Published On: Tue, Apr 4th, 2017

Ducati Scrambler: Candy Crush

Share This
Tags

IMG_7672

ഡ്യുകാറ്റി ബൈക്കുകളിലെ ഇത്തിരിക്കുഞ്ഞനാണ് സ്‌ക്രാംബ്‌ളർ. ആറോളം വേരിയന്റുകളുള്ള സ്‌ക്രാംബ്‌ളറിന്റെ ഐക്കണിലാവാം ഇത്തവണ സവാരി.

എഴുത്ത് – ജുബിൻ ജേക്കബ്, ചിത്രങ്ങൾ – ജോസിൻ ജോർജ്

ഏകദേശം രണ്ടരക്കൊല്ലം മുമ്പാണ് ആദ്യമായി സ്‌ക്രാംബ്‌ളറിന്റെ ചിത്രം കാണുന്നത്. ഒറ്റനോട്ടത്തിൽ തന്നെ എനിക്കിഷ്ടമായി. നല്ല മുട്ടായി ബൈക്ക്..! – ഞാനറിയാതെ പറഞ്ഞു. വർഷങ്ങളായി ഡ്യുകാറ്റി ഇന്ത്യയിലേക്കു വരുന്നതും കാത്തിരുന്ന എനിക്കു മുമ്പിൽ നമ്മുടെ സ്വന്തം കൊച്ചിയിൽ തന്നെ ഡീലർഷിപ്പും വന്നുകഴിഞ്ഞു. അവിടെ എന്നെയും കാത്ത് സ്‌ക്രാംബ്‌ളർ ഇരിപ്പുണ്ടായിരുന്നു, നല്ല ചുവന്നു തുടുത്തൊരു പഞ്ചാരമുട്ടായിയെപ്പോലെ.! പൊതുവേ ഭീകര സ്‌പോർട്ട്‌സ് ബൈക്കുകളുടെ നിർമ്മാതാവെന്നു പേരുകേട്ട ഇറ്റാലിയൻ ബ്രാൻഡായ ഡ്യുകാറ്റി എന്തിന് അല്ലെങ്കിൽ എങ്ങനെയാണ് ഇത്തരമൊരു ബൈക്കുമായി വന്നത്? ഉത്തരമറിയണമെങ്കിൽ അരനൂറ്റാണ്ടു പിന്നിലേക്കു പോകണം. 1962 മുതൽ 1976 വരെ അമേരിക്കൻ വിപണിക്കു വേണ്ടി ഡ്യുകാറ്റി നിർമ്മിച്ച ബൈക്കാണ് സ്‌ക്രാംബ്‌ളർ.

IMG_7591

250 മുതൽ 450 സിസി വരെയുള്ള എൻജിൻ ശേഷിയിൽ ഇറക്കിയിരുന്ന സ്‌ക്രാംബ്‌ളറുകൾ സിംഗിൾ സിലിൻഡർ ബൈക്കുകളായിരുന്നു. ഡ്യുകാറ്റിയുടെ ഫാക്ടറി റേസ് റൈഡറായ ബ്രൂണോ സ്പാജിയാരിയുടെ അനുഭവസമ്പത്തും സ്‌ക്രാംബ്‌ളർ ശ്രേണിയെ മികച്ചതാക്കിത്തീർക്കാൻ സഹായിച്ചിരുന്നു. ഈ സ്‌ക്രാംബ്‌ളറിന്റെ സുവർണ്ണകാലസ്മരണകളുമായാണ് നാലു പതിറ്റാണ്ടിനു ശേഷം 2015ൽ പുതിയ സ്‌ക്രാംബ്‌ളർ ബ്രാൻഡ് തന്നെ ഡ്യുകാറ്റി അവതരിപ്പിച്ചത്. ആറോളം വേരിയന്റുകളാണ് സ്‌ക്രാംബ്‌ളറിനുള്ളത്. ഐക്കൺ, ക്‌ളാസ്സിക്, ഫുൾ ത്രോട്ട്ൽ, അർബൻ എൻഡ്യൂറോ, ഫ്‌ളാറ്റ് ട്രാക്ക് പ്രോ എന്നിവയാണ് ഈ വേരിയന്റുകൾ. ഇതിൽ ഐക്കൺ ആണിപ്പോൾ നമ്മുടെ മുമ്പിലുള്ളത്.

IMG_7911

കാഴ്ച

ഒറ്റനോട്ടത്തിൽ ഏതോ മോഡിഫൈഡ് റെട്രോ ബൈക്കാണെന്നു തോന്നുംവിധത്തിലുള്ള രൂപമാണ് സ്‌ക്രാംബ്‌ളറിന്റേത്. പക്ഷേ ഓരോ ഇഞ്ചിലും യുവത്വം തുളുമ്പുന്ന കാഴ്ചയാണ് അടുത്തുചെല്ലുമ്പോൾ നമുക്കു കാണാനാവുന്നത്. ചെറിയ ചോപ്ഡ് ഓഫ് ഫ്രണ്ട് ഫെൻഡറിനു കീഴെ 18 ഇഞ്ച് 10 സ്‌പോക്ക് വീലുകൾ.

IMG_7688

പിരെലിയുടെ എംടി 60 ഡ്യുവൽ പർപ്പസ് ടയറുകൾ കാണുമ്പോൾ മനസ്സിൽ ലഡുപൊട്ടും. ബ്രെംബോയുടെ കരുത്തുറ്റ മോണോബ്‌ളോക്ക് കാലിപ്പറോടു കൂടിയ എബിഎസ് അസിസ്റ്റഡ് സിംഗിൾ ഡിസ്‌ക് ബ്രേക്ക്. അപ്‌സൈഡ് ഡൗൺ ഫോർക്കുകൾ. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്. അതിന്റെ നാലു മൂലകളിലായി എക്‌സ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിങ്ങ് ലാമ്പ്. മുകളിലായി ഒരു വശം ചേർന്നിരിക്കുന്ന കുഞ്ഞൻ ഇൻസ്ട്രമെന്റ് കൺസോൾ. വശങ്ങളിലേക്കു ചെല്ലുമ്പോൾ 1960കളുടെ ഓർമ്മയുണർത്തുന്ന ഫ്യുവൽ ടാങ്ക്. അലുമിനിയം ക്‌ളാഡിങ്ങോടു കൂടിയ ടാങ്കിലെ എഴുത്താവട്ടെ ‘സ്‌ക്രാംബ്‌ളർ ഡ്യുകാറ്റി’ എന്നാണ്. എന്താണതിന്റെ കാരണം? ഡ്യുകാറ്റിയുടെ കീഴിൽ തന്നെ ഒരു സബ് ബ്രാൻഡായാണ് സ്‌ക്രാംബ്‌ളർ അവതരിച്ചിട്ടുള്ളത്. ടാങ്കിനു പിന്നിൽ നിന്നും പരന്നൊഴുകുന്ന സീറ്റിനു താഴെക്കൂടി ഒരു അലുമിനിയം ലൈനുണ്ട്, അതു ചെന്നു ചേരുന്നത് നാമമാത്രമായ പിൻഫെൻഡറിലും.

IMG_7517

ഒതുക്കമുള്ള ട്രെലിസ് ഫ്രെയിമിൽ ചാരിയിരിക്കുന്നതു പോലെ മൗണ്ട് ചെയ്ത ഡെസ്‌മോഡ്രോമിക് എൽ ട്വിൻ എൻജിൻ 803 സിസിയാണ്. ഇരു സിലിൻഡറുകളിൽ നിന്നും ഒഴുകിയിറങ്ങുന്ന എക്‌സ്‌ഹോസ്റ്റ് പൈപ്പുകളെ 2:1 മെഗഫോൺ ടിപ്പിലേക്ക് ഇണക്കിച്ചേർത്തിരിക്കുന്നു. ഫുൾ കാസ്റ്റ് അലോയ് സ്വിങ്ങ് ആമിന്റെ ഒരു വശത്തായാണ് സസ്‌പെൻഷൻ വന്നിരിക്കുന്നത്. റിയർ ടയർ ഹഗ്ഗറും
നമ്പർ പ്‌ളേറ്റുമൊക്കെ സ്‌പോർട്ടി ലുക്ക് പകരുന്നു. സീറ്റിനടിയിലേക്കു കയറിയ നിലയിലുള്ള ടെയ്ൽ ലാമ്പ് അസംബ്‌ളിയും ഇരുവശത്തായി ചെറിയ ടേൺ ഇൻഡിക്കേറ്ററുകളുമൊക്കെച്ചേർന്ന് യുവകോമളനാണ് സ്‌ക്രാംബ്‌ളർ.

റൈഡ്

ഉയരം കുറഞ്ഞവർക്കു പോലും അനായാസമായി കയറിയിരിക്കാൻ പോന്ന ഒരു കുഞ്ഞൻ ബൈക്കാണ് സ്‌ക്രാംബ്‌ളറെന്നു മനസ്സിലായിക്കാണുമല്ലോ. അഞ്ചടി ഏഴിഞ്ചു കാരനായ എനിക്കും ആറടിക്കാരനായ സുഹൃത്തിനും അഞ്ചരയടി കഷ്ടിയുള്ള മറ്റൊരു ചങ്ങാതിക്കുമെല്ലാം ഒരേപോലെ ഇഷ്ടപ്പെട്ട സീറ്റിങ്ങ് പൊസിഷൻ. ഉയർന്ന ഹാൻഡ്ൽ ബാറും കൂടിയാവുമ്പോൾ ആയാസരഹിതമായ റൈഡിങ്ങ് ഉറപ്പ്. വളരെ ലളിതവും കാര്യക്ഷമവുമായ ഇൻസ്ട്രമെന്റേഷൻ. വൃത്താകൃതിയിലുള്ള ഡിജിറ്റൽ സ്‌ക്രീനിലാണ് സകല വിവരങ്ങളും തെളിയുന്നത്.

IMG_7861

ഡയലിനു ചുറ്റും വാണിങ്ങ് ലാമ്പുകളുടെ ദീപാലങ്കാരം. എൻജിൻ കിൽ സ്വിച്ച് മാറ്റി സ്റ്റാർട്ടറിൽ ഒന്നു തൊട്ടതും സ്‌ക്രാംബ്‌ളറിന്റെ 803സിസി എൻജിൻ ഞെട്ടിയുണർന്നു. പരിചിതമായ എക്‌സ്‌ഹോസ്റ്റ് നോട്ട്. മുമ്പുണ്ടായിരുന്ന മോൺസ്റ്റർ 796ലെ എൻജിനാണിത്. ഇത്രയും ചെറിയ പ്‌ളാറ്റ്‌ഫോമിലേക്ക് ഒതുക്കാനായി ഡീട്യൂൺ ചെയ്‌തെന്നു മാത്രം. 8250 ആർപിഎമ്മിൽ 75 എച്പിയാണ് സ്‌ക്രാംബ്‌ളറിന്റെ കരുത്ത്. ടോർക്ക് 68 ന്യൂട്ടൺ മീറ്ററും. നീങ്ങിത്തുടങ്ങിയപ്പോഴാണ് സ്‌ക്രാംബ്‌ളറിന്റെ രസം മനസ്സിലായത്. ഒരു കുട്ടിബൈക്ക്..! എന്നാലോ, കരുത്തിനൊരു കുറവുമില്ല താനും. ഷോർട്ട് റേഷ്യോ ഗിയറുകൾ പെറുക്കിപ്പെറുക്കിയിട്ട് മുന്നേറാം. ഇത്തിരിപ്പോന്ന ഇടങ്ങളിൽ പോലും യൂടേൺ എടുത്തു തിരിയാം. ടോപ് സ്പീഡ് ചെക്കിനു വേണ്ടി റോഡിന്റെ ഒരറ്റം പിടിച്ചങ്ങനെ നിന്നു.

IMG_7900

സിഗ്‌നൽ വീണതും ത്രോട്ട്ൽ കൊടുത്തു. എന്നെ അമ്പരപ്പിച്ചുകൊണ്ട് ഒരു സ്‌പോർട്ട്‌സ് ബൈക്കിനെപ്പോലെ സ്‌ക്രാംബ്‌ളർ കുതിച്ചു. സ്പീഡോമീറ്ററിലെ അക്കങ്ങൾ നൂറും കടന്നു പാഞ്ഞു. 161 കി.മീ ആണ് പരമാവധി വേഗതയായി കാണാനായത്. 120 മുതൽ 140 വരെയുള്ള വേഗതയിൽ ഒരു വിറയലോ പ്രശ്‌നമോ തോന്നിക്കാതെ മിസ്റ്റർ കൂൾ ആയിത്തന്നെ സ്‌ക്രാംബ്‌ളർ നിലകൊണ്ടു. പെട്ടെന്നു വേഗത കുറയ്‌ക്കേണ്ടി വന്നപ്പോൾ ബ്രേക്കുകൾ അതിന്റെ ജോലി നല്ല വെടിപ്പായിത്തന്നെ ചെയ്തു. മുമ്പിലെ 330 എം.എം ഡിസ്‌കും എബിഎസും അതാതു സമയങ്ങളിൽ കൃത്യമായി ഇടപെടുന്നുണ്ട്. ഇനിയൊരല്പം ഓഫ് റോഡ് പരീക്ഷണങ്ങളാവാം. ഇതൊരു യഥാർത്ഥ സ്‌ക്രാംബ്‌ളർ ബൈക്കല്ലെങ്കിലും എത്രത്തോളം കരുത്തനാണെന്നറിയാൻ ഒരു പരീക്ഷണം മാത്രം. മണൽ നിറഞ്ഞ ഒരു ഗ്രൗണ്ടിലേക്ക് സ്‌ക്രാംബ്‌ളറിനെ ഇറക്കി. മണ്ണിൽ പൂണ്ടൂ പോകാതെ സ്‌ക്രാംബ്‌ളർ പൊടിപറത്തിക്കൊണ്ട് കുതിച്ചു. അനായാസമായി റോഡിലും ഓഫ് റോഡിലും ഓടിക്കാനാവുമെന്ന് സ്വയം തെളിയിച്ചിട്ട് അസ്തമയസൂര്യന്റെ ചുവപ്പിനൊപ്പം തന്റെ മേനിയഴകും കാട്ടി അവൻ എന്റെ മുമ്പിൽ നെഞ്ചും വിരിച്ചുനിന്നു.

ആരാണു സ്‌ക്രാംബ്‌ളർ നഗരത്തിരക്കിലോ ഗ്രാമപാതയിലോ ഒക്കെ അനായാസം കൈകാര്യം ചെയ്യാവുന്ന ഒരു ഫൺ ടു റൈഡ് ബൈക്കാണ് സ്‌ക്രാംബ്‌ളർ. എണ്ണൂറു സിസിയുള്ള ഒരു ബൈക്കാണിതെന്ന് നമുക്കൊരിക്കലും തോന്നില്ല. അസാമാന്യമായ പ്രകടനമല്ലെങ്കിലും തന്റെ രൂപത്തെ കടത്തിവെട്ടുന്ന കരുത്താണിവനുള്ളത്. സമൃദ്ധമായ ടോർക്കുള്ളതിനാൽ അടിക്കടിയുള്ള ഗിയർ ഷിഫ്റ്റുകൾ വേണ്ടെന്നു തന്നെ പറയാം. ഹാൻഡ്‌ലിങ്ങും ബ്രേക്കിങ്ങും ഒന്നാം തരം. സ്‌ക്രാംബ്‌ളറിന്റെ 400സിസി വേരിയന്റായ സിക്സ്റ്റി 2ഉം അധികം വൈകാതെ വരാനിടയുണ്ടത്രേ$

Vehicle Provided By:
EVM DUCATI
Kochi, Ph: 75588 89001

 

 

Subscribe

Your Name (required)

Your Email (required)