Published On: Sat, Aug 12th, 2017

സുധാകര വിജയം – ബൈജു എൻ നായർ

sudha

പണ്ട് ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് കോട്ടയംകാരുടെ സംസാരഭാഷയിൽ ‘കോപ്പ്’ എന്ന വാക്ക് കടന്നുകൂടിയത്. ജനിച്ചു വളർന്നത് കോട്ടയത്തായതിനാൽ ഞാനും ഇടയ്‌ക്കൊക്കെ ആ വാക്ക് ഉപയോഗിച്ചിരുന്നു. ഒരിക്കൽ വീട്ടിൽ വെച്ച് സംഭാഷണ മദ്ധ്യേ ‘കോപ്പ്’ എന്റെ വായിൽ നിന്നും വീണു. ഇതുകേട്ടു കൊണ്ടു വന്ന അച്ഛൻ അതിശക്തമായ ഭാഷയിൽ എന്നെ ശകാരിച്ചു. എന്തെങ്കിലും ഇഷ്ടപ്പെടാത്ത കാര്യം കണ്ടാൽ ‘എന്നാ കോപ്പാ’ എന്നു പറയുന്ന ചില കോട്ടയംകാരെ ഞാൻ അനുകരിച്ചെന്നേയുള്ളൂ എന്നു ഞാൻ വിശദീകരിച്ചെങ്കിലും അച്ഛൻ വഴങ്ങിയില്ല. അതൊരു മോശം വാക്കാണെന്നു ഞാൻ മനസ്സിലാക്കിയത് അച്ഛൻ വഴക്കു പറഞ്ഞപ്പോഴാണ്.
പിന്നെ ജീവിതത്തിലൊരിക്കലും ഞാനാ വാക്ക് ഉപയോഗിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ മന്ത്രി (!) മണി മൈക്കിനു മുന്നിൽ നിന്ന് പ്രസംഗിക്കുന്നതു ശ്രദ്ധയിൽ പെട്ടു. ‘അവനങ്ങനെ പറഞ്ഞാൽ എനിക്ക് കോപ്പാണ്’ എന്ന് അശ്ലീല ആംഗ്യപ്രയോഗത്തോടെയാണ് മണിയുടെ പ്രസംഗം.
നാലുവർഷം മുമ്പ് മരിച്ചുപോയ അച്ഛനെ ഞാനപ്പോൾ ഓർമ്മിച്ചു. അച്ഛൻ ജീവിച്ചിരുന്നെങ്കിൽ കോപ്പ് പ്രയോഗത്തിന്റെ പേരിൽ എന്നെ വഴക്കു പറഞ്ഞതോർത്ത് സങ്കടപ്പെടുമായിരുന്നോ? അറിയില്ല.
മന്ത്രി മണി സാക്ഷരകേരളത്തിന്റെ നട്ടെല്ലിന് ദൈവം തമ്പുരാൻ തന്ന ചവിട്ടാണ്. ഇത്രയും നിരക്ഷരനും സംസ്‌കാരശൂന്യ നുമായ ഒരു മന്ത്രി, എന്റെ അറിവിൽ, എന്റെ ജീവിതകാലത്ത് കേരളം ഭരിച്ചിട്ടില്ല. മന്ത്രി പോയിട്ട്, സെക്രട്ടറിയേറ്റിലെ തൂപ്പുകാരനാകാനുള്ള യോഗ്യത പോലും ആ ‘മാന്യ’നില്ല. എന്നാൽ മണിയെ ഒഴിച്ചുനിർത്തിയാൽ, ഉമ്മൻചാണ്ടിക്കാലത്തെ മന്ത്രിമാരെക്കാൾ ഭേദമാണ് ഇടതുമന്ത്രിസഭയിലുള്ളവർ. അക്കൂട്ടത്തിലെ ഏറ്റവും മിടുക്കനും ജനങ്ങളോടു പ്രതിബദ്ധതയുള്ളവനും തന്റെ വകുപ്പ് നന്നാക്കാൻ അക്ഷീണം പ്രവർത്തിക്കുന്നവനുമായ മന്ത്രി ജി. സുധാകരനാണെന്ന് ഉറപ്പാണ്. കൈയിട്ടു വാരി കോടികൾ സമ്പാദിക്കാവുന്ന വകുപ്പാണ് ഈ നിസ്വാർത്ഥ ജനസേവകന്റെ കൈയിൽ കിട്ടിയത്-പൊതുമരാമത്തു വകുപ്പ്. പക്ഷേ, ഒരു പൈസ പോലും കൈക്കൂലി വാങ്ങില്ലെന്നു മാത്രമല്ല, ആരൊക്കെ കൈക്കൂലി വാങ്ങുന്നുവെന്നുനോക്കി കണ്ണുചിമ്മാതെ ഇരിപ്പുമാണ് സുധാകരൻ.
ഇത്രകാലവും മന്ത്രി മുതൽ കരാറുകാരൻ വരെയുള്ള എല്ലാ തട്ടിലുള്ളവരും പണം വിഴുങ്ങി, ആറുമാസം കൊണ്ട് തകരുന്ന റോഡുകൾ നിർമ്മിക്കുന്ന വകുപ്പായിരുന്നു പൊതുമരാമത്ത്. എന്നാൽ സുധാകരൻ വന്നതോടെ റോഡിനോ പാലത്തിനോ തകരാറുണ്ടായാൽ കരാറുകാരനും അയാളെ സഹായിച്ച ഉദ്യോഗസ്ഥനുമൊക്കെ ഉത്തരം പറയേണ്ട അവസ്ഥയായി.
പമ്പാനദിക്കു കുറുകെ 2014ൽ നിർമ്മിച്ച കണമല പാലത്തിന്റെ സിമന്റ് പൊളിഞ്ഞപ്പോൾ കോൺട്രാക്ടർ കുടുക്കിലായത് ഒരു ഉദാഹരണം മാത്രം.
ആലപ്പുഴ ജില്ലയിൽ ഒരു സ്‌കൂളിന്റെ പുതിയ കെട്ടിടം പണി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എസ്റ്റിമേറ്റ് തുക കണ്ടപ്പോൾ ഉദ്ഘാടനം ചെയ്യാതെ, സ്‌കൂൾ അധികൃതർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടാണ് മടങ്ങിയത്!
റോഡുപണി നടക്കുന്ന സ്ഥലങ്ങളിൽ മിന്നൽ സന്ദർശനം നടത്തി ക്രമക്കേടുകൾ കണ്ട് പിടിക്കുന്ന രീതിയും സുധാകരനുണ്ട്. നിർമ്മാണ പ്രവർത്തനങ്ങളിൽ തെറ്റായ രീതി അവലംബിക്കുന്ന എഞ്ചിനീയർമാരെയും അവരുടെ പാർശ്വവർത്തികളായ കോൺട്രാക്ടർമാരെയും വെച്ചുപൊറുപ്പിക്കില്ലെന്ന് സുധാകരൻ തുറന്നടിച്ചിട്ടുമുണ്ട്.
എത്ര കോടി വേണമെങ്കിലും ഇരുചെവി അറിയാതെ സമ്പാദിക്കാവുന്ന സ്വർണ്ണം കായ്ക്കുന്ന മരമാണ് പൊതുമരാമത്ത് വകുപ്പ്. ആ സാദ്ധ്യത നിലനിൽക്കേ, ഒരു പൈസ പോലും മോഹിക്കാതെ ജനസേവനം നടത്തുന്ന സുധാകരൻ ഈ മന്ത്രിസഭയിലെ ഏറ്റവും തിളക്കമുള്ള മന്ത്രിയാണ്. അദ്ദേഹത്തിന് നന്മ വരട്ടെ എന്നാശംസിക്കുന്നു.
റിവേഴ്‌സ് ഗിയർ: മൂന്നാർ കൈയേറ്റം ഒഴിപ്പിക്കാൻ ശ്രമിച്ച ശ്രീറാം വെങ്കിട്ടരാമൻ എന്ന സബ്കളക്ടർക്ക് പ്രമോഷൻ നൽകി നാടുകടത്തിയ ‘പാവങ്ങളുടെ പടത്തലവൻ’ പിണറായി വിജയനെ കണ്ടുപഠിച്ച് വഷളനായി മാറരുത് എന്നൊരു അഭ്യർത്ഥനയുണ്ട് മന്ത്രി സുധാകരനോട്. കവിത എഴുതും എന്നൊരു ‘അസ്‌കിത’ മാത്രമേ ഇപ്പോൾ സുധാകരനുള്ളു.
സുധാകരൻ എന്തെഴുതിയാലും പ്രസിദ്ധീകരിക്കുന്ന കലാകൗമുദി വാരിക ഉള്ളിടത്തോളം കാലം അദ്ദേഹം കവിത എഴുത്തു തുടരുവാനാണ് സാദ്ധ്യത….

Photo Courtesy: Mathrubhumi news

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)