Published On: Tue, Aug 22nd, 2017

A VALLUVANADAN LOCATION HUNT!

_ALU6082

വള്ളുവനാട്ടിലെ പ്രശസ്ത സിനിമാ ലൊക്കേഷനുകളിലേക്ക് ഹ്യുണ്ടായ്‌യുടെ പുതിയ എക്‌സന്റിൽ ഒരു യാത്ര

എഴുത്ത്- ജെ. ബിന്ദുരാജ്, ഫോട്ടോകൾ- ലാലു തിരുമിറ്റക്കോട്

ഭാരതപ്പുഴയുടെ തീരത്തുള്ള ചോറോട്ടൂർ ഗ്രാമത്തിലെ പോഴത്തിൽ മനയ്ക്ക് ഏകദേശം 135 വർഷത്തെ പഴക്കമുണ്ട്. മനയിലെ ഇപ്പോഴത്തെ കാരണവരായ എഴുപത്തിനാലുകാരനായ പി എം നാരായണന്റെ അച്ഛനായ നാരായണന് നമ്പൂതിരിയാണ് മന പണിതത്. എട്ടേക്കർ വരുന്ന ഭൂമിയിൽ മുപ്പതോളം മുറികളുള്ള ഈ മന കേരളീയ ശിൽപചാതുരിയുടേയും പാരമ്പര്യഭവനങ്ങളുടേയും അവശേഷിക്കുന്ന വിരലിലെണ്ണാവുന്ന മനകളിലൊന്നാണ്. മനകളെപ്പറ്റി പറയുമ്പോൾ വരിയ്ക്കാശ്ശേരി മനയെപ്പറ്റിയും ഒളപ്പമണ്ണ മനയെപ്പറ്റിയുമൊക്കെ മലയാളിക്ക് അറിയാമെങ്കിലും പോഴത്തിൽ മന പലരും നേരിട്ട് കണ്ടിട്ടില്ല. പക്ഷേ മലയാളിക്ക് പ്രിയങ്കരമായ ഒട്ടേറെ നല്ല സിനിമകളുടെ ലൊക്കേഷനായിരുന്നു ഈ മന. മമ്മൂടിയുടെ എം ടി ചിത്രമായ കൊച്ചുതെമ്മാടിയിൽ തുടങ്ങി തിളക്കം, അനന്തഭദ്രം, വാനപ്രസ്ഥം, എന്ന് സ്വന്തം മൊയ്തീൻ തുടങ്ങി മലയാള സിനിമയിൽ നായകന്റേയോ നായികയുടെയോ വീടായി സിനിമയിൽ മാറിയത് ഈ ഭവനമാണ്. എന്തിനധികം പറയുന്നു, കമലിന്റെ ഏറ്റവും പുതിയ ചിത്രമായ ആമിയിൽ ബാലാമണിയമ്മയുടെ കുടുംബവീടായി മാറുന്നതും പോഴത്തിൽ മന തന്നെ. രണ്ടാമൂഴത്തിനു മുമ്പ് ശ്രീകുമാർ സംവിധാനം ചെയ്യുന്ന മോഹൻ ലാൽ ചിത്രമായ ഒടിയന്റെ ലൊക്കേഷനായി തെരഞ്ഞെടുത്തിരിക്കുന്നതും ഈ മന തന്നെ. മലയാള സിനിമയിൽ ലബ്ധപ്രതിഷ്ഠ നേടിയ വള്ളുവനാട്ടിലെ ലൊക്കേഷനുകളിലൂടെ കുറച്ചുകാലം മുമ്പ് സ്മാർട്ട് ഡ്രൈവ് ഒരു യാത്ര നടത്തിയിരുന്നു. ഇത്തരത്തിലുള്ള ലൊക്കേഷനുകളെ കൂടുതലായി പരിചയപ്പെടുത്തണമെന്ന വായനക്കാരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് അന്ന് ഞങ്ങൾക്ക് പരിചയപ്പെടുത്താൻ കഴിയാതിരുന്ന മറ്റു ചലച്ചിത്ര ലൊക്കേഷനുകളിലേക്കൊരു യാത്ര ഞങ്ങൾ പദ്ധതിയിട്ടത്. ഈ യാത്രയ്ക്ക് ഞങ്ങൾ തെരഞ്ഞെടുത്തതാകട്ടെ ഹ്യുണ്ടായ്‌യുടെ പരിഷ്‌കരിച്ച സെഡാനായ എക്‌സന്റിന്റെ ഡീസൽ വേരിയന്റായ എസ് എക്‌സും. മികവിന്റെ പര്യായമായി ഇതിനകം മാറിക്കഴിഞ്ഞ ഒരു വാഹനത്തിൽ കേരളീയ പാരമ്പര്യത്തിന്റെ ഏടുകളെ പരിചയപ്പെടുത്തുന്നതിനും ചരിത്രവഴികളുറങ്ങുന്ന ചലച്ചിത്ര ലൊക്കേഷനുകളിലൂടെ സഞ്ചരിക്കുന്നതിനും വായനക്കാരെ ഞങ്ങൾ ക്ഷണിക്കുന്നു.

_ALU6064

ദേവാസുരം മുതലിങ്ങോട്ടുള്ള മോഹൻ ലാൽ ചിത്രങ്ങളിലെല്ലാം തന്നെ വാഴാലിക്കാവുണ്ട്
മഴ പൂർണമായും മാറി നിന്ന ഒരു കർക്കിടദിനത്തിലാണ് ഹ്യുണ്ടായ് എക്‌സന്റിന്റെ ചലച്ചിത്ര ലൊക്കേഷനുകളിലേക്കുള്ള യാത്രയ്ക്ക് കൊച്ചിയിൽ നിന്നും തുടക്കമായത്. അഞ്ചു പേർക്ക് സുഖമായി ഇരിക്കാവുന്ന അതിസുന്ദരമായ വാഹനമാണ് എക്‌സന്റ് എസ് എക്‌സ് ഡീസൽ. ഹൈവേകളിൽ ലിറ്ററിന് 24.4 കിലോമീറ്ററും നഗരത്തിൽ ലിറ്ററിന് 16 കിലോമീറ്ററും ലഭിക്കുന്ന ഈ കാറിന് 1186 സി സിയും 74 ബി എച്ച് പി ശേഷിയും 190 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള എഞ്ചിനുമാണു ള്ളത്. മുന്നിൽ മക്‌ഫേർസൺ സ്ട്രറ്റ് സസ്‌പെൻഷനും പിന്നിൽ ടോർഷൻ ബീം ആക്‌സിലുമുള്ള വാഹനമായതിനാൽ ദീർഘദൂരയാത്രകളിൽ തെല്ലും അസ്വസ്ഥത യാത്രക്കാർക്ക് ഉണ്ടാക്കില്ലെന്നതാണ് ഈ വാഹനം ഞങ്ങൾ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. മാത്രവുമല്ല, ചലച്ചിത്ര ലൊക്കേഷനുകളിലേക്കുള്ള ആദ്യഘട്ട യാത്ര ഹൈവേയിലൂടെ ആയതിനാൽ ഇന്ധന ചെലവ് വലിയൊരു അളവു വരെ ലാഭിക്കാനുമാകും. പിന്നീടുള്ള യാത്ര ഊടുവഴികളൂടെയും അത്ര നല്ല നിരത്തുകളില്ലാത്ത ഇടങ്ങളിലൂടെയുമൊക്കെയായതിനാൽ മികച്ച സസ്‌പെൻഷനുള്ള വാഹനവും അനിവാര്യം. ടെസ്റ്റ് ഡ്രൈവിൽ തന്നെ സുരക്ഷിതത്വത്തിലും ഒരു മികച്ച വാഹനമാണെന്ന് തെളിയിക്കപ്പെട്ടതിനാലാണ് പുതിയ എക്‌സന്റ് ഡീസൽ തന്നെ വേണമെന്ന ഞങ്ങൾ തീരുമാനിച്ചത്. പോളാർ വൈറ്റ് നിറമുള്ള എക്‌സന്റ് ഞങ്ങളേയും കൊണ്ട് കൊച്ചിയിൽ നിന്നും ആലുവ, അങ്കമാലി വഴി സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനു കളിലേക്ക് അങ്ങനെ യാത്ര തുടങ്ങി. ഹൈവേയിലൂടെയുള്ള യാത്രയിൽ എക്‌സന്റ് തന്റെ കഴിവുകൾ മുഴുവൻ പുറത്തെടുത്തു. 120 കിലോമീറ്റർ വേഗത്തിൽ കുതിച്ചുപായുമ്പോഴും കംഫർട്ടും സുരക്ഷിതത്വവും പൂർണമായും ഉറപ്പാക്കി ആ വാഹനം.

_ALU6206

 

വരിയ്ക്കാശ്ശേരി മനയില്ലാതെ മലയാള സിനിമയുടെ ചരിത്രം പൂർണമാകില്ലെന്ന് നമുക്കറിയാം

പവർ അസിസ്റ്റഡ് സ്റ്റീയറിങ്ങും മുന്നിൽ ഡിസ്‌ക് ബ്രേക്കുകളും രണ്ട് എയർ ബാഗുകളും സീറ്റ്‌ബെൽറ്റ് വാണിങ്ങുമൊക്കെയുള്ള എക്‌സന്റ് എസ് എക്‌സ് ഡീസൽ ആരേയും ആവേശം കൊള്ളിക്കുക തന്നെ ചെയ്യും. ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റമുള്ളതിനാൽ വലിയ വേഗത്തിലാണെങ്കിൽ പോലും അതിവേഗം വാഹനത്തെ നിശ്ചലമാക്കാനും കഴിയും. ഇതിനു പുറമേയാണ് സെൻട്ൽ ലോക്കിങ്ങും ചൈൽഡ് സേഫ്റ്റി ലോക്കുമെല്ലാം. 5 സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണ് എസ് എക്‌സിലുള്ളത്. റിവേഴ്‌സ് ക്യാമറയുള്ളതിനാൽ പാർക്കിങ്ങും കംഫർട്ടബിളാണ്.

_ALU6138

 

 നിരവധി മലയാള ചിത്രങ്ങളിൽ ഇടംപിടിച്ച പാഞ്ഞാൾ ലക്ഷ്മീ നാരായണക്ഷേത്രം.

ഒരു യാത്രയ്ക്കുവേണ്ട സാധനസാമഗ്രികളെല്ലാം തന്നെ സൂക്ഷിക്കാനാകുന്ന 407 ലിറ്റർ ബൂട്ട് സ്‌പേസാണ് എക്‌സന്റിന്റെ ഏറ്റവും വലിയ ഗുണം. ഗ്രൗണ്ട് ക്ലിയറൻസ് 165 എം എം ഉള്ളതിനാൽ ഏത് ദുർഘടപാതയിലും അടിതട്ടാതെ നീങ്ങാനുമാകും. വാഹനത്തിലേറിയ ഉടനെ തന്നെ നാല് സ്പീക്കറുകളുള്ള ഇൻഗ്രേറ്റഡ് ഇൻഡാഷ് മ്യൂസിക് സിസ്റ്റം പ്രവർത്തിച്ചു തുടങ്ങി. ശബ്ദത്തിന്റെ വ്യക്തത സംഗീതത്തെ മനസ്സിലേക്ക് ആവാഹിക്കാൻ പോന്നതായിരുന്നു. ഇതിനു പുറമേ യു എസ് ബി പോർട്ടും ബ്ലൂടൂത്തും എം പി 3 പ്ലേബാക്കും റേഡിയോയും സ്റ്റീയറിങ് മൗണ്ടഡ് കൺട്രോളുകളുമൊക്കെയുള്ളതിനാൽ ടച്ച സ്‌കീൻ ഡിസ്‌പ്ലേയ്ക്കുപരിയായി ഡ്രൈവിങ് സീറ്റിലുള്ള യാത്രക്കാരനു തന്നെ കാര്യങ്ങൾ തന്റെ നിയന്ത്രണത്തിലാക്കാനും കഴിയും. മികച്ച നിലവാരമുള്ള ഫാബ്രിക് സീറ്റുകളാണ് വാഹനത്തിലുള്ളത്. പാലക്കാട് തൃശൂർ അതിർത്തിയിലുള്ള തിരുമിറ്റക്കോട് ഗ്രാമത്തിലേക്കാണ് ഹ്യുണ്ടായ് എക്‌സന്റ് കുതിച്ചുപാഞ്ഞത്.

_ALU6005

തിരുമിറ്റക്കോട് അഞ്ചൂമൂർത്തി ക്ഷേത്രം

തിരുമിറ്റക്കോട് ഗ്രാമത്തിന് മലയാള സിനിമാ ചരിത്രത്തിൽ വലിയ സ്ഥാനമാണുള്ളത്. അവിടത്തെ അഞ്ചൂമൂർത്തി ക്ഷേത്രത്തിന് 5000 വർഷത്തെ പാരമ്പര്യമാണ് അവകാശപ്പെടാനുള്ളത്. മലയാളത്തിന്റെ വിശ്രുത എഴുത്തുകാരനും ജ്ഞാനപീഠ പുരസ്‌കാരജേതാവുമായ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത നിർമ്മാല്യം എന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ ഈ ക്ഷേത്ര പരിസരമായിരുന്നു. എം ടിയുടെ തന്നെ പള്ളിവാളും കാൽച്ചിലമ്പും എന്ന കഥയുടെ ചലച്ചിത്ര രൂപാന്തരമായിരുന്നു നിർമ്മാല്യം. ഒരു വെളിച്ചപ്പാടിനെ കേന്ദ്ര കഥാപാത്രമാക്കി നിർമ്മിച്ച ഈ സിനിമ അക്കാലത്തെ ഏറ്റവും ധീരമായ ചിത്രമെന്ന നിലയ്ക്കാണ് വാഴ്ത്തപ്പെടുന്നത്. വിശക്കുന്ന മനുഷ്യനും വിശപ്പില്ലാത്ത ദൈവവും തമ്മിലുള്ള ഒരു പോരാട്ടമായാണ് നിർമ്മാല്യം കണക്കാക്കപ്പെടുന്നത്. എല്ലാത്തരത്തിലും ജീവിതദുരന്തത്തിലേക്ക് വീണുപോകുന്ന വെളിച്ചപ്പാട് ഗുരുതിക്കിടയിൽ ഉറഞ്ഞുതുള്ളി സ്വന്തം തല വെട്ടിപ്പൊളിച്ച് ഭഗവതിയുടെ മുഖത്ത് കാറിത്തുപ്പി മരിച്ചുവീഴുന്ന കാഴ്ചയുള്ള ഈ ചിത്രം പുതിയകാലത്ത് ചിത്രീകരിക്കാൻ എത്രപേർക്ക് ധൈര്യമുണ്ടാകുമെന്നത് വേറെ കാര്യം. തിരുമിറ്റക്കോട് ക്ഷേത്ര പരിസരത്തേക്ക് എക്‌സന്റ് കടന്നു.

_ALU6014

 

കുടപ്പാറ ഭഗവതി ക്ഷേത്ര പരിസരത്തേക്ക് എക്‌സന്റ് എത്തിച്ചേർന്നു. ഭരതന്റെ പ്രശസ്തമായ കേളി എന്ന സിനിമയുടെ ലൊക്കേഷൻ ഇവിടെയായിരുന്നു. 

വലിയ ഒരു മുറ്റമുണ്ട് ഈ ക്ഷേത്രത്തിന്. ക്ഷേത്രത്തിനു തൊട്ടു പിന്നിലൂടെ ഭാരതപ്പുഴയൊഴുകുന്നു. ക്ഷേത്ര പരിസരത്തു നിന്നും പുഴയിലേക്ക് ഇറങ്ങാനായി പടവുകളും നൽകിയിട്ടുണ്ട്. നിർമ്മാല്യത്തിനു പുറമേ, തുലാഭാരം, കുടുംബസമേതം, വാനപ്രസ്ഥം, ഉത്സവമേളം തുടങ്ങി നിരവധി സിനിമകളുടേയും ലൊക്കേഷനായി മാറി ഈ സ്ഥലം.

വള്ളുവനാട്ടെ പ്രദേശങ്ങളുടെയെല്ലാം ഗ്രാമീണതയും കേരളീയ സൗന്ദര്യവുമാണ് ചലച്ചിത്രകാരന്മാരെ പ്രധാനമായും ആ സ്ഥലങ്ങളിലേക്ക് ആകർഷിക്കുന്നത്. എക്‌സന്റ് പിന്നീട് നീങ്ങിയത് കുടപ്പാറ ഭഗവതിക്ഷേത്രത്തിന്റെ പരിസരത്തേക്കാണ്. ഈ ക്ഷേത്രഭൂമിയുടെ പരിസരങ്ങളിലും ഭാരതപ്പുഴയുടെ തീരങ്ങളിലുമൊക്കെയായാണ് മലയാളത്തിലെ പല പ്രധാന ചിത്രങ്ങളും ചിത്രീകരിക്കപ്പെട്ടത്. ചെറുവഴികളിലൂടെ കുടപ്പാറ ഭഗവതി ക്ഷേത്ര പരിസരത്തേക്ക് എക്‌സന്റ് എത്തിച്ചേർന്നു. ഭരതന്റെ പ്രശസ്തമായ കേളി എന്ന സിനിമയുടെ ലൊക്കേഷൻ ഇവിടെയായിരുന്നു. ഈ ക്ഷേത്ര പരിസരത്തും മൈതാനത്തും താഴെ ഭാരതപ്പുഴയുടെ കടവിലുമൊക്കെയായിട്ടായിരുന്നു ആ സിനിമ പൂർത്തീകരിച്ചത്. ജയറാമും ചാർമ്മിളയും ഇന്നസെന്റും പ്രധാന കഥാപാത്രങ്ങളായി വന്ന ഈ സിനിമയ്ക്കായി ക്ഷേത്ര പരിസരത്ത് കടകളുടേയും വീടുകളുടേയുമൊക്കെ സെറ്റിട്ടത് അക്കാലത്തെ വലിയൊരു അത്ഭുതം തന്നെയായിരുന്നു.

_ALU6043

ഞങ്ങളുടെ വാഹനം അവിടേയ്‌ക്കെത്തിയത് വീക്ഷിച്ചുകൊണ്ട് മധ്യവയ്കസനായ ഒരാൾ ഒരു സ്‌കൂട്ടറിൽ ഇരിപ്പുണ്ടായിരുന്നു. അടുത്തുചെന്ന് പരിചയപ്പെട്ടപ്പോഴാണ് ഞങ്ങളും അത്ഭുതം കൂറിയത്. ഒട്ടേറെ ചിത്രങ്ങളിൽ കടത്തുകാരന്റെ റോളിൽ പ്രത്യക്ഷപ്പെട്ട അയാൾ ജീവിതത്തിലും ഒരു കടത്തുകാരൻ തന്നെയായിരുന്നു. പട്ടാമ്പി സ്റ്റേഷനടുത്തള്ള കാരയ്ക്കലിൽ താമസിക്കുന്ന അബ്ദുൾ ഖാദറിന്റെ മുഖത്ത് സിനിമാ നടന്റെ ഭാവങ്ങളൊന്നുമില്ല. ‘നിരവധി ചിത്രങ്ങളിൽ കടത്തുകാരനായി തന്നെ പ്രത്യക്ഷപ്പെടാനുള്ള ഭാഗ്യമുണ്ടായി. കടത്തുവള്ളത്തിൽ ആഴമുള്ള സ്ഥലങ്ങളിൽ കഴുക്കോലിട്ടു നീക്കാൻ നടന്മാർക്കാവില്ലല്ലോ,’ താനെങ്ങനെ സിനിമാ നടനായെന്ന് അബ്ദുൾ ഖാദർ പുഞ്ചിരിയോടെ വർണിച്ചു. കേളിക്കു പുറമേ, ആധാരം, പൊന്മുടിപ്പുഴയോരത്ത്, കമലദളം, ഉത്സവപ്പിറ്റേന്ന്, കൊച്ചു തെമ്മാടി, ഭൂമിഗീതം, ഈ പുഴയും കടന്ന്, അഥർവം, യുഗപുരുഷൻ തുടങ്ങിയ സിനിമകൾക്കൊക്കെ പശ്ചാത്തലമായത് ഇവിടമാണ്. ഈ പുഴയും കടന്നിൽ പാവാടയും ബ്ലൗസുമിട്ട മഞ്ജു വാര്യർ ദിലീപിനൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച നദിക്കരയും ഇവിടെ തന്നെ.

_ALU6174

ഭാരതപ്പുഴയ്ക്ക് കുറെയുള്ള റെയിൽവേ പാലം കാണാത്ത ചിത്രങ്ങളൊന്നും തന്നെ വള്ളുവനാട്ടിൽ ചിത്രീകരിച്ചിട്ടില്ലെന്നതാണ് വാസ്തവം

എക്‌സന്റും അത്ഭുതത്തോടെയാണ് മലയാള സിനിമയുടെ ആണിക്കല്ലായ ചിത്രങ്ങളുടെ ഷൂട്ടിങ് സ്ഥലങ്ങൾ കാണുന്നതെന്നു തോന്നുന്നു. പൈങ്കുളത്തുള്ള പ്രശസ്തമായ വാഴാലിക്കാവ് ഭഗവതി ക്ഷേത്ര പരിസരത്തേക്കായിരുന്നു എക്‌സന്റിന്റെ അടുത്ത സഞ്ചാരം. ദുർഘടമായ പാതകളായിരുന്നുവെങ്കിലും എക്‌സന്റ് അനായാസമായി അവിടേയ്ക്ക് സഞ്ചരിച്ചു. കുണ്ടുംകുഴിയുമൊക്കെയുള്ള നിരത്തായിരുന്നുവെങ്കിലും വാഹനത്തിന്റെ മികച്ച സസ്‌പെൻഷനും തൊട്ടാൽ തിരിയുന്ന സുഭഗതയുള്ള സ്റ്റീയറിങ്ങും യാത്ര അനായാസകരമാക്കിത്തീർത്തു. ഒരുകാലത്ത് മോഹൻ ലാൽ ചിത്രങ്ങളുടെ സ്ഥിരം ലൊക്കേഷനായിരുന്നു വാഴാലിക്കാവും പരിസരങ്ങളും. വാഴാലിക്കാവിനു തൊട്ടുപിന്നിൽ വിശാലമായ വയലേലകളാണുള്ളത്. പുരാതനമായ ക്ഷേത്രത്തിന്റെ പരിസരത്ത് രണ്ട് വലിയ ആൽമരങ്ങളും നിലകൊള്ളുന്നു. എക്‌സന്റ് അതിമനോഹരമായ ആ പാടശേഖരങ്ങളുടെ പശ്ചാത്തലത്തിൽ ഒരു ചിത്രത്തിനു കൊതിക്കുകയാണെന്നു തോന്നി. ദേവാസുരം മുതലിങ്ങോട്ടുള്ള മോഹൻ ലാൽ ചിത്രങ്ങളിലെല്ലാം തന്നെ വാഴാലിക്കാവുണ്ട്. ഈ പുഴയും കടന്ന്, കുടമാറ്റം, സല്ലാപം എന്നിങ്ങനെ എത്രയോ സിനിമകൾക്കാണ് ഈ പശ്ചാത്തലം വേദിയായിട്ടുള്ളത്. പൈങ്കുളത്തെ മനോഹരമായ ഈ ക്ഷേത്ര പരിസരത്തു നിന്നും എക്‌സന്റിന് പച്ചനെൽപ്പാടങ്ങൾക്കിടയിലൂടെ വഴിയിലൂടെ ഒരു യാത്ര പോകണമെന്നു തോന്നി. ട്രാക്ടറുകൾക്ക് മാത്രം സഞ്ചരിക്കാനാകുന്ന ചെളി നിറഞ്ഞ വരമ്പിലൂടെ എങ്ങും പുതഞ്ഞുപോകാതെ എക്‌സന്റ് നീങ്ങിയപ്പോൾ തന്നെ വാഹനത്തിന്റെ അസാമാന്യശേഷികൾ ഞങ്ങൾക്ക് ബോധ്യപ്പെട്ടു.

_ALU6271

 

ആമി, ഒടിയൻ തുടങ്ങിയ സിനിമകളുടെ ലൊക്കേഷനായി മാറിയ പോഴത്തിൽ മന

വിനീത് ശ്രീനിവാസന്റെ പ്രഥമ സംവിധാന ദൗത്യമായ മലർവാടി ആർട്‌സ് ക്ലബിന്റെ ലൊക്കേഷനായ പാഞ്ഞാളിലേക്കായിരുന്നു അടുത്ത സഞ്ചാരം. മലർവാടി ക്ലബിന്റെ കെട്ടിടം ഇപ്പോഴും സിനിമയിലെന്ന പോലെ തന്നെ പാഞ്ഞാളിൽ നിലകൊള്ളുന്നുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒരു തയ്യൽക്കടയാണുള്ളത്. മുകളിലത്തെ നിലയിൽ അയ്യപ്പൻകാവ് ഉത്രവേല കമ്മിറ്റിയുടെ ഓഫീസും നന്ദന പന്തൽ വർക്‌സിന്റെ ഓഫീസുമാണുള്ളത്. അഞ്ചു സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന 2010ലെ ഈ സിനിമയിലൂടെയാണ് ഇന്ന് മലയാള സിനിമയിൽ സജീവസാന്നിധ്യമായി നിൽക്കുന്ന നിവിൻ പോളിയും അജു വർഗീസുമൊക്കെ പിറവിയെടുക്കുന്നത്. ഉത്തരമലബാറിലെ മനിശ്ശേരി ഗ്രാമമായാണ് സെൻട്രൽ പാഞ്ഞാളിനടുത്ത ഈ സ്ഥലം കാണിക്കുന്നത്. ഗ്രാമ്യജീവിതത്തിന്റെ നന്മകളെ തൊട്ടറിയിച്ച ചിത്രത്തിലെ രംഗങ്ങൾക്ക് പശ്ചാത്തലമായ ഇടങ്ങളിലും ഇന്നും ഗ്രാമ്യനിഷ്‌ക്കളങ്കത കളിയാടുന്നു. എക്‌സന്റ് മലർവാടി ആർട്‌സ് ക്ലബിന്റെ കെട്ടിടത്തിനു മുന്നിൽ അൽപനേരം ചെലവിട്ടശേഷം സിനിമാക്കഥകളിൽ മുഴുകി മുന്നോട്ടു നീങ്ങി.

_ALU6314 _ALU6296 _ALU6307

പോഴത്തിൽ മനയിലേക്ക് എത്തിയപ്പോഴേയ്ക്കും സന്ധ്യയായി തുടങ്ങിയിരുന്നു. ആമിയ്ക്കായി പല സെറ്റുകളും മനയോട് ചേർന്ന് ഇട്ടിരിക്കുകയാണിപ്പോൾ. മനയുടെ കാരണവർ പി എം നാരായണൻ ഞങ്ങളെ സ്വീകരിച്ചു.

പാഞ്ഞാളിൽ ഇതിനു തൊട്ടടുത്തു തന്നെയാണ് നിരവധി മലയാള ചിത്രങ്ങളിൽ ഇടംപിടിച്ച പാഞ്ഞാൾ ലക്ഷ്മീ നാരായണക്ഷേത്രം. പാഞ്ചാലരാജാവ് സ്ഥാപിച്ചതാണ് ചേലക്കര നിയമസഭാമണ്ഡലത്തിലുള്ള ഈ ക്ഷേത്രമെന്നാണ് കണക്കാക്കപ്പെടുന്നത്. പാണ്ഡവർ ആരാധനയ്ക്കുപയോഗിച്ചിരുന്ന പാർവള്ളിപ്പൂമാലയാണ് ഇന്നും ഈ ക്ഷേത്രത്തിൽ ആരാധനയ്ക്ക് ഉപയോഗിക്കുന്നത്. ഐതിഹ്യം എന്തു തന്നെയായും സർഗം, രജനീകാന്ത് ചിത്രമായ മുത്തു, നീലത്താമര തുടങ്ങിയ സിനിമകളിലൊക്കെ തന്നെയും ഈ പുരാതനക്ഷേത്രം കാണാനാകും. എക്‌സന്റ് ആ പുരാതനക്ഷേത്രത്തിനു മുന്നിലും പാരമ്പര്യത്തിന്റെ സംരക്ഷകനെപ്പോലെ നിലകൊണ്ടു. ഭാരതപ്പുഴയ്ക്ക് കുറെയുള്ള റെയിൽവേ പാലം കാണാത്ത ചിത്രങ്ങളൊന്നും തന്നെ വള്ളുവനാട്ടിൽ ചിത്രീകരിച്ചിട്ടില്ലെന്നതാണ് വാസ്തവം. മെലിഞ്ഞൊഴുകുന്ന ഭാരതപ്പുഴയ്ക്കരുകിൽ സിനിമാക്കാർ ഉപയോഗിക്കുന്ന പ്രധാന ഇടത്തേക്കായി പിന്നീട് എക്‌സന്റിന്റെ യാത്ര. പാലത്തിലൂടെ ട്രെയിൻ കടന്നുപോകാനായി എക്‌സന്റ് കാ്ത്തുനിന്നു. സിനിമാഫ്രെയിമിൽ തന്റെ കഥയും പറയാൻ ഏതു കാറാണ് ഇഷ്ടപ്പെടാത്തത്?

_ALU6125

മലർവാടി ക്ലബിന്റെ കെട്ടിടം ഇപ്പോഴും സിനിമയിലെന്ന പോലെ തന്നെ പാഞ്ഞാളിൽ നിലകൊള്ളുന്നുണ്ട്.

വരിയ്ക്കാശ്ശേരി മനയില്ലാതെ മലയാള സിനിമയുടെ ചരിത്രം പൂർണമാകില്ലെന്ന് നമുക്കറിയാം. ദേവാസുരം, ആറാം തമ്പുരാൻ, നരസിംഹം, മാടമ്പി, രാപ്പകൽ തുടങ്ങി നിരവധി സിനിമകളുടെ ചിത്രീകരണം നടന്ന ഇടമാണ് ഇവിടം. വലിയൊരു നാലുകെട്ടും പത്തായപ്പുരയും ഒരു കാവും ഒരു ക്ഷേത്രവും വിശാലമായ കുളവും കുളിപ്പുരയുമൊക്കെ ഉൾക്കൊള്ളുന്നതാണ് നാലര ഏക്കർ ഭൂമിയിൽ നിലകൊള്ളുന്ന ഈ മന. ഒറ്റപ്പാലത്തു നിന്നും വാണിയംകുളത്തേക്കുള്ള ഈ ദൂരം അതിവേഗമാണ് എക്‌സന്റ് താണ്ടിയത്. മൊബൈലിന്റെ ചാർജ് തീർന്നതിനാൽ ആ സമയത്ത് കാറിലെ മൊബൈൽ ചാർജിങ് പോർട്ട് ഞങ്ങൾ മാറിമാറി ഉപയോഗിച്ചു. ബോട്ടിൽ ഹോൾഡറുകളും സെൽഫോൺ വയ്ക്കാനുള്ള ഇടങ്ങളുമൊക്കെ ധാരാളമായുണ്ട് എക്‌സന്റിൽ.

_ALU6223 _ALU6237

വരിയ്ക്കാശ്ശേരി മന

മനയിലെ മൂന്നു നിലയുള്ള കൂറ്റൻ എടുപ്പ് പെരുന്തച്ചന്റെ കണക്കിലാണ് പണിതീർത്തെതന്നാണ് ഐതിഹ്യം. വരിയ്ക്കാശ്ശേരി മനയിൽ നിന്നും കേരള കലാമണ്ഡലത്തിന്റെ പഴയ കെട്ടിടത്തിലേക്കായിരുന്നു ഞങ്ങളുടെ സഞ്ചാരം. 1930ൽ വള്ളത്തോൾ നാരായണമേനോനും മണക്കുളം മുകുന്ദരാജയും ചേർന്നാണ് കേരളീയ കലകൾ അഭ്യസിപ്പിക്കാൻ ചെറുതുരുത്തിയിൽ ഈ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ഇന്നിപ്പോൾ ഒരു സർവകലാശാലയായി മാറിയ ഈ സ്ഥാപനത്തിന്റെ പഴയ കെട്ടിടത്തിൽ എത്രയോ പ്രൗഢമായ സിനിമകളാണ് ഒരുങ്ങിയിട്ടുള്ളത്.

_ALU6150

കേരള കലാമണ്ഡലത്തിന്റെ പഴയ കെട്ടിടത്തിനു മുന്നിൽ

അവിടെ നിന്നും ആമി, ഒടിയൻ തുടങ്ങിയ സിനിമകളുടെ ലൊക്കേഷനായി മാറിയ പോഴത്തിൽ മനയിലേക്ക് എത്തിയപ്പോഴേയ്ക്കും സന്ധ്യയായി തുടങ്ങിയിരുന്നു. ആമിയ്ക്കായി പല സെറ്റുകളും മനയോട് ചേർന്ന് ഇട്ടിരിക്കുകയാണിപ്പോൾ. മനയുടെ കാരണവർ പി എം നാരായണൻ ഞങ്ങളെ സ്വീകരിച്ചു. മനയ്ക്കുമുന്നിൽ എക്‌സന്റ് ചിത്രങ്ങൾക്കു പോസ്സ് ചെയ്യുമ്പോൾ അദ്ദേഹം ഞങ്ങളേയും കൊണ്ട് മന ചുറ്റിക്കാണിക്കുകയായിരുന്നു. നിലവിൽ 10,000 രൂപയാണ് ഒരു ദിവസത്തെ ചിത്രീകരണത്തിന് പോഴത്തിൽ മന ഈടാക്കുന്നത്. വാനപ്രസ്ഥത്തിൽ മോഹൻ ലാൽ കുളിച്ചിറങ്ങുന്ന കുളത്തിൽ സ്തീകളും പുരുഷന്മാർക്കുമായുള്ള പ്രത്യേക കുളിപ്പുരകൾ ഞങ്ങളെ ആശ്ചര്യപ്പെടുത്തി. ഒറ്റവെട്ടു കല്ലിൽ മുതലയുടേയും ആമയുടേയുമൊക്കെ രൂപങ്ങളും അവർ കൊത്തിയിരിക്കുന്നു…. കേരളീയ വാസ്തുവിദ്യയുടെ മികവും സൗന്ദര്യവും വിളിച്ചോതുന്നവയാണ് അവ. വെറുതെയല്ല, അവ നമ്മുടെ പാരമ്പര്യത്തെ പുനസൃഷ്ടിക്കുന്ന സിനിമകൾക്ക് ഇന്നും പശ്ചാത്തലമാകുന്നത്. തിരികെ കൊച്ചിയിലേക്ക് മടങ്ങുമ്പോഴും എക്‌സന്റിന്റേയും ഞങ്ങളുടേയും ഹൃദയത്തിൽ നിന്നും വള്ളുവനാട്ടിലെ ആ സുന്ദരദേശങ്ങൾ മാഞ്ഞിരുന്നില്ല$

 

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)