെ കംഫർബിൾ ആയതിനാൽ ഡ്രൈവർ ഓടിക്കുന്നതിനാണ് അച്ഛൻ താൽപര്യപ്പെടാറ്. പക്ഷേ സി കാബ്രിയോലെയുടെ സ്റ്റിയറിങ് ഞാൻ വിടാറില്ല. ഇപ്പോൾ എല്ലാ യാത്രകൾക്കും സി കാബ്രിയോലയാണ് താൽപര്യം,” നിലൂഫർ പറയുന്നു. പൂമുഖത്തിനു തൊട്ടു മുന്നിലുള്ള കാർ പോർച്ചിൽ ഒബ്‌സിഡിയൻ ബ്ലാക്ക് നിറമുള്ള, 241 ബി എച്ച് പി ശേഷിയുള്ള സി ക്ലാസ്സ് കാബ്രിയോലെ സി 300 അഭിമാനത്തോടെ വിശ്രമിക്കുകയാണ്. തന്നെക്കുറിച്ച് നിലൂഫർ പറയുന്ന വാക്കുകൾ സി 300 ശ്രദ്ധയോടെ കേട്ട് അഭിമാനം കൊള്ളുകയാണെന്നു തോന്നുന്നു.

_ALU9921
5500 ആർ പി എമ്മിൽ 241 ബി എച്ച് പി ശേഷിയും 1300 ആർ പി എമ്മിൽ 370 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള, നാലുപേർക്ക് സഞ്ചരിക്കാവുന്ന വാഹനമാണ് സി കാബ്രിയോലെ 300. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനത്തിന് 1991 സി സിയുടെ എഞ്ചിനാണുള്ളത്. 59 ലിറ്റർ ഇന്ധനശേഷിയുള്ള ഈ പെട്രോൾ വാഹനം റിയർ വീൽ ഡ്രൈവാണ്. ലെതറിലാണ് സീറ്റുകൾ. സുരക്ഷിതത്വത്തിനായി എട്ട് എയർ ബാഗുകളും മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും ടയർ പ്രെഷർ മോണിട്ടറിങ് സിസ്റ്റവും എബി എസും ഇ ബി ഡിയും ബ്രേക്ക് അസിസ്റ്റും ഇലക്ട്രോണിക് സ്‌റ്റൈബിലിറ്റി പ്രോഗ്രാമും ട്രാക്ഷൻ കൺട്രോളും ഹിൽ ഹോൾഡ് കൺട്രോളുമൊക്കെ ഇതിലുണ്ട്. സ്പീഡ് സെൻസിങ് ഡോർ ലോക്കും ചൈൽഡ് സേഫ്റ്റി ലോക്കും എഞ്ചിൻ ഇമ്മൊബിലൈസറുമൊക്കെ വേറെ. ഏതു കഠിന ചൂടിലും സുഖപ്രദമായ കാലാവസ്ഥയൊരുക്കുന്ന ഓട്ടോമാറ്റിക് ഡ്യുവൽ സോൺ എ സിയും ലെതറിന്റെ ധാരാളിത്തവും ഇന്റീരിയറിനെ രാജകീയമാക്കിത്തീർത്തിരിക്കുന്നു. ഡ്രൈവർ സീറ്റിനും മുന്നിലെ പാസഞ്ചർ സീറ്റിനും ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ മെമ്മറി ഫങ്ഷനുമുണ്ട്. ഒരു സ്വിച്ചിട്ടാലുടനെ കാറിന്റെ റൂഫ് പിറകോട്ട് മടങ്ങി ഒരു തുറന്ന വാഹനമായി മാറും അത്. സി കാബ്രിയോലെയെ വർണിക്കുമ്പോൾ നിലൂഫറിന് നൂറു നാവാണ്.

_ALU0018

2013ലാണ് ഡോക്ടർ നിലൂഫർ ഷെരീഫ് ലാ ഫെമിന് തൃശൂരിൽ തുടക്കമിടുന്നത്. സലൂൺ കൺസെപ്ടായി തുടങ്ങിയ സ്ഥാപനം അധികം വൈകാതെ സ്പായും ക്ലിനിക്കുമൊക്കെ ചേർന്ന വെൽനെസ് സെന്ററായി മാറി. ‘എന്റെ എല്ലാ മോഹങ്ങൾക്കും പിന്തുണ നൽകിയിട്ടുള്ളത് അച്ഛൻ മുഹമ്മദ് ഷെരീഫാണ്. മദ്രാസ് ഐ ഐ ടിയിൽ നിന്നും എഞ്ചിനീയറിങ് ബിരുദം നേടി, കോയമ്പത്തൂരിലെ ഗവൺെമന്റ് കോളെജിൽ നിന്നും പോസ്റ്റ് ഗ്രാജുവേഷനുമെടുത്തശേഷം കേരളത്തിൽ പൊതുമരാമത്തു വകുപ്പിൽ പ്രവർത്തിച്ചശേഷമാണ് മുഹമ്മദ് ഷെരീഫ് ഗൾഫിലേക്കു പോയതും അവിടെ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യമായി വളർന്നതും. ഡീസാലിനേഷൻ പ്ലാന്റുകളുടെ നിർമ്മാണരംഗത്ത് പ്രധാനമായും പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ കമ്പനി വിദേശരാജ്യങ്ങളിൽ ഏറെ പ്രശസ്തമാണ്. 1987ൽ നിലൂഫറിന്റെ അമ്മയായ നിമ്മി ഷെരീഫാണ് ലാ ഫെം എന്ന ബ്യൂട്ടി കെയർ സ്ഥാപനത്തെ തൃശൂരിൽ ആദ്യമായി അവതരിപ്പിക്കുന്നത്. സൗന്ദര്യ വ്യവസായരംഗത്ത് തൃശൂർ പോലൊരു ചെറുപട്ടണത്തിൽ മെച്ചപ്പെട്ട ബ്യുട്ടി പാർലറുകൾ പോലും ഇല്ലാതിരുന്ന ഒരു സമയമാണ് അതെന്നത് പ്രധാനം. ആഗോള തലത്തിലെ ഏറ്റവും പുതിയ ട്രെൻഡുകളെല്ലാം തന്നെ തൃശൂരിലേക്ക് കൊണ്ടുവരാനായതോടെ ലാ ഫെം തൃശൂരിലെ പ്രമുഖ സെലിബ്രിറ്റി സ്‌പോട്ടായി മാറി. ഭാവനയും അനന്യയും ഭാമയും റീമ കല്ലിങ്കലും അനുമോളും മഞ്ജു വാര്യരും സംയുക്താ വർമ്മയും പേളി മാണിയും കെ പി എ സി ലളിതയുമടക്കം ലാ ഫെമിലേക്ക് ചലച്ചിത്ര താരങ്ങളുടെ ഒരു പ്രവാഹം തന്നെയാണിന്ന്. ലണ്ടനിലെ വിഡൽ സലൂണിലും സിങ്കപ്പൂരിലെ പീറ്റർ ആന്റ് ഗേയിലുമൊക്കെ പരിശീലനം സിദ്ധിച്ച നിമ്മി ഷെരീഫ് ലാ ഫെമിനെ സ്‌കിൻ ആന്റ് ഹെയർ കെയറിലെ തെന്നിന്ത്യയിലെ പ്രധാന സ്ഥാപനമാക്കി മാറ്റിയെങ്കിൽ 2013ൽ ഡെർമറ്റോളജിസ്റ്റും കോസ്‌മെറ്റോളജിസ്റ്റുമായ നിലൂഫർ സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായതോടെ സ്പാ ഫേഷ്യൽസും വെൽനെസ് ക്ലിനിക്കുമായി അത് രൂപാന്തരപ്പെടുകയായിരുന്നു. ഇന്ന് ബ്രൈഡൽ മേക്കപ്പ് തൊട്ട് സ്ലിമ്മിങ് പ്രോഗ്രാം വരെയും സലൂൺ മുതൽ ഹൈഡ്രാഫേഷ്യൽ വരെയും വാഗ്ദാനം ചെയ്യുന്ന തെന്നിന്ത്യയിലെ നമ്പർ വൺ ബ്യൂട്ടി കെയർ സെന്ററായി മാറിയിരിക്കുന്നു ലാ ഫെം.

_ALU9876

കുട്ടിക്കാലത്ത് അച്ഛന്റെ വാഹനങ്ങൾ കഴുകി വൃത്തിയാക്കി പോക്കറ്റ് മണി നേടിയിരുന്ന നിലൂഫറിനെ സംബന്ധിച്ചിടത്തോളം തൊലിപ്പുറത്തുള്ള ചികിത്സകളിലൂടെ മനുഷ്യനെ കൂടുതൽ സുന്ദരമാക്കുന്ന ഒരു തൊഴിലെത്തിയതിനു പിന്നിൽ സൗന്ദര്യ സംരക്ഷണത്തോടുള്ള പാഷനായിരിക്കുമെന്നുറപ്പ്. ലാഫെമിലൂടെ നിലൂഫറിന്റെ അമ്മ നിമ്മിക്ക് ചേംബർ ഓഫ് കൊമേഴ്‌സിന്റെ മികച്ച സംരംഭകയ്ക്കും മികച്ച ബിസിനസ് വനിതയ്ക്കുമുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നിലൂഫർ തന്റെ പാത പിന്തുടർന്നതാണ് തനിക്കുള്ള ഏറ്റവും വലിയ അംഗീകാരമെന്നാണ് നിമ്മി ഷെരീഫിന്റ പക്ഷം.

_ALU9963
നഗരത്തിലെ ഹൈവേകളിലൂടെ മണിക്കൂറിൽ 120- 140 കിലോമീറ്റർ വേഗത്തിൽ വരെയൊക്കെ നിലോഫർ പറക്കാറുണ്ട്. സി കാബ്രിയോല സ്‌പോർട്‌സ് മോഡിലിട്ട് പോകുമ്പോൾ അനുഭവിക്കുന്ന സന്തോഷം ഒന്നു വേറെ തന്നെയാണെന്നാണ് നിലൂഫറിന്റെ പക്ഷം. സി കാബ്രിയോലയുടെ സുഖകരമായ ഡ്രൈവിങ്ങിനു പുറമേ, അതിന്റെ സുന്ദരമായ രൂപമാണ് തന്നെ ഏറെ ആകർഷിച്ചതെന്ന് നിലൂഫർ പറയുന്നു. വേഗത്തിന്റെ കാര്യത്തിൽ താൻ തൃശൂരിലെ പൊലിസുകാർക്ക് ചിരപരിചിതയാണെന്നാണ് പൊട്ടിച്ചിരിയോടെ നിലൂഫർ പറയുന്നത്. പൂജ്യത്തിൽ നിന്നും നൂറു കിലോമീറ്റർ വേഗതയിലെത്താൻ സി കാബ്രിയോലയ്ക്ക് 6.7 സെക്കൻഡുകളെ വേണ്ടുവെന്നതിനാൽ പലപ്പോഴും ഹൈവേകളിൽ സി കാബ്രിയോല പറക്കുമെന്നുറപ്പ്. രാജശ്രീ മോട്ടോഴ്‌സിന്റെ സർവീസിന്റെ കാര്യത്തിലും പൂർണ തൃപ്തയാണ് നിലൂഫർ. ”നല്ല പെരുമാറ്റമാണ് രാജശ്രീയുടെ എക്‌സിക്യൂട്ടിവുകളുടേത്. മെർസിഡസ് ബെൻസ് എന്ന ബ്രാൻഡിന്റെ മികവിനൊത്ത് പ്രവർത്തിക്കാൻ അവർക്കാകുന്നുണ്ടെന്നാണ് എന്റെ പക്ഷം,” നിലൂഫർ സാക്ഷ്യപ്പെടുത്തുന്നു. നിലൂഫറിനുള്ള അച്ഛൻ മുഹമ്മദ് ഷെരീഫിന്റെ സർപ്രൈസ് ഗിഫ്റ്റ് ആയിരുന്നു സി ക്ലാസ്സ് ആരാധികയായ നിലൂഫറിനുള്ള ഈ സുന്ദരൻ സി കാബ്രിയോലെയെന്നത് അതിന്റെ മാറ്റ് ഇനിയും വർധിപ്പിക്കുകയും ചെയ്യുന്നു$

 

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)