Published On: Fri, Jun 9th, 2017

നിങ്ങളൊരു റൈഡറാണോ..? ചില ചോദ്യങ്ങൾ

Share This
Tags

ജുബിൻ ജേക്കബ്

.

നിങ്ങളൊരു റൈഡറാണോ..? ഈ ചോദ്യം മോട്ടോർസൈക്കിൾ ഉപയോഗിക്കുന്ന ഓരോരുത്തരും സ്വയം ചോദിക്കേണ്ട ഒന്നാണ്‌. രാവിലെ തന്നെ ബൈക്കിൽ കയറി താക്കോലിട്ടു തിരിച്ച് പുഷ് ബട്ടൺ ഞെക്കിയോ, കിക്കറിലിട്ടു ചവിട്ടിയോ സ്റ്റാർട്ടാക്കി, ക്ളച്ചുപിടിച്ച് ഗിയറിട്ടാലുടൻ ആക്സിലറേറ്റർ തിരിച്ച് രണ്ടുവീലിൽ ഉരുണ്ടു തുടങ്ങുമ്പോൾ മുതൽ ഒരു റൈഡറായെന്നാണ്‌ എല്ലാവരും കരുതുന്നത്. എന്നാൽ അങ്ങനെയാണോ എന്ന് നാം ഒന്നു ചിന്തിക്കണം. എന്തൊക്കെയാണ്‌ ഒരു നല്ല റൈഡറാവാൻ വേണ്ട ഗുണങ്ങളെന്ന് നമുക്കൊന്നു നോക്കിയാലോ… നല്ല പരിശീലനം നേടുക എന്നതാണ്‌ ഏറ്റവും പ്രധാനമായ കാര്യം. നാം മിക്ക വാഹനങ്ങളും ഡ്രൈവിങ്ങ് സ്കൂളിൽ പോയിട്ടാണ്‌ ഓടിക്കാൻ പഠിക്കുന്നതെങ്കിലും ബൈക്ക് അല്ലെങ്കിൽ സ്കൂട്ടറോടിക്കാൻ ഏതെങ്കിലും സുഹൃത്തിന്റെയോ ബന്ധുവിന്റെയോ സഹായം തേടുകയാണ്‌ പതിവ്. ഇത് പലപ്പോഴും ഗുണത്തെക്കാളേറെ ദോഷമാണ്‌ ചെയ്യുക. നമ്മുടെ നാട്ടിൽ ബൈക്കോടിക്കുന്നവർക്ക് എങ്ങനെയൊക്കെയോ വണ്ടിയോടിക്കാനറിയാം എന്നല്ലാതെ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി പോലും വലിയ പിടിപാടില്ലെന്നതാണു സത്യം.

11804_fernando-alonso-piloto-de-ferrari-en-2012

നിങ്ങൾ സുരക്ഷിതനാണോ..?

ഒരു മോട്ടോർസൈക്കിൾ റൈഡർക്ക് സുരക്ഷയുടെ ആദ്യ വാക്ക് ഹെൽമെറ്റ് ആണോ.? പ്രായോഗികമായി പറയുമ്പോൾ അല്ല എന്നാണുത്തരം. സദാ ജാഗരൂകമായ മനസ്സാണ്‌ റൈഡറുടെ സുരക്ഷയിലെ ആദ്യപാഠം. നിതാന്തജാഗ്രതയോടെ ഓടിച്ചില്ലെങ്കിൽ എത്ര വലിയ സുരക്ഷാസന്നാഹമുണ്ടായിട്ടും പ്രയോജനമില്ല. മനസ്സിന്റെ സ്ഥിരതയാണ്‌ ബൈക്കിന്റെ ചക്രങ്ങളെ വീഴാതെ നിർത്തുന്നതെന്നു പറഞ്ഞാലും അതിശയോക്തിയില്ല. ലഹരി ഉപയോഗിച്ചിട്ടോ ക്ഷീണിതനായിരിക്കുമ്പോഴോ വാഹനമോടിക്കാതിരിക്കുക. ക്ഷീണമുണ്ടാക്കുന്ന മരുന്നുകൾ കഴിച്ച ശേഷവും, അമിതമായ ആഹാരത്തിനു ശേഷവും റൈഡിങ്ങ് ഒഴിവാക്കുകയാണുത്തമം. നാലുചക്ര വാഹനങ്ങളെ അപേക്ഷിച്ച് ഉറക്കം വരാനുള്ള സാധ്യത ബൈക്കോടിക്കുന്നവരിൽ കുറവാണെങ്കിലും മേൽപ്പറഞ്ഞതു പോലെ പുറമെ നിന്ന് ഏതെങ്കിലും കാരണവശാൽ ഉറങ്ങിപ്പോകാനുള്ള സാഹചര്യം ഉണ്ടാക്കരുത്.

Helmet Full Face

നിങ്ങൾ ഹെൽമെറ്റ് ധരിക്കാറുണ്ടോ?

പൊലീസിനെ പേടിച്ചിട്ടാണെങ്കിലും നല്ലൊരു ശതമാനമാളുകൾ ഹെൽമെറ്റ് ധരിച്ചു തുടങ്ങിയിട്ടുണ്ട്. ഏതു തരം ഹെൽമെറ്റാണ്‌ ധരിക്കേണ്ടതെന്ന സംശയവുമായി പലരും വിളിക്കാറുണ്ട്. അവരവരുടെ തലയ്ക്ക് അനുയോജ്യമായ വലുപ്പമുള്ള ഹെൽമെറ്റാണ്‌ വാങ്ങേണ്ടത്. വാങ്ങുമ്പോൾ ഒരല്പം ഇറുക്കമുള്ളത് വാങ്ങിയാലും പ്രശ്നമില്ല, രണ്ടു മൂന്നു ദിവസത്തിനുള്ളിൽ അത് പാകമായിക്കോളും. മറ്റൊന്ന് ഹെൽമെറ്റിന്റെ നിലവാരമാണ്‌. നിങ്ങളുടെ ശരീരത്തിലെ ഏറ്റവും പ്രധാന ഭാഗം തലയാണെന്ന ഉത്തമബോധ്യമുണ്ടെങ്കിൽ മാത്രം ഇതു ശ്രദ്ധിച്ചാൽ മതി. അല്ലാത്തവർക്ക് വഴിയരികിൽ ഇരുന്നൂറോ മുന്നൂറോ രൂപയ്ക്കു കിട്ടുന്ന നാലാംകിട പ്ലാസ്റ്റിക് ഹെൽമെറ്റ് ഉപയോഗിക്കാം, ഭാഗ്യം പരീക്ഷിക്കാം, പോലീസിൽ നിന്നു രക്ഷപ്പെടാം. പക്ഷേ ഓർക്കുക, സ്വന്തം സുരക്ഷയെയാണ്‌ നിങ്ങൾ കബളിപ്പിച്ചത്, പോലീസിനെയല്ല. ഐഎസ്ഐ അംഗീകാരമുള്ള ഹെൽമെറ്റുകൾ ആയിരം രൂപയോടടുത്തുള്ള വിലയിൽ ലഭ്യമാണെങ്കിലും അല്പം കൂടി മുകളിലെ ശ്രേണിയിൽ നിന്നുള്ള ഹെൽമെറ്റുകളാണ്‌ മെച്ചം. മറ്റൊന്ന്, ഹെൽമെറ്റ് വാങ്ങുമ്പോൾ കഴിവതും ഫുൾ ഫേസ് ഹെൽമെറ്റ് തന്നെ വാങ്ങുക. നമ്മുടെ നാട്ടിലെ സാഹചര്യങ്ങളിൽ അതാണ്‌ നല്ലത്. പൊടിയും ചൂടുമൊക്കെ തടയാനും ദീർഘദൂരയാത്രകളിൽ ക്ഷീണമുണ്ടാവാതിരിക്കാനും ഫുൾഫേസ് ഹെൽമെറ്റുകളാണ്‌ നല്ലത്. അപകടമുണ്ടായാൽ താടിയെല്ല്‌, മൂക്ക്, കണ്ണ്‌ തുടങ്ങിയ ഭാഗങ്ങൾക്ക് സംരക്ഷണം കിട്ടാൻ ഒരു പരിധിവരെ ഇതുപകരിക്കും. ഹാഫ് ഹെൽമെറ്റുകൾ കഴിവതും തിരക്കില്ലാത്ത റോഡുകളിലെ ഹ്രസ്വദൂരയാത്രകൾക്കു മാത്രമായി ഉപയോഗിക്കാം.

_MG_8029

നിങ്ങൾ കണ്ണാടി നോക്കാറുണ്ടോ..?

റിയർവ്യൂ മിറർ, അഥവാ കണ്ണാടി ഉപയോഗിക്കുന്നവർ എത്ര പേരുണ്ട് ഈ നാട്ടിൽ? പൾസർ 220 പോലെയുള്ള ബൈക്കുകളിൽ അവ മടക്കിവെച്ച് റൈഡ് ചെയ്തു പോകുന്നവരെ കണ്ടിട്ടുണ്ട്. ഇത് അപകടം ക്ഷണിച്ചുവരുത്തുന്ന തരത്തിലുള്ള ഒരു ദുഷ്പ്രവണതയാണ്‌. ഒരു പ്രധാന റോഡിൽ നിന്നും വലത്തേക്കുള്ള വഴിയിലേക്കു തിരിയേണ്ടിവരുമ്പോൾ പിന്നിൽ നിന്നുള്ള വാഹനങ്ങളെ ശ്രദ്ധിക്കാൻ മിറർ കൂടിയേ തീരൂ. ബൈക്ക് നിർത്തിയിട്ടു തിരിയണമെങ്കിലും പിന്നിൽ നിന്നുള്ള ട്രാഫിക് അറിയേണ്ടത് ആവശ്യമാണ്‌. വർദ്ധിച്ചുവരുന്ന വാഹനസാന്ദ്രതയുള്ള ഈ കാലത്ത് റിയർവ്യൂ മിറർ ഉപയോഗിക്കാൻ കൂടി നാം പഠിക്കേണ്ടിയിരിക്കുന്നു. ബൈക്കിൽ കയറും മുമ്പു തന്നെ റിയർവ്യൂ മിറർ ശരിയായ പൊസിഷനിലാണോ ഇരിക്കുന്നതെന്ന് ഉറപ്പുവരുത്തുക. ചിലയിടങ്ങളിൽ പാർക്ക് ചെയ്ത ശേഷം വണ്ടിയെടുക്കുമ്പോൾ പ്രത്യേകിച്ചും. കാരണം വെറുതെയിരിക്കുന്ന വാഹനങ്ങളുടെ കണ്ണാടി കാണുമ്പോൾ മാത്രം സൗന്ദര്യബോധം ഉണരുന്ന ഒരുവിഭാഗം ആളുകൾ നമുക്കിടയിലുണ്ട്. അവർ ഈ കണ്ണാടി പിടിച്ചു ആകാശത്തേക്കു തിരിച്ചുവെക്കും. ആവശ്യം കഴിഞ്ഞാലും അതങ്ങനെ തന്നെയിരിക്കും. ഇതു ശ്രദ്ധിക്കാതെ വണ്ടിയെടുത്താൽ നിങ്ങളും മാനം നോക്കി കിടക്കേണ്ട അവസ്ഥയുണ്ടാവും.

IMG_3363

ഏതു ബ്രേക്കാണ്‌ നിങ്ങൾ ഉപയോഗിക്കുന്നത്…?

പലരെയും കുഴക്കുന്ന ഒരു ചോദ്യമാണിതെന്നറിയാം. പണ്ടുള്ള ബൈക്കുകളിൽ റിയർ ബ്രേക്കിനായിരുന്നു ഉപയോഗമേറെയും. ഫ്രണ്ട് ബ്രേക്കുകൾ കാഴ്ചവസ്തുവിനെപ്പോലെ അങ്ങനെയിരിക്കും. റിയർബ്രേക്കിൽ ആഞ്ഞു ചവിട്ടി ബൈക്ക് തെന്നിമറിഞ്ഞു പരമപദം പൂകിയവരുടെ ആത്മാക്കൾ ക്ഷമിക്കട്ടെ. ഡിസ്ക് ബ്രേക്കുകളുടെ വരവോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പലരും മുന്നിലെ ഡിസ്ക് മാത്രം ഉപയോഗിക്കാൻ തുടങ്ങി. മെച്ചപ്പെട്ട സ്റ്റോപ്പിങ്ങ് പവറുള്ള ഡിസ്ക് ബ്രേക്ക് ഉപയോഗിക്കാനറിയാത്തതിന്റെ പേരിലുണ്ടായ അപകടങ്ങളും കുറവല്ല. ഇന്നു വിപണിയിലുള്ള ചെറിയ ബൈക്കുകൾക്കു പോലും ഡിസ്ക് ബ്രേക്കുകൾ വന്നുതുടങ്ങിയ സാഹചര്യത്തിൽ അവ എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തിൽ നമുക്കു ജാഗ്രതയുണ്ടാവണം. മുന്നിലെയും പിന്നിലെയും ബ്രേക്കുകൾ ഒരുമിച്ചാണ്‌ പ്രവർത്തിക്കേണ്ടത്. മുന്നിൽ ഡിസ്ക് ബ്രേക്കുള്ള ചെറുബൈക്കുകളുടെയെല്ലാം പിന്നിൽ പരമ്പരാഗത രീതിയിലുള്ള ഡ്രം ബ്രേക്കുകളാവും ഉണ്ടാവുക. ഇവ ഒന്നിച്ചുപയോഗിക്കുമ്പോൾ ഏത് അനുപാതത്തിൽ ഉപയോഗിക്കണം എന്നതിനെപ്പറ്റി പല തർക്കങ്ങളും നടക്കുന്നുണ്ട്. അതുകൊണ്ട് ആ വിഷയത്തെപ്പറ്റി മറ്റൊരിക്കൽ വിശദമായി എഴുതാം. 70:30 അനുപാതമാണ്‌ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള ബ്രേക്കിങ്ങ് അനുപാതം. ഒരു ബ്രേക്ക് മാത്രമാണ്‌ ഉപയോഗിക്കുന്നതെങ്കിൽ നിങ്ങളൊരു നല്ല റൈഡറാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

IMG_7911

നിങ്ങൾ അമിതവേഗക്കാരനാണോ..?

ഇരുചക്രവാഹനാപകടങ്ങളിൽ പ്രധാന വില്ലൻ പലപ്പോഴും അമിതവേഗതയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ദേശീയപാതകളിൽ നാലുവരിപ്പാതയുള്ള സ്ഥലങ്ങളിൽ മണിക്കൂറിൽ എൺപതും അല്ലാത്തയിടങ്ങളിൽ എഴുപതും കിലോമീറ്ററാണ്‌ ഇരുചക്രവാഹനങ്ങളുടെ വേഗപരിധി. ഈ വേഗപരിധിയും കടന്നാണ്‌ നിങ്ങളുടെ യാത്രയെങ്കിൽ സൂക്ഷിക്കുക, നിങ്ങൾ അമിതവേഗക്കാരനാണ്‌. അമിതവേഗത കൊണ്ട് അപകടമുണ്ടാവുന്നത് നിങ്ങൾക്കു മാത്രമല്ല, റോഡിലുള്ള മറ്റു വാഹനങ്ങൾക്കും, യാത്രക്കാർക്കും കൂടിയാണ്‌. അമിതവേഗതയ്ക്ക് പിടിക്കപ്പെട്ടാൽ നിയമനടപടികളുണ്ടാവുമെന്നത് മറ്റൊരു പ്രശ്നം. അതാതു സ്ഥലത്തെ വേഗപരിധി ശ്രദ്ധിച്ച് വാഹനമോടിക്കുക.

Tailgating

നിങ്ങൾ ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്യാറുണ്ടോ..?

നഗരപരിധിയിൽ ബൈക്കോടിക്കുന്ന പലരും ഒന്നു വിയർക്കുന്ന ചോദ്യമാണിതെന്നറിയാം. ഏതു സിഗ്നലിൽ നിൽക്കുമ്പോഴും വലിയ വാഹനങ്ങളുടെ ഇരുവശത്തുമായി ഊഴം കാത്തുനിൽക്കുന്ന ഇരുചക്രവാഹനങ്ങളെ കാണാം. ഏതൊരു വാഹനത്തെയും അനുവദനീയമായ ഇടങ്ങളിൽ മാത്രം അതിന്റെ വലതുവശത്തുകൂടി, ആ വാഹനത്തിന്റെ ഡ്രൈവർ അനുമതി തന്നാൽ മാത്രം മറികടക്കാം എന്നാണ്‌ മോട്ടോർ വാഹനനിയമം. എങ്കിലും എല്ലാവർക്കും എന്തെങ്കിലുമൊക്കെ അത്യാവശ്യമുണ്ടാവും, അല്ലെങ്കിൽ തിരക്കു കാരണം ശരിയായ വശത്തു കൂടി ഓവർടേക്ക് ചെയ്യാൻ കഴിയുന്നില്ലെന്നൊക്കെ ഒഴികഴിവുകൾ പറയാം. പക്ഷേ, ഒന്നു ചിന്തിക്കുക. നിങ്ങൾ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യുന്ന ആ വാഹനത്തിന്റെ ഡ്രൈവർക്ക് നിങ്ങളെ കാണാൻ കഴിയുന്നില്ലെങ്കിൽ, അഥവാ നിങ്ങളൊരു ബ്ളൈൻഡ് സ്പോട്ടിലാണെങ്കിൽ അത് നിങ്ങളുടെ മരണത്തിലേക്കുള്ള വഴിയാവാം. എത്രയോ ജീവനുകൾ അങ്ങനെ പൊലിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിങ്ങ് ഒരു നല്ല റൈഡറുടെ യോഗ്യതയല്ലെന്ന് മനസ്സിലാക്കുക. അത് അപകടകരവും നിയമവിരുദ്ധവുമാണ്‌.

_MG_8053

നിങ്ങൾ സിഗ്നലുകൾ ഉപയോഗിക്കാറുണ്ടോ..?

ലേണേഴ്സ് ലൈസൻസ് ടെസ്റ്റു മുതൽ നാം പഠിക്കുന്നതാണ്‌ റോഡിൽ ഉപയോഗിക്കേണ്ട/പാലിക്കേണ്ട സിഗ്നലുകൾ. വലതുകൈ ഉപയോഗിച്ചുള്ള ഹാൻഡ് സിഗ്നലുകൾ മുതൽ വാഹനത്തിലെ ഇൻഡിക്കേറ്ററുകൾ വരെ റോഡിൽ ഉപയോഗിക്കേണ്ടവയാണ്‌. ഉദാഹരണത്തിന്‌ ഒരു പ്രധാന റോഡിൽ നിന്നും വലത്തേക്കുള്ള പോക്കറ്റ് റോഡിലേക്ക് പ്രവേശിക്കേണ്ടി വരുമ്പോൾ സിഗ്നൽ ഉപയോഗിച്ചില്ലെങ്കിൽ മറ്റു വാഹനങ്ങൾക്ക് നിങ്ങളുടെ നീക്കം മുൻകൂട്ടി അറിയാൻ സാധിക്കാതെ വരികയും അത് അപകടത്തിൽ കലാശിക്കുകയും ചെയ്യും. ആവശ്യമുള്ളപ്പോൾ സിഗ്നൽ ഉപയോഗിക്കാത്തതു പോലെ തന്നെ അപകടകരമാണ്‌ അനാവശ്യമായി സിഗ്നൽ ഉപയോഗിക്കുന്നതും ഇൻഡിക്കേറ്ററുകൾ ആവശ്യം കഴിഞ്ഞ് ഓഫ് ചെയ്യാൻ മറക്കുന്നതും. സിഗ്നലുകൾ ഔചിത്യബോധത്തോടെ ഉപയോഗിക്കാത്തിടത്തോളം നിങ്ങൾ ഒരു നല്ല റൈഡറാകുന്നില്ല എന്നതാണ്‌ സത്യം.

Text n ride

ടൂവീലറോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കാറുണ്ടോ..?

മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നത് ഗുരുതരമായ നിയമലംഘനവും അതിലേറെ അപകടകരവുമാണെന്നറിയാമല്ലോ. നാലുചക്ര വാഹനങ്ങളെക്കാൾ അപകടമാണ്‌ ഇക്കാര്യത്തിൽ ഇരുചക്രവാഹനങ്ങൾ. ചിലരെങ്കിലും ഹെഡ്സെറ്റ് ധരിച്ച് വാഹനമോടിക്കുന്നതു കാണാം. എന്നാൽ ഹെൽമെറ്റിനുള്ളിൽ അമർന്നിരിക്കുന്ന തരം ഹെഡ്സെറ്റാണെങ്കിൽ അത് ചെവിയിൽ അണുബാധയുണ്ടാകുന്നതു മുതൽ കേൾവിശക്തി കുറയുന്നതു വരെയുള്ള പ്രശ്നങ്ങൾക്കു കാരണമാകും. ഹെൽമെറ്റിനുള്ളിൽ മൊബൈൽ തിരുകി യാത്ര ചെയ്യുന്നതും ശരിയായ നടപടിയല്ല. ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ഒരു കാരണവശാലും മൊബൈൽ ഉപയോഗിക്കാതിരിക്കുക. അഥവാ അങ്ങനെ ചെയ്യുന്നെങ്കിൽ ഓർക്കുക, നിങ്ങളൊരു റൈഡറേയല്ല..

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)