Published On: Sat, Jul 1st, 2017

മഴയത്ത് ബൈക്കോടിക്കാൻ പത്തു കൽപനകൾ

Share This
Tags

by: Jubin Jacob

മഴക്കാലം അത്ഭുതങ്ങളുടെ കാലമാണ്‌. ഇതുവരെ കാണാത്ത കാഴ്ചകളും അനുഭവങ്ങളുമെല്ലാം അപ്രതീക്ഷിതമായാണ്‌ മഴക്കാലത്ത് നമുക്കു ലഭിക്കുക. അപകടങ്ങളും ഇതുപോലെയാണ്‌, പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക്. മഴക്കാലത്ത് സുരക്ഷിതമായി ഇരുചക്രവാഹനങ്ങളോടിക്കാൻ ചില നിർദ്ദേശങ്ങൾ

1.റെയിൻ ഗിയർ ധരിക്കുക.

ബൈക്കും സ്കൂട്ടറും ഓടിക്കുന്നവർ മഴക്കാലത്ത് ഏറ്റവും അത്യാവശ്യമായി ചേയ്യേണ്ട കാര്യമാണ്‌ മികച്ച ഒരു റെയിൻ ഗിയർ സ്വന്തമാക്കുക എന്നത്. മഴ നനയാതിരിക്കാൻ മാത്രമല്ല, നെഞ്ച്, തൊണ്ട തുടങ്ങിയ ഭാഗങ്ങളിൽ കാറ്റടിച്ച് അസുഖങ്ങളുണ്ടാകാതിരിക്കാനുള്ള മുൻകരുതലും സ്വീകരിക്കേണ്ടതാണ്‌. പരമ്പരാഗതമായ റെയിൻ കോട്ടുകൾക്കു പകരം റെയിൻ ജാക്കറ്റും പാന്റ്സുമടങ്ങിയ സ്യൂട്ട് വളരെ ഗുണം ചെയ്യും. വലിയ റെയിൻകോട്ടുകൾ ധരിക്കുന്നതിനെക്കാൾ ചലനസ്വാതന്ത്ര്യവും ഇതിനാണുള്ളത്. സ്പോർട്ട്സ്റ്റോറുകളിലും മറ്റും റെയിൻ സ്യൂട്ടുകൾ ന്യായവിലയിൽ ലഭ്യമാണ്‌.

ഒരു കാരണവശാലും കുട പിടിച്ച് ബൈക്കോടിക്കാൻ ശ്രമിക്കരുത്, പിന്നിലിരിക്കുന്നയാളിനെ കുട നിവർക്കാൻ സമ്മതിക്കരുത്. ഇത്തരം വിഡ്ഢിത്തം കാണിച്ചവർക്ക് സ്വന്തം ജീവൻ വരെ നഷ്ടപ്പെട്ട ചരിത്രമേയുള്ളൂ. അടുത്തിടെയും ഒരു സ്കൂട്ടറിനു പിന്നിലിരുന്നു കുട നിവർത്തിയ വീട്ടമ്മ താഴെ വീണു മരിക്കുകയുണ്ടായി. റെയിൻ കോട്ടോ, റെയിൻ സ്യൂട്ടോ വാങ്ങുക, അതില്ലെങ്കിൽ മഴ മാറാൻ കാത്തുനിൽക്കുക എന്നതാണ്‌ ഏറ്റവും നല്ല മാർഗം.

 

2.ദൃശ്യമായിരിക്കുക

മഴയുടെ കാഠിന്യമനുസരിച്ച് മുന്നിൽ ദൃശ്യമായ വസ്തുക്കളുടെ വ്യക്തതയിലും വ്യതിയാനം അനുഭവപ്പെടാം. ഒരു കല്ലെറിഞ്ഞാൽ വീഴുന്നത്ര ദൂരത്തുള്ള കാര്യങ്ങൾ കാണാമെങ്കിൽ മാത്രമേ വാഹനം ഓടിക്കാവൂ. എങ്കിലും ശക്തമായ കാറ്റോ കോടമഞ്ഞോ ഉള്ളപ്പോൾ റോഡിന്റെ ഓരം ചേർത്ത് നിർത്തുന്നതാണ്‌ സുരക്ഷിതം. മറ്റൊന്ന് നിങ്ങളെ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കാണാവുന്ന തരത്തിൽ ബൈക്കോടിക്കുക. വലിയ വാഹനങ്ങളുടെ ബ്ളൈൻഡ് സ്പോട്ടിൽ നിന്നും മാറി അവർക്ക് ദൃശ്യമായ ഭാഗത്ത് നിലകൊള്ളുക. റെയിൻ സ്യൂട്ട് അല്ലെങ്കിൽ ജാക്കറ്റ് തെരഞ്ഞെടുക്കുമ്പോൾ ഇളം നിറമുള്ളവ തെരഞ്ഞെടുക്കുക. രാത്രിയിലും യാത്രചെയ്യുന്നവരാണെങ്കിൽ റിഫ്ളക്ടീവ് ബാൻഡ്, അല്ലെങ്കിൽ പാച്ച് ഉള്ള തരം റെയിൻ സ്യൂട്ട് അല്ലെങ്കിൽ വെസ്റ്റ് ധരിക്കുക. വാഹനത്തിലെ റിഫ്ളക്ടറുകൾ കേടുപാടുകളില്ലാതെ വൃത്തിയായിരിപ്പുണ്ടെന്ന് ഉറപ്പുവരുത്തുക

 

3.കണ്ണട/ഹെൽമെറ്റ് ധരിക്കുക

മഴയത്തല്ലെങ്കിൽ പോലും റൈഡ് ചെയ്യുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്ന് പറയേണ്ടതില്ലല്ലോ. ഫുൾ ഫേസ് ഹെൽമെറ്റുകൾക്ക് പൊതുവെ ഒരു ദോഷമുണ്ട്. മഴയിൽ അവയുടെ വൈസറിൽ നീരാവി വന്നു മൂടും. ഇതിനെ പ്രതിരോധിക്കാൻ കഴിവുള്ള ബ്രാൻഡ് ഹെൽമെറ്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്‌ അവ ധരിക്കുക. ഹാഫ് ഹെൽമെറ്റാണ്‌ നിങ്ങൾ ധരിക്കുന്നതെങ്കിൽ സുതാര്യമായ കണ്ണട അഥവാ ഗോഗ്‌ൾസ് ധരിക്കുക. പകൽസമയത്താണെങ്കിൽ പോലും മഴയുള്ളപ്പോൾ സൺഗ്ളാസ്സുകൾ ധരിക്കരുത്. എന്നാൽ മഞ്ഞനിറമുള്ള ഗ്ളാസ്സുകൾ കുറെക്കൂടി സഹായകമാണെന്നു പറയാം. നിങ്ങൾ കണ്ണട ധരിക്കുന്നയാളാണെങ്കിൽ വൈസറുള്ള ഹെൽമെറ്റിനുള്ളിൽ കണ്ണടയ്ക്ക് മൂടൽ അനുഭവപ്പെടാം, മിസ്റ്റ് ഫ്രീ ലെൻസുകൾ ഉപയോഗിക്കുക. വിദേശരാജ്യങ്ങളിൽ വൈസറിൽ മഴവെള്ളം പിടിക്കാതിരിക്കാനുള്ള കെമിക്കൽ സൊല്യൂഷൻ ലഭ്യമാണ്‌. ഇവിടെ അത്തരം ഉല്പന്നങ്ങൾ ലഭ്യമല്ലാത്തതിനാൽ മഴയ്ക്കു മുമ്പ് ഒരല്പം ഷാമ്പൂ ഉപയോഗിച്ച് വൈസർ കഴുകിയിട്ട് ഉണക്കിയെടുത്താൽ ഒരു പരിധിവരെ വെള്ളം പിടിക്കുന്നത് ഒഴിവാക്കാം.പൊട്ടിയതോ പോറലുള്ളതോ ആയ കണ്ണടകളോ വൈസറോ ഉപയോഗിക്കരുത്.

 

4.ടയറുകൾ ശ്രദ്ധിക്കുക

മഴക്കാലമാകുന്നതിനു മുമ്പു തന്നെ വാഹനത്തെ അതിനായി സജ്ജീകരിക്കേണ്ടതുണ്ട്. അതിലേറ്റവും പ്രധാനം ടയറുകളുടെ കാര്യമാണ്‌. ബൈക്കുകളുടെ കാര്യമെടുത്താൽ ടയറിന്റെ മധ്യഭാഗത്ത് ഒരു മൂന്നു മില്ലിമീറ്ററെങ്കിലും ആഴമുള്ള ട്രെഡില്ലെങ്കിൽ ആ ടയറുമായി മഴയിലിറങ്ങരുത്. കുറെ ദിവസത്തെ വെയിലിനു ശേഷം പെയ്യുന്ന മഴയിൽ ടയറുകളുടെ അവസ്ഥ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്‌. വഴിയിൽ മഴവില്ലിനു സമാനമായ നിറവിന്യാസം കണ്ടാൽ അവിടെ ഓയിൽ മയമുണ്ടെന്നു മനസ്സിലാക്കി സൂക്ഷിച്ചു പോകുക. വെള്ളവും ഓയിലും ചേർന്ന് തീർത്തും ലോലമായ ഒരു പാളി രൂപപ്പെടുകയും ടയറിന്‌ റോഡിൽ ഗ്രിപ്പ് ലഭിക്കാതെ വരികയും ചെയ്യുന്ന അവസ്ഥയിലാണ്‌ പലപ്പോഴും അപകടങ്ങളുണ്ടാവുന്നത്. ഈയവസ്ഥയിൽ ടയറിന്റെ ട്രെഡിന്‌ വേണ്ടത്ര ആഴമില്ലെങ്കിൽ നിങ്ങൾ അപകടം ക്ഷണിച്ചുവരുത്തുകയാണ്‌. കൃത്യമായ വായു മർദ്ദം സൂക്ഷിക്കുക എന്നതാണ്‌ ടയറുകൾക്കായി ചെയ്യേണ്ടുന്ന മറ്റൊരു പ്രധാന കാര്യം. ടയറിൽ വേണ്ടത്ര കാറ്റില്ലെങ്കിൽ വെള്ളത്തിലും മറ്റും ഇറങ്ങുമ്പോൾ റിമ്മിനും ടയറിനുമിടയിൽ വെള്ളം കയറാനുള്ള സാധ്യത വളരെക്കൂടുതലാണ്‌. സ്പോക്ക് വീലുള്ള ബൈക്കുകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

 

5. ബ്രേക്കുകൾ ശ്രദ്ധിക്കുക

ടയറുകൾ കഴിഞ്ഞാൽ ഏറ്റവുമധികം ശ്രദ്ധ കൊടുക്കേണ്ട ഭാഗമാണ്‌ ബ്രേക്ക്. പുതിയ ബൈക്കുകളിൽ ഭൂരിഭാഗത്തിനും മുന്നിൽ ഡിസ്ക് ബ്രേക്കാണ്‌, ചിലതിന്‌ പിന്നിലും ഡിസ്കാണ്‌. പ്രീമിയം ബൈക്കുകളിൽ പലതിനും എബിഎസ് സംവിധാനം വന്നു കഴിഞ്ഞു. എബിഎസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും മഴയിൽ ഓടിക്കുമ്പോൾ പിന്നിലെ ബ്രേക്കിനു കൂടുതൽ പ്രാധാന്യമുണ്ട്. ഫ്രണ്ട് ബ്രേക്കിന്റെ ഉപയോഗം വളരെ നിയന്ത്രിതമാകണം, നനവുള്ള റോഡിൽ ഫ്രണ്ട് വീൽ തെന്നിപ്പോകാൻ സാധ്യതയുള്ളതു കൊണ്ടാണ്‌ ഇങ്ങനെയൊരു മുൻകരുതൽ. മഴക്കാലത്ത് ഉപയോഗിക്കുന്നതിനു മുമ്പു തന്നെ ബ്രേക്ക് ലൈനർ/പാഡ് മാറുക, കേബിൾ/ഫ്ളൂയിഡ് മാറുക തുടങ്ങിയ ജോലികൾ ചെയ്ത് ബ്രേക്കിനെ കൃത്യതയുള്ളതാക്കിത്തീർക്കണം. ഡിസ്കിൽ പാടു വീണിട്ടുണ്ടെങ്കിൽ അത് പോളീഷ് ചെയ്യുന്നതും നല്ലതാണ്‌, ബ്രേക്ക് ഉടക്കാതിരിക്കാൻ അത് സഹായിക്കും.

 

6.ലൈറ്റുകൾ തെളിയണം

വാഹനത്തിന്റെ എല്ലാ ലൈറ്റുകളും ആഴ്ചയിലൊരിക്കലെങ്കിലും പരിശോധിക്കുന്നത് നല്ലതാണ്‌. മഴക്കാലത്ത് പ്രത്യേകിച്ചും. ഇൻഡിക്കേറ്ററുകളും ടെയ്‌ൽലാമ്പുമാണ്‌ മഴക്കാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ഫ്യൂസായിപ്പോയ ബൾബുകൾ മാറ്റിയിടണം, ഏതെങ്കിലും തരത്തിൽ ഇലക്ട്രിക്കൽ സർക്യൂട്ടിന്‌ ലീക്കുണ്ടോ എന്നും ശ്രദ്ധിക്കണം. ഇൻസുലേഷൻ പോയ വയറുകളിൽ വെള്ളം നനയുക കൂടി ചെയ്താൽ ലൈറ്റുകൾ കൃത്യമായി തെളിയില്ലെന്നു മാത്രമല്ല, ബാറ്ററിയുടെ ചാർജ്ജും പോകും. രാത്രിയിൽ മഴയുണ്ടെങ്കിൽ കഴിവതും റൈഡ് ഒഴിവാക്കുന്നതാണ്‌ നല്ലത്. പരിചയമുള്ള റോഡാണെങ്കിൽപോലും കരുതലോടെ മാത്രമേ രാത്രിയിൽ റൈഡ് പോകാവൂ. രാത്രിയിൽ മഴയുള്ളപ്പോൾ ഹെഡ്‌ലാമ്പിന്റെ ലോ ബീം മാത്രമുപയോഗിക്കുക. ശക്തമായി പെയ്യുന്ന മഴയാണെങ്കിൽ ഹൈ ബീം ഇടുമ്പോൾ പ്രകാശം മഴത്തുള്ളികളിൽ പ്രതിഫലിച്ച് വൈറ്റ്‌വോൾ പ്രതിഭാസമുണ്ടാവാം. ഫോഗ് ലാമ്പുകളോ ഓക്സിലറി ലാമ്പുകളോ ഉപയോഗിക്കുന്നെങ്കിൽ റോഡിന്റെ നേർക്കു മാത്രം അവയെ ക്രമീകരിക്കുക.

 

7.പോകുന്ന വഴിയെ അറിയുക

മുകളിൽ പറഞ്ഞതു പോലെ മഴക്കാലത്ത് പരിചയമുള്ള വഴികൾ മാത്രം തെരഞ്ഞെടുക്കുക. അറിയാത്ത വഴികളിൽ എവിടെയൊക്കെ എന്തൊക്കെ അപകടസാധ്യതയുണ്ടെന്ന് നമുക്കറിയാനാവില്ലല്ലോ. അതുപോലെ തന്നെ റോഡിൽ കുഴികൾക്കു മീതെ വെള്ളമുണ്ടെങ്കിൽ അതറിയാതെ അപകടത്തിൽപ്പെടാനുള്ള സാധ്യതകളും തള്ളിക്കളയരുത്. റോഡിന്റെ പ്രത്യേകതകളും പ്രകൃതവുമറിഞ്ഞ് മാത്രം വാഹനമോടിക്കുക. ചരൽ, ചെളി തുടങ്ങിയവയാണ്‌ മഴക്കാലത്ത് റോഡുകളിൽ കെണിയൊരുക്കുന്നത്. ഇവയുള്ള സ്ഥലങ്ങളിൽ സൂക്ഷ്മതയോടെ, ശ്രദ്ധാലുവായി വാഹനമോടിക്കുക. കഠിനമായ ബ്രേക്കിങ്ങ് ഉപയോഗം ഒഴിവാക്കുക.

 

8.വെള്ളത്തിലിറങ്ങുമ്പോൾ സൂക്ഷിക്കുക

മഴക്കാലയാത്രകളിൽ റോഡിൽ പലയിടത്തും വെള്ളക്കെട്ടുണ്ടാവും. വെള്ളം തെറിപ്പിച്ച് പാഞ്ഞു പോകുന്നത് രസകരമാണെങ്കിലും വെള്ളത്തിന്റെ ആഴമറിയാതെ അത്തരം സാഹസത്തിനു മുതിരാതിരിക്കുന്നതാണ്‌ നല്ലത്. മഴകാലത്തു നിങ്ങൾ പോകുന്ന വഴികളിൽ സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങൾ അറിഞ്ഞുവെക്കുന്നത് ഉപകാരപെടും. ആഴമുള്ള വെള്ളക്കെട്ടിൽ ബൈക്കുമായി ഇറങ്ങിയാൽ എക്സ്‌ഹോസ്റ്റ് പൈപ്പ് മുങ്ങാതെ ശ്രദ്ധിക്കുക. സ്കൂട്ടറുകളും സൈലൻസർ താഴ്ന്ന വാഹനങ്ങളും അബദ്ധവശാൽ വെള്ളത്തിലിറങ്ങി എക്സ്‌ഹോസ്റ്റ് പൈപ്പ് മുങ്ങുന്ന സാഹചര്യമുണ്ടായാൽ ത്രോട്ട്‌ൽ കുറയ്ക്കാതെ ഒരേനിലയിൽ നിർത്തുക. ക്ളച്ചിന്റെയും ബ്രേക്കിന്റെയും സഹയത്തോടെ വേഗത നിയന്ത്രിച്ച് വാഹനം വെള്ളത്തിൽ നിന്നും രക്ഷിച്ചെടുക്കുക. വെള്ളക്കെട്ടിൽ വെച്ച് എൻജിൻ ഓഫായി എക്സ്‌ഹോസ്റ്റിനുള്ളിൽ വെള്ളം കയറിയാൽ ഒരു കാരണവശാലും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. സാവകാശം വെള്ളമില്ലാത്ത ഒരിടത്തേക്ക് വാഹനം മാറ്റുക.

വെള്ളക്കെട്ടിൽ നിന്നും കയറുമ്പോൾ അല്പനേരം മൃദുവായി ബ്രേക്ക് ഉപയോഗിക്കുക, ഇങ്ങനെ ബ്രേക്ക് പാഡിലെ/ലൈനറിലെ വെള്ളം ഒഴിവാക്കിയെടുക്കാം.

9.അകലം പാലിക്കുക

മഴക്കാലത്തു സംഭവിക്കുന്ന അപകടങ്ങളിൽ നല്ലൊരു ഭാഗവും സംഭവിക്കുന്നത് മുമ്പിൽ പോകുന്ന വാഹനം പെട്ടെന്നു നിർത്തുമ്പോഴാണ്‌. കൃത്യമായ അകലം പാലിച്ചില്ലെങ്കിൽ അപകടം സംഭവിക്കാം. മഴയിൽ വലിയ വാഹനങ്ങളുടെ മറപറ്റി സഞ്ചരിക്കുന്നവർ വളരെ സുക്ഷിക്കണമെന്നു സാരം.

 

10.വാഹനത്തെ പരിചരിക്കുക

മഴക്കാലത്ത് മനുഷ്യർക്കെന്ന പോലെ തന്നെ വാഹനത്തിനും പരിചരണം ആവശ്യമാണ്‌. മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൂടാതെ തന്നെ വിവിധ കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ചെയിൻ കവറില്ലാത്ത വാഹനമാണെങ്കിൽ പ്രഷർ വാഷറോ ബ്രഷോ ഉപയോഗിച്ച് ചെയിൻ വൃത്തിയാക്കുകയും ചെയിൻ ലൂബ് ഉപയോഗിച്ച് അതിനെ ലൂബ്രിക്കേറ്റ് ചെയ്യുകയും വേണം. വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഗ്രീസ് പുരട്ടി ആ സാധ്യത ഒഴിവാക്കണം. തുരുമ്പു കയറാൻ സാധ്യതയുള്ളിടത്ത് ഓയിൽ പുരട്ടുന്നതും മഴക്കാലത്ത് നല്ലതാണ്‌. മഴയില്ലാത്തപ്പോൾ ഇവ നന്നായി കഴുകിക്കളയുകയും വേണം.

സീറ്റിൽ കീറലുകളില്ലെന്ന് ഉറപ്പുവരുത്തുകയോ, സീറ്റ് കവറിടുകയോ ചെയ്യുക. വാഹനത്തിന്റെ രേഖകൾ നനയാതെ സൂക്ഷിക്കാനുള്ള ക്രമീകരണങ്ങൾ വേണം.

 

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)