Published On: Fri, Mar 31st, 2017

AQUATIC: THE FLOATING PARADISE

IMG_2136

യുവനടനായ ശ്യാം ജേക്കബും ഭാര്യ വന്ദനയും ഏഷ്യയിലെ ആദ്യത്തെ ഫ്‌ളോട്ടിങ് റിസോർട്ടായ കുമ്പളങ്ങിയിലെ  അക്വാട്ടിക്കിലേക്ക് ബി എം ഡബ്ല്യുവിന്റെ ഫ്‌ളാഗ്ഷിപ്പ് കാറായ ഐ8-ൽ നടത്തിയ യാത്ര…

ഫോട്ടോകൾ- ജമേഷ് കോട്ടയ്ക്കൽ

ഷൂട്ടിങ് തിരക്കുകളിൽ നിന്ന് ശ്യാം ജേക്കബിന് അൽപമൊരു മോചനം കിട്ടിയ ഒരു അവധി ദിവസം. സംസ്ഥാന സർക്കാരിനു വേണ്ടി സി ഡിറ്റ് നിർമ്മിക്കുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ജീവിതം ആസ്പദമാക്കിയുള്ള ഹ്രസ്വചിത്രത്തിൽ അബ്ദുറഹ്മാൻ സാഹിബായി വേഷമിട്ടശേഷം കൊച്ചിയിലേക്ക് മടങ്ങിയെത്തിയതേയുള്ളു ശ്യാം. പാലക്കാട്ടേയും പൊന്നാനിയിലേയുമൊക്കെ കനത്ത ചൂടിലായിരുന്നു ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിങ്. അതിനു തൊട്ടുമുമ്പ് തീയേറ്ററുകളിലെത്തിയ കലവൂർ രവികുമാറിന്റെ കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന സിനിമയിൽ കണ്ട ശ്യാമേയല്ല അബ്ദുറഹ്മാൻ സാഹിബായി രൂപാന്തരപ്പെട്ട ശ്യാം. പൊലീസ് തൊപ്പിക്കു പകരം സാഹിബിന്റെ കറുത്ത മുസ്ലിം കമ്പിളിത്തൊപ്പി. കർക്കശനായ പൊലീസ് ഓഫീസറുടെ സ്ഥാനത്ത് സൗമ്യനും ശുഭ്രവേഷധാരിയുമായ സ്വാതന്ത്ര്യസമര സേനാനി. തീർത്തും വ്യത്യസ്തമായ രണ്ടു വേഷങ്ങളും തന്റെ കൈയിൽ സുഭദ്രമാണെന്ന് തെളിയിച്ച നായകന് എന്തായാലും ഇനി അൽപം വിശ്രമം ആവശ്യമാണ്. കൊച്ചിയിലെ കാക്കനാട് താമസിക്കുന്ന ശ്യാം വിശ്രമത്തിനായി ഒരു ഇടം തേടിയപ്പോൾ മനസ്സിലേക്ക് ആദ്യം കടന്നുവന്നത് കുമ്പളങ്ങിയിലെ അക്വാട്ടിക് ആണ്. കാരണം മറ്റൊന്നുമല്ല. ഏഷ്യയിലെ ആദ്യത്തെ ഫ്‌ളോട്ടിങ് റിസോർട്ടായ അക്വാട്ടിക് സന്ദർശിക്കണമെന്ന് കഴിഞ്ഞ ഒരു വർഷമായി ഭാര്യ വന്ദന ആവശ്യപ്പെടുന്ന കാര്യമാണ്.

IMG_2076

ഇൻഫോപാർക്കിൽ എച്ച് ഡി എഫ് സി ബാങ്കിൽ അസിസ്റ്റന്റ് മാനേജറായ വന്ദനയ്ക്കും തിരക്കൊഴിഞ്ഞ സമയം കുറവാണ്. വിവാഹത്തിനുശേഷം അഞ്ചു വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും ഒരുമിച്ച് യാത്ര ചെയ്യാനുള്ള സമയവും സാഹചര്യവുമൊക്കെ ഇപ്പോഴും കുറവാണ്. എന്തായാലും ഈ അവധിദിവസം കുമ്പളങ്ങിയിലെ ശാന്തവും സ്വസ്ഥവുമായ ജലപ്പരപ്പുകളിലെ റിസോർട്ടിൽ തന്നെയാക്കാൻ ഇരുവരുമുറച്ചു. അവരുടെ ആ യാത്ര സുന്ദരമാക്കുകയെന്ന ദൗത്യം ശ്യാമിന്റെ സുഹൃത്തുക്കളായ സ്മാർട്ട് ഡ്രൈവ് ഏറ്റെടുക്കാൻ തീരുമാനിച്ചു. താരത്തേയും പ്രിയതമയേയും വഹിച്ച് റിസോർട്ടിലേക്ക് നീങ്ങാൻ ബി എം ഡബ്ല്യുവിന്റെ താരവാഹനമായ ഐ8 ഒരുങ്ങി. അതിനൊരു കാരണം വേറെയുമുണ്ട്. പരിസ്ഥിതിക്ക് യാതൊരു കോട്ടവും വരുത്താതെ ഫ്‌ളോട്ടിങ് റിസോർട്ടായി നിലകൊള്ളുന്ന അക്വാട്ടിക്കിലേക്ക് പോകാൻ ഏറ്റവും പാരിസ്ഥിതിക സൗഹൃദം പുലർത്തുന്ന ഹൈബ്രിഡ് വാഹനമെന്ന നിലയ്ക്കാണ് ഞങ്ങൾ ഐ 8 തെരഞ്ഞെടുത്തത്. ഏറ്റവും കുറഞ്ഞ കാർബൺ എമിഷനും ഏറ്റവും കൂടിയ മൈലേജും നൽകുന്ന തകർപ്പൻ പുതിയകാല വാഹനമാണ് മൂന്നു കോടി രൂപയോളം ഓൺറോഡ് വില വരുന്ന ഐ 8.

IMG_2219
വന്ദനയ്‌ക്കൊപ്പം കുമ്പളങ്ങിയിലേക്ക് ഹൈബ്രിഡ് സ്‌പോർട്‌സ് കാറിൽ ഡ്രൈവ് ചെയ്യവേ ശ്യാമിന്റേയും വന്ദനയുടേയും മനസ്സ് അക്വാട്ടിക്കിലെത്തിക്കഴിഞ്ഞിരുന്നു. സ്മാർട്ട് ഡ്രൈവിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും ഈ വിസ്മയ റിസോർട്ടിനെപ്പറ്റി വന്ന വാർത്തകളും ഫീച്ചറുകളുമൊക്കെ ഇരുവരും നേരത്തെ തന്നെ ശ്രദ്ധിച്ചിരുന്നു. പോരാത്തതിന് ഏഷ്യാനെറ്റ് ന്യൂസ് ചാനലിലുള്ള സ്മാർട്ട് ഡ്രൈവ് പ്രോഗ്രാമിൽ അമേരിക്കൻ ബൈക്കായ ഇന്ത്യൻ സ്‌കൗട്ട് ടെസ്റ്റ് ഡ്രൈവ് ചെയ്തതും അക്വാട്ടിക്കിലെ ജലത്തിനുമേൽ പൊന്തിക്കിടക്കുന്ന നടവഴികളിലൂടെയായിരുന്നു. ഈ നടവഴികളിലൂടെ കൂറ്റൻ ബൈക്ക് ചീറിപ്പാഞ്ഞപ്പോൾ ഇരുവശത്തേക്കും ജലം ആർത്തിരമ്പി തെറിച്ചു… ഈ കാഴ്ചകളൊക്കെ തന്നെയും വാഹനപ്രിയർ കൂടിയായ ദമ്പതിമാരെ വല്ലാതെ ആകർഷിച്ചിരുന്നു. ഇരുവരും പ്രകൃതിയെ ആസ്വദിക്കുന്ന കാര്യത്തിൽ തികഞ്ഞ കാൽപനികരുമാണെന്നതാണ് അക്വാട്ടിക്കിൽ അവധിദിവസം ചെലവിടാൻ അവരെ പ്രേരിപ്പിച്ചതും.

5 - Copy 11 - Copy

ആ റിസോർട്ടിന്റെ വെബ്‌സൈറ്റിലെ വർണനകളിൽ നിന്നു തന്നെ അവർ ആ കാഴ്ചകൾ ആസ്വദിക്കാൻ തുടങ്ങിയിരുന്നു താനും. അതിമനോഹരമായ ജലപ്പരപ്പിലേക്ക് നോക്കിനിന്നുകൊണ്ട് ചൂട് കാപ്പി നുകർന്ന്, പ്രൗഢമായ കസേരയിൽ അലസമായിരുന്നുകൊണ്ട് പുസ്തകത്താളുകൾ മറിക്കുക. അൽപനേരം കഴിഞ്ഞ് കായൽപ്പരപ്പിൽ നിന്നും കണ്ണെടുത്ത് മുറിയിലെ താഴേക്കുള്ള പടികളിറങ്ങി എയർ കണ്ടീഷൻ ചെയ്ത വിശാലമായ ലിവിങ് റൂമിലേക്കെത്തി അവിടെ സ്‌നാക്‌സും കൊറിച്ചുകൊണ്ട് ടെലിവിഷൻ ചാനലുകൾ അലസമായി മാറ്റിക്കൊണ്ടിരിക്കൽ. പിന്നെ വീണ്ടും മുറിയുടെ താഴേക്കുള്ള പടികളിറങ്ങി ജലനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്ന കിടക്കറയിലെ വലിയ കിടക്കയിൽ വിശ്രമിച്ചുകൊണ്ട് മീനുകൾക്കും ഞെണ്ടുകൾക്കുമൊക്കെയൊപ്പമാണല്ലോ ഉറക്കം എന്നാലോചിച്ച് വിസ്മയം കൊണ്ട് മയക്കത്തിലേക്ക് വീഴുക. വൈകുന്നേരത്ത് ജലാശയത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്ന നീന്തൽക്കുളത്തിൽ  ഉല്ലസിക്കൽ. പിന്നെ ലൈവ് ക്ലാസിക്കൽ സംഗീതവിരുന്ന്, സമയം കിട്ടുമ്പോൾ വാട്ടർ ബോട്ടുകളിൽ കായലിലൂടെയുള്ള സഞ്ചാരം. ആയുർവേദ സ്പായിൽ മസാജ് വേണമെങ്കിൽ അത്. കളിക്കാനാണെങ്കിൽ ഇൻഡോർ ഗെയിമുകളുടെ വമ്പൻ ശേഖരം. ഇടയ്ക്ക് കുമ്പളങ്ങിയെന്ന തീരദേശഗ്രാമത്തിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഒരു നടത്തം. സങ്കൽപിക്കാനാകാത്തവിധമുള്ള ഒരു ജീവിതമാണ് അക്വാട്ടിക് ഏതൊരു യാത്രികനും സമ്മാനിക്കുന്നത്.

1 - Copy
231 ബി എച്ച് പി ശേഷിയുള്ള ഐ8 4.4 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗതയെടുക്കുമെന്നത് ചെല്ലാനത്തേക്കുള്ള ആൾത്തിരക്കൊഴിഞ്ഞ തീരദേശപാതയിൽ തന്നെ ഐ 8 ശ്യാമിന് മനസ്സിലാക്കിക്കൊടുത്തിരുന്നു. അതുകൊണ്ട് അതിവേഗമാണ് കൊച്ചിയിൽ നിന്നും 16 കിലോമീറ്റർ അകലെയുള്ള അക്വാട്ടിക്കിലേക്ക് ഐ 8 എത്തിയത്. അക്വാട്ടിക്കിലെ നീന്തൽക്കുളവും വില്ലകളും റസ്റ്റോറന്റും നടപ്പാതകളുമെല്ലാം ജലത്തിനു മുകളിൽ പൊന്തിക്കിടക്കുന്നവയാണ്. ബെഡ്‌റൂമാകട്ടെ ജലനിരപ്പിൽ നിന്നും വളരെ താഴെയും!

IMG_2094

പൊക്കാളി പാടങ്ങൾ കഴിഞ്ഞ് പുത്തങ്കരിയിലെ വെള്ളച്ചാലിലേക്ക് കടക്കുന്ന വഴിയ്ക്കരുകിൽ തന്നെ അക്വാട്ടിക് റിസോർട്ടിലേക്കുള്ള വഴി കാണിക്കുന്ന ബോർഡ് വച്ചിട്ടുണ്ട്. പാടശേഖരങ്ങൾക്കു നടുവിലൂടെയുള്ള ചെങ്കൽപ്പാതയിലൂെട ഐ 8 നീങ്ങുകയാണ്. ഇരുവശത്തും തെങ്ങുകൾ നിരനിരയായി നിൽപ്പുണ്ട്. ജലാശയങ്ങളുമായി കൈത്തോടുകൾ സൗഹൃദം പങ്കിടുന്ന കാഴ്ച ആസ്വദിച്ചാണ് നീങ്ങൽ. ഐ 8 അക്വാട്ടിക്കിലേക്കുള്ള ചെറിയ ഇരുവശവും ജലം നിറഞ്ഞ വരമ്പിലൂടെ കടന്ന് റിസോർട്ടിന്റെ വിശാലമായ പാർക്കിങ് ഏരിയയിലേക്ക് കടന്നു. റിസോർട്ട് മാനേജർ എബിയും സംഘവും ശ്യാമിനേയും വന്ദനയേയും
സ്വീകരിക്കാനെത്തി.

43
കുമ്പളങ്ങി എന്ന തീരദേശമത്സ്യബന്ധന ഗ്രാമം മാതൃകാ മത്സ്യബന്ധഗ്രാമവും വിനോദസഞ്ചാരകേന്ദ്രവു മാക്കി മാറ്റാൻ കേരള സർക്കാർ തീരുമാനിക്കുന്നത് 2003ലാണ്. കായലുകളും ചെമ്മീൻകെട്ടുകളും പൊക്കാളി പാടശേഖരങ്ങളുമൊക്കെയുള്ള ഈ പ്രദേശത്തിന്റെ പ്രകൃതി മനോഹാരിത വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ടതായതിനാൽ ഇവിടെ ഹോംസ്‌റ്റേകളും റിസോർട്ടുകളുമൊക്കെ കൊണ്ടു വന്നാൽ ഇവിടേയ്ക്ക് അവരെ ആകർഷിക്കാനാകുമെന്ന കണ്ടെത്തലിൽ നിന്നാണ് ഈ മാതൃകാ ഗ്രാമത്തിന്റെ പിറവി. ഈ സുന്ദരമായ ഗ്രാമത്തിലേക്ക് ഫ്‌ളോട്ടിങ് റിസോർട്ട് എന്ന ആശയവുമായി തിരുപ്പൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പോപ്പീസ് ഹോട്ടൽ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ എസ് കെ ഹരി അറുമുഖം ഇവിടേയ്ക്ക് എത്തുന്നത്.
വിസ്മയിപ്പിക്കുന്ന അകത്തളങ്ങളാണ് അക്വാട്ടിക്കിൽ ശ്യാമിനേയും വന്ദനയേയും കാത്തിരുന്നത്. പനമ്പും കയറും മരവുമൊക്കെ ഉപയോഗിച്ചു നിർമ്മിച്ച വിശാലമായ സ്വീകരണമുറിയാണ് റിസോർട്ടിന്റേത്.

IMG_2199

തണ്ണിമത്തൻ ജ്യൂസ് ആയിരുന്നു വെൽകം ഡ്രിങ്ക്. ജലാശയത്തിനു മേൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് റിസപ്ഷനും അതിനോട് ചേർന്നുള്ള ഫ്‌ളോട്ടിങ് നീന്തൽക്കുളവും സ്പായും ഇൻഡോർ ഗെയിമുകൾക്കുള്ള പ്രത്യേക മുറികളുമെല്ലാം തന്നെ. പതിനഞ്ച് അടി താഴ്ചയുള്ള ജലാശയത്തിലാണ് ഇവ പൊങ്ങിക്കിടക്കുന്നതെന്നതു കേട്ടപ്പോൾ ശ്യാം അത്ഭുതം കൂറി. ജലത്തിൽ പൊങ്ങിക്കിടക്കുന്ന നീന്തൽക്കുളത്തിനടുത്തേക്ക് ശ്യാം നീങ്ങി നിന്നപ്പോൾ നീന്തൽക്കുളം അപ്പാടെ ഒരുവശത്തേക്ക് ചെരിയുന്നതു കണ്ടപ്പോൾ വന്ദനയുടെ കണ്ണുകളിൽ അത്ഭുതം വിടർന്നു.

IMG_2240

കുട്ടിക്കാലത്തെന്നപോലെ പൊട്ടിച്ചിരി കൊണ്ട് വന്ദന ശ്യാമിനടുത്തേക്ക് ഓടി. അരുകിലേക്ക് നീങ്ങിനിന്ന് അവ അനക്കുകയെന്ന കൗതുകമായി പിന്നെ. നീന്തൽക്കുളവും റിസപ്ഷനും വേർതിരിക്കുന്നയിടത്തേക്ക് പോയി അവിടത്തെ തൂണിൽ പിടിച്ച് ശക്തിയായി താഴേക്ക് ചവിട്ടിയാൽ നീന്തൽക്കുളവും റിസപ്ഷനും ആടുന്നതിന്റെ അനുഭവം ഒന്നുവേറെ തന്നെ. ചുറ്റും ജലാശയമായതിനാൽ ഈ ഫ്‌ളോട്ടിങ് നീന്തൽക്കുളത്തിൽ നീന്താനിറങ്ങിയാൽ വലിയൊരു തടാകത്തിൽ നീന്തുന്ന പ്രതീതിയാണുണ്ടാകുക. വൈകുന്നേരത്തെ നീന്തൽ ഈ നീന്തൽക്കുളത്തിൽ തന്നെയാകാമെന്ന് ശ്യാം ഉറപ്പിച്ചു.

IMG_2250
രാവിലെ ലഘുഭക്ഷണം മാത്രം കഴിച്ചാണ് ഇറങ്ങിയെതന്നതിനാൽ റിസോർട്ടിലെ ഫ്‌ളോട്ടിങ് റസ്റ്റോറന്റായ ലേ കുമ്പളങ്ങിയിൽ നിന്നും ശ്യാമും വന്ദനയും പ്രഭാതഭക്ഷണം ആകാമെന്നുറപ്പിച്ചു. റിസപ്ഷനിൽ നിന്നും ഏതാനും ഫർലോങ്ങിനപ്പുറത്താണ് വിശാലമായ പുൽത്തകിടിയ്ക്കരികിലുള്ള ഈ ഭക്ഷണശാല. വിശാലമായ ഈ പുൽത്തകിടി സൽക്കാരങ്ങൾക്കായി ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. അഞ്ഞൂറിലധികം പേർക്ക് പാർട്ടിയിൽ പങ്കെടുക്കാനാകുംവിധം വലുതാണത്. ഈ പുൽത്തകിടിയുടെ പരിസരത്ത് നിർമ്മിച്ചിട്ടുള്ള ചെറിയ നിരവധി ആമ്പൽക്കുളങ്ങളും ചെറിയ മത്സ്യബന്ധന വള്ളങ്ങളും പനമരങ്ങളും തെങ്ങുകളും മറ്റ് പൂന്തോട്ട ചെടികളുമൊക്കെ ആസ്വദിച്ചുകൊണ്ടാണ് ശ്യാമിന്റേയും വന്ദനയുടേയും റസ്റ്റോറന്റിലേക്കുള്ള സഞ്ചാരം.
റസ്റ്റോറന്റ് രണ്ടു തട്ടുകളായാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഒരു ബോട്ടിന്റെ മേൽത്തട്ടും കീഴെത്തട്ടും പോലെ തന്നെയാണത്.

 

IMG_2109

പ്രഭാതത്തിലെ കാറ്റ് ജലവിതാനത്തിനു മുകളിലൂടെ വീശിയടിച്ചപ്പോൾ വേനലിന്റെ ചൂടിന് ശമനമായി. പ്രാതലിനായി എത്തിയ ദമ്പതികളെ കാത്തിരുന്നത് വിഭവസമൃദ്ധമായ വിരുന്നാണ്. അപ്പവും സ്റ്റൂവും, പൂരിയും ഉരുളക്കിഴങ്ങ് കറിയും, തട്ടുദോശയും വിവിധ ചട്‌നികളും, തണ്ണിമത്തൽ ജ്യൂസും. തീർത്തും ആസ്വാദ്യകരമായ ഭക്ഷണം. ഉച്ചയ്ക്കാകട്ടെ കുമ്പളങ്ങിയിലെ നാട്ടിൻപുറത്തെ ഊണു തന്നെയാണ് അക്വാട്ടിക്കിൽ നൽകുന്നത്. മത്സ്യവിഭവങ്ങളാണ് പ്രത്യേകത. കുമ്പളങ്ങിക്കാർ തന്നെയാണ് മീൻകറിയടക്കമുള്ള വിഭവങ്ങൾ ഒരുക്കുന്നത്. റിസോർട്ടിൽ താമസിക്കുന്നവർക്കു മാത്രമല്ല പുറത്തുള്ളവർക്കും ഇവിടെ നിന്നും ഭക്ഷണം കഴിക്കാനാകുംവിധമാണ് റസ്‌റ്റോറന്റ് സജ്ജീകരിച്ചിട്ടുള്ളത്. ചുട്ട കരിമീൻ പോലുള്ള അപൂർവ വിഭവങ്ങൾ ഒരുക്കി ഭക്ഷണപ്രിയരെ അക്വാട്ടിക് ശരിക്കും അടിമപ്പെടുത്തുന്നുപോലുമുണ്ട്. സീഫുഡ് ആണ് അക്വാട്ടിക്കിന്റെ ഏറ്റവും വലിയ ആകർഷണം.

6 - Copy 29
റസ്റ്റോറന്റിൽ നി്ന്നും പുറത്തിറങ്ങിയ ശ്യാം അക്വാട്ടിക്കിന്റെ ഏറ്റവും വലിയ സവിശേഷതയായ ഫ്‌ളോട്ടിങ് വില്ലകൾ കാണാനായി വന്ദനയേയും കൂട്ടി നടന്നു. റസ്‌റ്റോറന്റിലേക്കും മുറികളിലേക്കും പോകാനുള്ള വഴിയും വെള്ളത്തിൽ പൊന്തിക്കിടക്കുന്നതു തന്നെ. ഇരുവശത്തും ഇരുമ്പു പൈപ്പുകൾ ഘടിപ്പിച്ച മരപ്പലകകൾ കൊണ്ട് നിർമ്മിച്ച സുന്ദരമായ വഴികളാണുള്ളത്. കെട്ടുവള്ളങ്ങൾ പോലെയാണ് ഈ മുറികൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. മുറികളുടെയെല്ലാം മേൽക്കൂര കയർവിരിപ്പുകൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. ചൂടിനെ ചെറുക്കുന്നതിനൊപ്പം കെട്ടുവള്ളത്തിന്റെ ഡിസൈൻ അവയ്ക്കുണ്ടുതാനുമെന്നതാണ് പ്രത്യേകത.

IMG_2129
ജലാശയത്തിൽ പൊങ്ങിക്കിടക്കുന്ന 10 ആഡംബര മുറികളാണ് ഈ റിസോർട്ടിലുള്ളത്. മുറിയിലേക്ക് പ്രവേശിച്ചപ്പോൾ വന്ദന ശരിക്കും അത്ഭുതപ്പെട്ടു. പുറമേ നിന്നു കാണുന്നതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് മുറിയുടെ അകം. മൂന്നു തട്ടുകളായാണ് മുറികൾ ഒരുക്കിയിരിക്കുന്നത്. കയറി ചെല്ലുമ്പോൾ ഉള്ള ജലനിരപ്പിനോടു ചേർന്ന തട്ടിലാണ് ലിവിങ് റൂം. അതിൽ ടീ പോയും സോഫകളും എൽ ഇ ഡി ടെലിവിഷൻ സെറ്റുമൊക്കെയുണ്ട്. അവിടെ നിന്നും മേലേക്കുള്ള പടികൾ കയറിയാൽ ഒരു ബോട്ടിലെന്നപോലെ വെയിൽ കാഞ്ഞു കിടന്നുകിടക്കാവുന്ന വലിയ ബാൽക്കണി സൗകര്യം ഒരുക്കിയിട്ടുണ്ട്. അവിടെ നിന്നു നോക്കിയാൽ നമ്മൾ ഏതോ ബോട്ടിൽ കായൽപ്പരപ്പിലൂടെ സഞ്ചരിക്കുകയാണെന്നേ തോന്നൂ.

IMG_2172

ജലനിരപ്പിനു താളെയാണ് അതിസുന്ദരമായ വിധത്തിൽ ബെഡ്‌റൂമുകൾ സജ്ജീകരിച്ചിട്ടുള്ളത്. ചില്ലു ജനാലയിലൂടെ പുറത്തേക്കു നോക്കിയാൽ മുറിയുടെ ചില്ലിനു തൊട്ടുതാഴെ വെള്ളം കാണാനാകും. ”ശ്യാം, നമ്മൾ കഴുത്തറ്റം വെള്ളത്തിലാണ് കിടപ്പറയിൽ നിൽക്കുന്നത്. ജലത്തിനുള്ളിൽ രാത്രി ചെലവിടുന്നതുപോലെ മറ്റെന്ത് വേറെയുണ്ടാകാനാണ്?” കാൽപനികമായ ഒരു നിർവൃതിയാണ് വന്ദനയ്ക്കുണ്ടായതെന്നു തോന്നുന്നു. പൊങ്ങിക്കിടക്കുന്ന ഈ മുറികൾക്കു പുറമേ, 40 മുറികൾ കൂടി ഇതിനു പിന്നിലുള്ള സ്ഥലത്ത് പണിയാനാണ് തീരുമാനം.

7 - Copy17
അക്വാട്ടിക്കിൽ ചെലവിട്ട സമയം ശ്യാമും വന്ദനയും ശരിക്കും ആസ്വദിക്കുന്നുണ്ടെന്നുറപ്പായിരുന്നു. അക്വാട്ടിന് ചുറ്റുമുള്ള ജലവിതാനത്തിലൂടെ തോണിയിലുള്ള യാത്രയാണ് ഏറെ അവരെ സന്തോഷിപ്പിച്ചത്. ദീർഘകാലത്തിനുശേഷം ഒരു ദിവസം തങ്ങൾക്ക് ആനന്ദകരമാക്കി മാറ്റിയ റിസോർട്ടിനോട് വിട പറയുമ്പോൾ ഒരുപാട് ഓർമ്മകളുടെ ഫ്രെയിമുകൾ ഇരുവരുടേയും മനസ്സിൽ അവശേഷിച്ചിരുന്നു. ആ സമയമൊക്കെയും ആ സുന്ദരഭൂവിലെത്തിയതിന്റെ നിർവൃതിയിൽ മയങ്ങുകയായിരുന്നു ഐ 8. ഭൂമിയിലെ സുന്ദരമായ ഒരിടത്ത് തങ്ങിയതിന്റെ സന്തോഷം ഐ 8ന്റെ ആക്‌സിലറേറ്ററിൽ കാൽ വയ്ക്കുമ്പോൾ ശ്യാമിനുണ്ടായിരുന്നു. 1499 സി സിയുള്ള 6 സ്പീഡ് ട്രാൻസ്മിഷൻ വാഹനം പിന്നെ കുമ്പളങ്ങിയിലെ വഴികളിലൂടെ കൊച്ചിയെ ലാക്കാക്കി പാഞ്ഞു!$

Aquatic Floating Resort
4-360A, Puthankary, Kumbalangi P.O., Cochin-682 007
Mob: +91 70250 19777
+91 70250 39777
Ph: +91 484 2248577
Email: bookings@poppyshotels.com
www.aquatic-resorts.com

 

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)